നിര്‍മാണമേഖല
ചങ്ങനാശേരി: തമിഴ്നാട്ടില്‍നിന്നു ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ പുറത്തേക്കു കടത്തുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയ തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് കേരളത്തിലെ നിര്‍മാണ മേഖലയ്ക്കു കനത്ത തിരിച്ചടിയാകുന്നു.
മൂവായിരത്തിലധികം കരിങ്കല്‍ ക്വാറികളുണ്ടായിരുന്ന സംസ്ഥാനത്തിപ്പോള്‍ മുന്നൂറില്‍ താഴെ ക്വാറികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇത്രയും ക്വാറികളില്‍നിന്നു ലഭിക്കുന്ന പാറക്കല്ല് കേരളത്തിലെ നിര്‍മാണത്തിനു തികയുന്നില്ലെന്നാണ് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
ബാക്കി അയല്‍ സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുകയായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ക്വാറി ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിച്ചത് കേരളത്തിനു വലിയ പ്രതിസന്ധിയായിരിക്കുകയാണ്. തമിഴ്നാട്ടില്‍നിന്നുള്ള കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്.
നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത് ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ സുഗമമായി കേരളത്തിലെത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഈ ഉത്പന്നങ്ങളുടെ ക്ഷാമവും വിലക്കയറ്റവും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.
Tags : Restrictions crusher Tamil Nadu Crisis construction Kerala quarry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews