ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിൽനിന്നെടുത്ത ദൃശ്യങ്ങളിൽനിന്ന്
ടൂണിസ്: ഇസ്താംബുളിൽ നിന്നു ടുനീഷ്യയിലേക്ക് പുറപ്പെട്ട ടർക്കിഷ് എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ടു. ടുനീഷ്യൻ തലസ്ഥാനമായ ടുനീസിലെ കാർത്തേജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുന്നതിനെ വിമാനം വായുവിൽ കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങുകയായിരുന്നു.
യാത്രയ്ക്കിടെ ഉണ്ടായ അനുഭവങ്ങൾ മറീന മൈസ്കായ എന്ന യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ലാൻഡിംഗിനായി വിമാനം വട്ടമിട്ട് പറക്കുന്നതും മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ശക്തമായി കുലുങ്ങുന്നതും മറീന പങ്കുവച്ച വീഡിയോയിൽ വ്യക്തമാണ്. "നമ്മൾ മരിക്കാൻ പോകുന്നു, നമ്മൾ മരിക്കാൻ പോകുന്നു" എന്ന് നിലവിളിക്കുന്ന യാത്രക്കാരെയും ദൃശ്യങ്ങളിൽ കാണാം.
ലാൻഡിംഗിനായി പൈലറ്റ് കൊടുങ്കാറ്റിലൂടെ മൂന്ന് തവണയാണ് വിമാനം താഴെയിറക്കാൻ ശ്രമിച്ചത്. മൂന്നാം തവണ ശ്രമിച്ചപ്പോൾ വിമാനം നിയന്ത്രണംവിട്ട് കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങി. നാലാം തവണയും കാറ്റിലൂടെ വിമാനം ഇറക്കാൻ ശ്രമിക്കുമെന്ന് കരുതി തങ്ങളെ മറ്റൊരു വിമാനത്താവളത്തിൽ എത്തിക്കാൻ യാത്രക്കാർ തന്നെ ആവശ്യപ്പെട്ടു.
ടൂണിസ് വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാതെ വന്നതോടെ ടൂണിസിന് 60 മൈൽ തെക്കുള്ള എൻഫിധ-ഹമ്മാമെറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി.
Tags : Deepika BreakingNews Airlines Turbulence