പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: "ഓപ്പറേഷന് സിന്ദൂര്‍' വേളയില്‍ പാക്കിസ്ഥാനിലെ വ്യോമത്താവളങ്ങള്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം. യുദ്ധവിമാനങ്ങളിലെ മിസൈലുകളും ലോയിറ്ററിംഗ് മ്യൂണിഷന്‍സും സംയോജിപ്പിച്ചുകൊണ്ട്, ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന്റെ ആറ് റഡാറുകളെയും രണ്ട് സര്‍ഫസ്-ടു-എയര്‍ ഗൈഡഡ് വെപ്പണ്‍ കേന്ദ്രങ്ങളെയും തകര്‍ത്തുവെന്നും പ്രതിരോധ മന്ത്രാലയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ വ്യോമസേന മേയ് പത്തിനു നടത്തിയ ആക്രമണത്തില്‍ പാക് വ്യോമത്താവളമായ ജേക്കോബാബാദിലുള്ള ഷഹ്ബാസ് കേന്ദ്രത്തിലെ കെട്ടിടങ്ങള്‍ തകര്‍ക്കുകയും അവിടെയുണ്ടായിരുന്ന എഫ്-16 യുദ്ധവിമാനങ്ങള്‍, ഒരു എയര്‍ബോണ്‍ ഏര്‍ളി വാണിംഗ് ആന്‍ഡ് കണ്ട്രോള് യുദ്ധവിമാനങ്ങള്‍, അകിന്‍സി, ടിബി-2 വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ എന്നിവയ്ക്കു നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഈ ആക്രമണത്തില്‍ പാക് വ്യോമസേന സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പാക് വ്യോമ താവളങ്ങളായ സര്‍ഗോധ, റഹീം യാര് ഖാന് എന്നിവിടങ്ങളിലെ റണ്‍വേകള്‍ക്കും നാശമുണ്ടായി. പാക് വ്യോമസേനയുടെ എയര്‍ ഡിഫന്‍സ് കമാന്‍ഡിന്റെ ആസ്ഥാനമായ ചക്ലാലയിലെയും മുരീദിലെയും കമാന്‍ഡ് സെന്ററുകളും തകര്‍ക്കപ്പെട്ടു.
ആക്രമണത്തിനിടെ പാക്കിസ്ഥാന് വ്യോമാതിര്‍ത്തി തുറന്നിടുകയും യാത്രാവിമാനങ്ങളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്തിരുന്നുവെങ്കിലും, അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് ഇന്ത്യന്‍ സേന യാതൊരു ഭീഷണിയും സൃഷ്ടിക്കില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.
മികച്ച പരിശീലനം ലഭിച്ച വ്യോമസേനയുടെ കീഴിലുള്ള വ്യോമപ്രതിരോധ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് ശൃംഖലയായ ഐഎസിസിഎസിന്റെ ഓപ്പറേറ്റര്‍മാര്‍ ലക്ഷ്യങ്ങളെ കൃത്യമായി തിരിച്ചറിയുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.
ഓപ്പറേഷന് സിന്ദൂറിനിടെയുള്ള ഐഎസിസിഎസിന്റെ മികച്ച ഇടപെടലുകളില്‍ ഒന്നായിരുന്നു എസ്-400 വ്യോമ പ്രതിരോധ യൂണിറ്റ് ഉപയോഗിച്ച് 314 കിലോമീറ്റര്‍ അകലെനിന്ന് ഒരു പാക് ദൗത്യവിമാനം നശിപ്പിച്ചത്.
Tags : OperationSindoor India Confirms Attacks PakistaniAirbases Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash