കൂച്ച് ബെഹാർ ജഗദീഷ് ചന്ദ്ര ബർമ ബസുനിയ
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ)യിൽ ചേർന്ന 20 ലോക്സഭാ എംപിമാരിൽ 17 പേർ ബിജെപിയിൽ ചേരുമെന്ന് കൂച്ച് ബെഹാർ ജഗദീഷ് ചന്ദ്ര ബർമ ബസുനിയ. ദുർഗാപൂജയ്ക്കുശേഷം എംപിമാർ ബിജെപിയിൽ ചേരുമെന്നാണ് ബസുനിയ അവകാശപ്പെട്ടത്.
അതേസമയം, ഇക്കാര്യത്തിൽ ബിജെപി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബംഗാൾ ഘടകം അധ്യക്ഷൻ സാമിക് ഭട്ടാചാര്യ പറഞ്ഞു. ബസുനിയ പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും പാർട്ടി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വിമത എംപി ശതാബ്ദി റോയി പറഞ്ഞു.
അബു താഹെർ ഖാൻ, ഖലിലൂർ റഹ്മാൻ, യൂസഫ് പഠാൻ എന്നീ എംപിമാരും ബസുനിയയെ തള്ളി. തങ്ങൾ ബിജെപിൽ ചേരില്ലെന്നും എൻഡിഎയുടെ ഭാഗമാകില്ലെന്നും അവർ പറഞ്ഞു.
“ഞങ്ങൾ 17 എംപിമാർ ബിജെപിയിൽ ചേരാൻ തീരുമാനിച്ചു. 20 പേരിൽ 17 പേർ ബിജെപിയിൽ ചേരുന്നതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയുണ്ടാകില്ല -ബസുനിയ പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന് 27 ലോക്സഭാംഗങ്ങളാണുള്ളത്. ഇവരിൽ 20 പേർ എൻസിപിഐയിൽ ചേർന്നു ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
തൃണമൂൽ വിട്ടവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മമത ബാനർജി പക്ഷം ലോക്സഭാ സ്പീക്കർക്കു പരാതി നല്കിയിട്ടുണ്ട്. ഇതുകൂടാതെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
Tags : NCPI Join BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash