കോട്ടയം എംഡി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് പരാതികള്‍ സ്വീകരിക്കുന്ന
കോട്ടയം: അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ സര്‍ക്കാര്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി എന്‍. ഷംസുദീന്‍.
എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ നിയമന അംഗീകാരം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്ത്-റിസോള്‍വിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എംഡി സെമനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ എയ്ഡഡ് മേഖല വഹിച്ച പങ്ക് നിര്‍ണായകമാണ്. എയ്ഡഡ് സ്കൂളുകളിലെ നിയമനത്തില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. കെ ടെറ്റ് വിഷയത്തില്‍ സ്പഷ്ടീകരണത്തിനായി സുപ്രീംകോടതിയെ സമീപിക്കും. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസപ്പെട്ട ഏകദേശം 1600 അധ്യാപകരുടെ പ്രശ്നം പരിഹരിച്ച് ഉത്തരവിറക്കും.
ജില്ലകളിലെ വിവിധ ഓഫിസുകളില്‍ പരിഹരിക്കാവുന്ന വിഷയങ്ങള്‍ തീരുമാനത്തിനായി വകുപ്പ് ആസ്ഥാനത്തേക്ക് അയയ്ക്കുന്നതുമൂലമുണ്ടാകുന്ന കാലാതമസം ഒഴിവാക്കപ്പെടണം. ഓരോ ഓഫിസുകള്‍ക്കും തീരുമാനമെടുക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ വ്യക്തമാക്കി പ്രത്യേക മാനുവല്‍ പ്രസിദ്ധീകരിക്കും. പരാതിപരിഹാരം കാര്യക്ഷമമാക്കുന്നതിനായി നിര്‍മിതബുദ്ധിയുടെ സഹായത്തോടെയുള്ള പ്രത്യേക സംവിധാനം വകുപ്പില്‍ ഏര്‍പ്പെടുത്തും. പരാതി ലഭിച്ചാല്‍ പരമാവധി ആറു മാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി "കൂടെ' എന്ന പദ്ധതിക്കു വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞശേഷവും ചില കുട്ടികള്‍ക്ക് യോഗ്യതയ്ക്കൊത്ത മികവില്ലാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി നാല്, ഏഴ് ക്ലാസുകളില്‍ ഇത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കും. ഇതിനായി താരാപഥം എന്ന പേരില്‍ ഒരു പരിപാടി നടപ്പാക്കും.
സ്കൂളുകളിലെ കായിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. കൂടുതല്‍ വിദ്യാലയങ്ങളില്‍ കായികാധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിച്ചിറങ്ങുന്ന കുട്ടികളില്‍ തൊഴില്‍ പ്രാവീണ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴ്സുകള്‍ പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, അഡീഷണല്‍ ഡയറക്ടര്‍ ആര്.എസ്. ഷിബു എന്നിവര്‍ പ്രസംഗിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലാ അദാലത്താണ് കോട്ടയത്തു നടന്നത്.
Tags : NShamsuddeen Resolution Teacher Appointment Complaints Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash