ദിഷ സാലിയൻ, ഡിനോ മോറിയ, ആദിത്യ താക്കറെ
ന്യൂഡൽഹി: നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ. ശിവസേന നേതാവ് ആദിത്യ താക്കറെ, ബോളിവുഡ് താരങ്ങളായ ഡിനോ മോറിയ, സൂരജ് പഞ്ച്ബോളി, റിയ ചക്രബർത്തി തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് എഫ്ഐആർ. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.
കൊലപാതകം, കൂട്ടബലാത്സംഗം, ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കേസ് അന്വേഷിക്കുന്നത്. കേസിൽ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും കേസ് ഒതുക്കിതീർക്കാൻ ഗൂഢാലോചന നടത്തിയതായും അന്വേഷണ രേഖകളും ഫയലുകളും തിരുത്താൻ പൊലിസിനെ ദുരുപയോഗം ചെയ്തതായും എഫ്ഐആറിൽ ആരോപിക്കുന്നു.
സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്ന മുംബൈ പൊലിസിന്റെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മുംബൈ പൊലിസിന്റെ അന്വേഷണത്തിൽ ഗുരുതരമായ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
2020 ജൂൺ എട്ടിനാണ് മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് വീണ് ദിഷ സാലിയൻ മരിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം ജൂൺ 14-ന് സുശാന്ത് സിംഗ് രാജ്പുതിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദിഷയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോഴത്തെ നടപടി.
Tags : SushantSinghRajput DishaSalian DinoMorea AadityaThackeray Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash