ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: വിവാദ പ്രസ്താവനയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ. ചിലയാളുകൾ ഇസ്ലാമിനെ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നുവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. സ്ത്രീയെ എല്ലാ രംഗത്ത് നിന്നും ഇസ്ലാം തടഞ്ഞുവെന്നും പറഞ്ഞിട്ടില്ല. സ്ത്രീയുടെ സുരക്ഷയും മാന്യതയും പരിഗണിച്ചാണ് ഇസ്ലാം നിയമങ്ങൾ അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിവാദ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്നാണ് കാന്തപുരത്തിന്റെ നിലപാട്.
ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ല പണ്ഡിതൻമാർ മതവിധികൾ പറയുന്നത്. സമസ്ത ഇവിടെ പറഞ്ഞിട്ടുള്ള ഏത് കാര്യവും തികച്ചും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് മാത്രമാണ്. അതുകൊണ്ട് തന്നെ സമസ്ത പണ്ഡിതൻമാർക്ക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.
Tags : JifriMuthukkoyaThangal Samasta Kanthapuram NewsUpdate Headlines Deepika DeepikaNewspaper