ടേബിള്‍ ടെന്നീസ് ടൂർണമെന്റിൽ വിജയികളായവർ.
കൊച്ചി: രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കെ.പി. ഹോര്‍മിസ് മെമ്മോറിയല്‍ ഓള് കേരള പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പാലക്കാടിന്റെ എന്‍.കെ. ഹര്‍ഷിതയ്ക്ക് ഇരട്ടക്കിരീടം. അണ്ടര്‍17, അണ്ടര്‍19 വിഭാഗങ്ങളിലാണ് ഹര്‍ഷിത കിരീടം ചൂടിയത്.
അണ്ടര്‍ 17 ഫൈനലില്‍ ആലപ്പുഴയുടെ എസ്. സച്ചിദേവിനെ 11-7, 11-7, 11- 8 എന്ന സ്കോറിനും അണ്ടര്‍ 19 ഫൈനലില്‍ ഹര്‍ഷിത കൊല്ലത്തിന്റെ എഡ്വിന എഡ്വേഡിനെ 11- 8, 11- 9, 11- 6നുമാണ് ഹർഷിത പരാജയപ്പെടുത്തിയത്.
അണ്ടര്‍ 17 ബോയ്സ് സിംഗിള്‍സില്‍ തിരുവനന്തപുരത്തിന്റെ ദേവപ്രയാഗ് ശാരിക ശ്രീജിത്ത് ജേതാവായി. ഫൈനലില്‍ എറണാകുളത്തിന്റെ നവനീത് വര്‍മയെ 11- 4, 11- 5, 11- 9 എന്ന ക്രമത്തിൽ തോല്‍പ്പിച്ചു. അണ്ടര്‍ 19 ബോയ്സ് സിംഗിള്‍സില്‍ പാലക്കാടിന്റെ എ. ഗൗരിശങ്കര്‍ ചാമ്പ്യനായി. ഫൈനലില്‍ ആലപ്പുഴയുടെ റോഹന്‍ ജോസിനെ 12- 10, 9- 11, 11- 8, 10- 12, 11- 9 എന്ന സ്കോറിനു പരാജയപ്പെടുത്തി.
വനിതാ സിംഗിള്‍സില്‍ ആലപ്പുഴയുടെ മരിയ റോണി കിരീടം ചൂടി. ഫൈനലില്‍ തൃശൂരിന്റെ ടിയ എസ്. മുണ്ടന്കുരിയനെ 11- 8, 11- 6, 11- 13, 11- 6ന് തോല്‍പ്പിച്ചു.
പുരുഷ സിംഗിള്‍സില്‍ തൃശൂരിന്റെ ജേക്ക് ആന്‍സല്‍ ജോണ്‍ ചാമ്പ്യനായി. ഫൈനലിൽ ആലപ്പുഴയുടെ അമീര്‍ അഫ്താബ് ഷംസുദ്ദീനെ 11- 6, 5- 11, 10- 12, 11- 8, 12- 10 എന്ന സ്കോറിനാണു ജേക്ക് പരാജയപ്പെടുത്തിയത്.
വനിതാ ഡബിള്‍സില്‍ ആലപ്പുഴയുടെ മരിയ റോണി- റീവ അന്ന മൈക്കിള്‍ സഖ്യം പാലക്കാടിന്റെ എഫ്. ഫരീബ - ഡി.പി. നിവേദ്യ സഖ്യത്തെ 13- 11, 11- 4ന് തോല്‍പ്പിച്ച് കിരീടം നേടി.
പുരുഷ ഡബിള്‍സില്‍ ആലപ്പുഴയുടെ എ. മുഹമ്മദ് നഫീല്‍- അമീര്‍ അഫ്താബ് ഷംസുദ്ദീന് സഖ്യം തിരുവനന്തപുരത്തിന്റെ രഞ്ജിത് ബെന്നി- സെന്തില്‍ കുമാര്‍ സഖ്യത്തെ 11- 6, 14-12ന് കീഴടക്കി.
Tags : KPHormis Memorial TableTennis Sports