പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ യൂണിറ്റിന് 30 രൂപ വരെ നൽകി എൻടിപിസിയിൽനിന്നും ഓപ്പണ് മാർക്കറ്റിൽനിന്നും വൈദ്യുതി വാങ്ങാനാൻ നീക്കം.
വായ്പ വഴിയുള്ള 200 മെഗാവാട്ട് ലഭിക്കാതെ വന്നതോടെ ഇന്നലെയും പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം ആറ് മുതൽ അർധരാത്രി 12.30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പീക്ക് സമയത്ത് ഏകദേശം 700-900 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്. പ്രതിസന്ധി മറികടക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമുൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിനു ശേഷമാണ് യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനുള്ള തീരുമാനം. രാത്രിയിലെ പീക്ക് സമയത്തെ ക്ഷാമം കുറയ്ക്കുകയാണ് ലക്ഷ്യം.
പ്രതിസന്ധി തുടരുന്നതിനിടെ ഇന്നു മുതൽ ഡിസംബർ വരെ കേന്ദ്രത്തിൽനിന്ന് അധികമായി 150 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന ഉറപ്പ് അല്പം ആശ്വാസം പകരുന്നതാണ്. എങ്കിലും 700 മുതൽ 900 മെഗാവാട്ട് വരെയുള്ള കുറവ് പരിഹരിക്കാൻ ഇതിലൂടെ മാത്രം കഴിയില്ല.
റിയൽ ടൈം മാർക്കറ്റിൽനിന്നുകൂടി വൈദ്യുതി എത്തിക്കാതെ പ്രതിസന്ധിക്കു പരിഹാരം കാണാൻ കഴിയില്ലെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്. അതിനിടെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് അധിക വൈദ്യുതി ലഭ്യമാക്കുന്നതിനും കെഎസ്ഇബി ശ്രമം ആരംഭിച്ചു.
അധിക വൈദ്യുതി എത്തിക്കാൻ കഴിയുന്നതോടെ നിയന്ത്രണം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം റിയൽടൈം മാർക്കറ്റിൽനിന്ന് 1,024 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കിയതിനെത്തുടർന്ന് അന്നത്തെ നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു.
എന്നാൽ, തുടർച്ചയായ ഉയർന്ന ആവശ്യകത കാരണം പ്രതിസന്ധി പൂർണമായി പരിഹരിക്കാൻ കെഎസ്ഇബിക്കു കഴിയുന്നില്ല. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം പീക്ക് സമയത്ത് 5,000 മെഗാവാട്ടിന് മുകളിലെത്തുന്നതാണ് പ്രധാന വെല്ലുവിളി.
Tags : PowerCrisis Keralam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash