നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഈമാസം 17ന് വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിക്കാൻ ആഹ്വാനം നൽകി ബിജെപി.
പ്രധാനമന്ത്രിയുടെ ദീർഘായുസിനും നല്ല ആരോഗ്യത്തിനുമായി വൈകുന്നേരം ആറിനും ഏഴിനും ഇടയിൽ ‘ആശീർവാദ് കാ ദിയ’ (അനുഗ്രഹത്തിന്റെ ദീപം) തെളിക്കാനാണു പാർട്ടി പ്രവർത്തകരോടും പൊതുജനങ്ങളോടും ബിജെപി നേതൃത്വം അഭ്യർഥിച്ചിരിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും നരേന്ദ്ര മോദി പൊതുഭരണ രംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ജന്മദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ രാജ്യവ്യാപകമായി സംഘടിപ്പിക്കും.
ജനസേവനത്തിലൂടെ രാജ്യസേവനം എന്നതാണ് അദ്ദേഹത്തിന്റെ 25 വർഷത്തെ ഭരണയാത്രയുടെ മൂലമന്ത്രമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രചാരണം എന്നിവ സംഘടിപ്പിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പദയാത്രകളും ബൈക്ക് റാലികളും സംഘടിപ്പിച്ച് ‘വികസിത ഭാരതം @ 2047’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കും.
Tags : Lamps Homes ModiBirthday Sports