പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും എത്തുന്ന പൊതു ജനങ്ങള്‍ക്ക് ചെരുപ്പിട്ട് ഓഫിസിനുള്ളിലോ ഉദ്യോഗസ്ഥന്റെ കാബിനിലോ പ്രവേശിക്കാമോ?, പൊതു ജനങ്ങള്‍ അപേക്ഷകളും പരാതികളും സമര്‍പ്പിക്കുമ്പോള്‍ പ്രത്യേക നിറത്തിലുള്ള മഷി തന്നെ ഉപയോഗിക്കണമെന്ന നിബന്ധനയുണ്ടോ?..... സര്‍ക്കാര്‍ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ഇത്തരം അസാധാരണമായ പല വശങ്ങളും പരിശോധിക്കുന്ന തിരക്കിലാണ് കേരളത്തിലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മറ്റു വകുപ്പുകള്‍ക്കു നല്കിയ സര്‍ക്കുലറില്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്കു പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍, പരാതികള്‍, നിവേദനങ്ങള്‍, മറ്റ് രേഖകള്‍ എന്നിവയില്‍ ഉപയോഗിക്കേണ്ട മഷിയുടെ നിറം സംബന്ധിച്ച് എന്തെങ്കിലും സര്‍ക്കാര്‍ ഉത്തരവുകളോ നിര്‍ദേശങ്ങളോ നിലവിലുണ്ടോ എന്നാണ് ചോദ്യം ഉന്നയിച്ചത്. ഇതിനു പിന്നാലെ പൊതുജനങ്ങള്‍ ചെരുപ്പിട്ട് സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളോ സര്‍ക്കുലറുകളോ ഉണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് വിചിത്രമായ ചോദ്യങ്ങളുമായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മറ്റു വകുപ്പുകളെ സമീപിച്ചതും നിയമങ്ങളും ചട്ടങ്ങളും ഇഴകീറി പരിശോധിക്കുന്നതെന്നുമാണ് വകുപ്പിന്റെ വിശദീകരണം. "ചെരുപ്പിട്ട് പ്രവേശിക്കാന്‍ അനുവാദമില്ല’ എന്ന് ഏതെങ്കിലും സര്‍ക്കാര്‍ ഓഫിസോ സ്ഥാപനമോ ബോര്‍ഡ് സ്ഥാപിച്ചാല്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ച ഉത്തരവുകളോ സര്‍ക്കുലറുകളോ നിലവിലുണ്ടോ എന്നും വകുപ്പ് ആരാഞ്ഞിട്ടുണ്ട്. അടിയന്തരമായി അറിയിക്കണമെന്നാണ് നിര്‍ദേശം.
അതിനിടെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ചോദ്യങ്ങളില്‍ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു അന്വേഷണം വരുമ്പോള്‍, കൃത്യവും വ്യക്തവുമായ മറുപടി നല്‍കേണ്ടതുണ്ട്. ഉത്തരവോ ചട്ടമോ നിലവിലുണ്ടോ എന്ന് കണ്ടെത്താന്‍ പഴയ ഫയലുകള്‍ പരിശോധിക്കേണ്ടതുണ്ട്.
ഇല്ലെങ്കില്‍, അക്കാര്യവും സ്ഥിരീകരിക്കേണ്ടതുണ്ട്. തത്ഫലമായി, സര്‍ക്കാരിന്റെ യഥാര്‍ഥ പ്രവര്‍ത്തനവുമായി വലിയ ബന്ധമില്ലാത്ത വിഷയങ്ങള്‍ക്ക് പിന്നാലെ പോകുന്നതിനായി ഉദ്യോഗസ്ഥരുടെ വിലപ്പെട്ട പല മണിക്കൂറുകളും ചെലവഴിക്കേണ്ടി വരുന്നുവെന്നും ധനവകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.
Tags : GovernmentOffice Administrative DepartmentCircular Reforms WearingFootwear Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash