x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11
APR
2026

സ​ഭ​യ്ക്കി​ല്ല ഹിം​സ​യു​ടെ കു​പ്പി​ണി​പ്പ​ട്ടാ​ളം, പ​ക്ഷേ...

Editorial Audio


Published: April 11, 2026 12:00 AM IST | Updated: April 10, 2026 10:48 PM IST

“ലോ​ക​ത്തി​ൽ എ​ന്തും ചെ​യ്യാ​നു​ള്ള സൈ​നി​ക​ശേ​ഷി അ​മേ​രി​ക്ക​യ്ക്കു​ണ്ട്. അ​തു​കൊ​ണ്ട്, യു​ദ്ധ​കാ​ര്യ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്കാ സ​ഭ അ​മേ​രി​ക്ക​യു​ടെ പ​ക്ഷം പി​ടി​ക്കു​ന്ന​താ​ണു ന​ല്ല​ത്.” ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ അ​മേ​രി​ക്ക​യി​ലെ അ​ന്ന​ത്തെ അ​പ്പ​സ്തോ​ലി​ക നു​ൺ​ഷ്യോ ക​ർ​ദി​നാ​ൾ ക്രി​സ്റ്റ​ഫ് പി​യ​റി​യെ യു​എ​സ് പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ണി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി അ​മേ​രി​ക്ക​ൻ യു​ദ്ധ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൽ​ബ്രി​ഡ്ജ് കോ​ൾ​ബി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നി​ട്ടോ?

വി​ശു​ദ്ധ വാ​ര​ത്തി​ൽ കൂ​ടു​ത​ൽ മൂ​ർ​ച്ച​യോ​ടെ മാ​ർ​പാ​പ്പ ആ​ഞ്ഞ​ടി​ച്ചു: “യു​ദ്ധം ഒ​രു ഫാ​ഷ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ മ​ത​ത്തെ ഉ​പ​യോ​ഗി​ക്ക​രു​ത്. യു​ദ്ധ​ക്കൊ​തി​യ​ന്മാ​രു​ടെ പ്രാ​ർ​ഥ​ന ദൈ​വം കേ​ൾ​ക്കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, നി​ങ്ങ​ളു​ടെ കൈ​ക​ൾ ര​ക്തം പു​ര​ണ്ട​താ​ണെ​ന്ന് അ​വ​ൻ പ​റ​യു​ക​യും ചെ​യ്യും.” ഇ​താ​ണ് ഏ​കാ​ധി​പ​തി​ക​ൾ​ക്കും ജ​നാ​ധി​പ​ത്യ പ്ര​ച്ഛ​ന്ന​വേ​ഷ​ക്കാ​രാ​യ ഏ​കാ​ധി​പ​തി​ക​ൾ​ക്കു​മു​ള്ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മ​റു​പ​ടി. ആ​ഗോ​ള തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും ഏ​കാ​ധി​പ​ത്യ​ങ്ങ​ളു​ടെ​യും ക്രൂ​ര​ത​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ണ്. പ​ക്ഷേ, അ​തി​നെ​തി​രേ​യു​ള്ള ചെ​റു​ത്തു​നി​ൽ​പ്പ് എ​ന്ത​ക്ര​മ​ത്തി​നു​മു​ള്ള ബ്ലാ​ങ്ക് ചെ​ക്ക​ല്ല. ഭീ​ഷ​ണി, യു​ദ്ധ​ക്കൊ​തി​യ​നാ​യ ട്രം​പി​ന്‍റേ​താ​യാ​ലും വ​ർ​ഗീ​യ​ത​യു​ടെ ഏ​ജ​ന്‍റു​മാ​രാ​യ കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക രാ​ഷ്‌​ട്രീ​യ ക​വ​ല​ച്ച​ട്ട​ന്പി​ക​ളാ​യാ​ലും മ​റ​ക്ക​രു​ത്.

അ​മേ​രി​ക്ക​യു​ടെ യു​ദ്ധ​ത്തെ മാ​ത്ര​മ​ല്ല, എ​ല്ലാ യു​ദ്ധ​ങ്ങ​ളെ​യും മാ​ർ​പാ​പ്പ അ​പ​ല​പി​ക്കു​ന്നു​ണ്ട്. എ​ൽ​ബ്രി​ഡ്ജ് കോ​ൾ​ബി ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് സം​സാ​രി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ‘അ​വി​ഞ്ഞോ​ണി​ലെ പാ​പ്പാ​വാ​ഴ്ച’ സാ​ഹ​ച​ര്യം അ​ദ്ദേ​ഹം ക​ർ​ദി​നാ​ളി​നെ ഓ​ർ​മി​പ്പി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ്. പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ലെ പ്ര​തി​കൂ​ല രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് 67 വ​ർ​ഷം മാ​ർ​പാ​പ്പ​മാ​ര്‍​ക്ക് വ​ത്തി​ക്കാ​നി​ൽ​നി​ന്ന് ഫ്രാ​ൻ​സി​ലെ അ​വി​ഞ്ഞോ​ണി​ലേ​ക്ക് ആ​സ്ഥാ​നം മാ​റ്റേ​ണ്ടി​വ​ന്നി​രു​ന്നു.

ആ ​ഓ​ർ​മ​പ്പെ​ടു​ത്ത​ൽ വ​ത്തി​ക്കാ​നെ​തി​രേ​യു​ള്ള സൈ​നി​ക​ഭീ​ഷ​ണി​യാ​യി ലോ​കം വി​ല​യി​രു​ത്തു​ന്നു. മാ​ർ​പാ​പ്പ​യു​ടെ പ്ര​സം​ഗ​ത്തി​ലെ ഓ​രോ വ​രി​യു​മെ​ടു​ത്ത് അ​മേ​രി​ക്ക​യ്ക്കെ​തി​രേ​യു​ള്ള വി​മ​ർ​ശ​ന​മാ​ണെ​ന്നു പെ​ന്‍റ​ഗ​ൺ വി​മ​ർ​ശി​ച്ചു. സ്വ​ന്തം ദു​ഷ്കൃ​ത്യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ ദേ​ശ​ദ്രോ​ഹി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന കു​ത​ന്ത്ര​ത്തി​ന്‍റെ അ​മേ​രി​ക്ക​ൻ പ​തി​പ്പ്! ജ​നു​വ​രി​യി​ലെ ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​മേ​രി​ക്ക​യു​ടെ 250-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് ന​ൽ​കി​യ ക്ഷ​ണം മാ​ർ​പാ​പ്പ നി​ര​സി​ച്ചെ​ന്നു മാ​ത്ര​മ​ല്ല, യു​ദ്ധ​വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ൾ മൂ​ർ​ച്ച​യു​ള്ള​താ​ക്കു​ക​യും ചെ​യ്തു. ആ​രെ​ങ്കി​ലും വേ​ണ്ടേ അ​ധ​ർ​മ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ!

1943 ഡി​സം​ബ​ർ 27ലെ ​ടൈം മാ​ഗ​സി​നി​ൽ വ​ന്ന ഒ​രു വാ​ർ​ത്ത​യെ​ക്കു​റി​ച്ചു​കൂ​ടി പ​റ​യാം. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് 11-ാം പീ​യൂ​സ് മാ​ർ​പാ​പ്പ ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ​ത്തെ എ​തി​ർ​ക്കു​ക​യും ഇ​രു​ന്പു​മ​റ​യി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​ർ​ക്കു​വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തു​ക​യും ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ചു ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന വി​ൻ​സ്റ്റ​ൺ ച​ർ​ച്ചി​ൽ, സോ​വി​യ​റ്റ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജോ​സ​ഫ് സ്റ്റാ​ലി​നോ​ട്, കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ൽ വ​ത്തി​ക്കാ​നു​ള്ള സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ടെ ചോ​ദി​ച്ചു: “ചി​ല തീ​രു​മാ​ന​ങ്ങ​ളൊ​ക്കെ എ​ടു​ക്കു​ന്പോ​ൾ മാ​ർ​പാ​പ്പ​യെ പ​രി​ഗ​ണി​ക്കു​ന്ന​തി​നു സാ​ധ്യ​ത​യു​ണ്ടോ?” സ്റ്റാ​ലി​ന്‍റെ മ​റു​പ​ടി: “അ​തി​ന് പോ​പ്പി​ന് എ​ത്ര കു​പ്പി​ണി (ദ​ളം) പ​ട്ടാ​ള​മു​ണ്ട്?” ത​നി​ക്ക് അ​ധി​കാ​ര​വും സ​ന്പ​ത്തും സൈ​ന്യ​വു​മു​ണ്ട്, ശ​ബ്ദി​ക്ക​രു​ത് എ​ന്നാ​ണ് അ​ർ​ഥം. ഏ​കാ​ധി​പ​തി​ക​ൾ ക​മ്യൂ​ണി​സ്റ്റാ​യാ​ലും ഫാ​സി​സ്റ്റാ​യാ​ലും നാ​സി​യാ​യാ​ലും വ​ർ​ഗീ​യ​വാ​ദി​ക​ളാ​യാ​ലും കേ​ര​ള​ത്തി​ലെ രാ​ഷ്‌​ട്രീ​യ ഭി​ക്ഷാം​ദേ​ഹി​ക​ളാ​യാ​ലും ഇ​തേ ചോ​ദ്യ​മാ​ണ് ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ, അ​ടി​ച്ച​മ​ർ​ത്ത​ൽ, അ​തി​നാ​വ​ശ്യ​മാ​യ നി​യ​മ​ങ്ങ​ൾ.... തു​ട​ങ്ങി​യ​വ​യൊ​ക്കെ ആ​വ​ർ​ത്തി​ക്കു​ന്പോ​ൾ അ​ത് ബാ​ധി​ക്കു​ന്ന​വ​ർ മി​ണ്ടാ​തി​രു​ന്നോ​ള​ണം.

പാ​ർ​ല​മെ​ന്‍റി​ൽ​പോ​ലും ച​ർ​ച്ച ചെ​യ്യി​ല്ല. അ​തി​നു പ​ക​രം അ​തു ഞ​ങ്ങ​ള​ങ്ങു ന​ട​പ്പാ​ക്കും, നി​ങ്ങ​ളാ​രാ ചോ​ദി​ക്കാ​ൻ, നി​ങ്ങ​ൾ എ​ത്ര പേ​രു​ണ്ട്, ചെ​റി​യ ശ​ത​മാ​ന​മ​ല്ലേ​യു​ള്ളൂ... ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മ​ര്യാ​ദ​യ്ക്ക് നി​ന്നെ​യൊ​ക്കെ ചു​മ​ക്കു​ന്നെ​ന്നേ​യു​ള്ളൂ, അ​ട​ങ്ങി​യി​രു​ന്നോ​ണം, കാ​ണി​ച്ചു​ത​രാം... ഇ​ങ്ങ​നെ​യി​ങ്ങ​നെ. ഈ ​ഭീ​ഷ​ണി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​ത്തേ​തോ അ​വ​സാ​ന​ത്തേ​തോ അ​ല്ല.

സ്റ്റാ​ലി​ൻ എ​ന്ന ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​തി​ക്ക​റി​യാം, മാ​ർ​പാ​പ്പ​യ്ക്കു സൈ​നി​ക​ശേ​ഷി​യി​ല്ലെ​ന്ന്. അ​ത​യാ​ൾ അ​ഹ​ങ്കാ​ര​വും പു​ച്ഛ​വും ക​ല​ർ​ത്തി പ​റ​യു​ക​യാ​യി​രു​ന്നു. ആ ​വാ​ക്കു​ക​ൾ ഒ​രു​പ​ക്ഷേ, പ്ര​തീ​കാ​ത്മ​ക​മാ​യി​രി​ക്കാം. പ​ക്ഷേ, ച​രി​ത്ര​ത്തി​ൽ സ്റ്റാ​ലി​ന്‍റെ ഇ​ടം ക്രൂ​ര​രാ​യ ഏ​കാ​ധി​പ​തി​ക​ൾ​ക്കൊ​പ്പ​മാ​ണ്. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ 139 കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 30 ല​ക്ഷം മു​ത​ൽ 60 ല​ക്ഷം വ​രെ മ​നു​ഷ്യ​രെ​യാ​ണ് വെ​ടി​വ​ച്ചും ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളി​ലി​ട്ടും പ​ട്ടി​ണി​ക്കി​ട്ടും കൊ​ന്നൊ​ടു​ക്കി​യ​ത്.

11-ാം പീ​യൂ​സ് പാ​പ്പ ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ​ത്തി​നെ​തി​രേ 1937 മാ​ർ​ച്ച് 19ന് ​പു​റ​ത്തി​റ​ക്കി​യ ‘ദി​വ്യ​ര​ക്ഷ​ക​ൻ’(Divini Redemptoris), നാ​സി വം​ശ​ഹ​ത്യ​ക്കേ​തി​രേ 1937 മാ​ർ​ച്ച് 14ന് ​ഇ​റ​ക്കി​യ ‘നീ​റു​ന്ന ആ​ശ​ങ്ക​യോ​ടെ’ (Mit Brennender Sorge) എ​ന്നീ ചാ​ക്രി​ക​ലേ​ഖ​ന​ങ്ങ​ൾ സ്റ്റാ​ലി​നും ഹി​റ്റ്ല​ർ​ക്കും ഇ​ഷ്‌​ട​പ്പെ​ടി​ല്ലെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​യി​രു​ന്നു. ഇ​ന്ന്, 2026ൽ ​ലെ​യോ മാ​ർ​പാ​പ്പ പ​റ​യു​ന്ന​തും എ​ല്ലാ​വ​രെ​യും ര​സി​പ്പി​ക്കാ​ന​ല്ല.

ട്രം​പി​ന്‍റെ മാ​ര​ക സൈ​നി​ക​ശ​ക്തി​ക്കു മു​ന്നി​ൽ മാ​ർ​പാ​പ്പ​യു​ടെ ആ​രെ​യും ദ്രോ​ഹി​ക്കാ​ത്ത സ്വി​സ് ഗാ​ർ​ഡ് വെ​റും അ​ല​ങ്കാ​ര​മാ​ണ്. ലെ​യോ മാ​ർ​പാ​പ്പ​യു​ടെ നീ​തി​ക്കു​വേ​ണ്ടി​യു​ള്ള ശ​ബ്ദം സൈ​നി​ക പി​ൻ​ബ​ല​ത്തി​ല​ല്ല, ലോ​ക​ത്തെ മ​ഹാ​ഭൂ​രി​പ​ക്ഷ​വും ഇ​ന്നും നെ​ഞ്ചോ​ടു ചേ​ർ​ക്കു​ന്ന മാ​നു​ഷി​ക​ത​യു​ടെ​യും ധാ​ർ​മി​ക​ത​യു​ടെ ബ​ല​ത്തി​ലാ​ണ്. അ​ധി​കാ​ര​മു​ഷ്കി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ക​ഴു​ത്തു ഞെ​രി​ക്കാ​ൻ ശ്ര​മി​ച്ച നി​ര​വ​ധി പ്രേ​ത​ങ്ങ​ൾ ച​രി​ത്ര​ത്തി​ലു​ട​നീ​ളം ആ​ട്ടും തു​പ്പു​മേ​റ്റു കി​ട​പ്പു​ണ്ട്.

ലെ​യോ പാ​പ്പ ക്രൈ​സ്ത​വ​ർ​ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല ത​ല​യു​യ​ർ​ത്തി​യ​ത്; എ​ല്ലാ​വ​ർ​ക്കും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ​വേ​ണ്ടി​യാ​ണ്. മ​നു​ഷ്യ​വം​ശ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു​വേ​ണ്ടി​യാ​ണ്. അ​തി​നു കേ​ര​ള​ത്തി​ലും പ്ര​സ​ക്തി​യു​ണ്ട്. എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണെ​ന്നു പ​റ​ഞ്ഞു പാ​സാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ മാ​ത്രം വേ​ട്ട​യാ​ടി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കേ, എ​ഫ്സി​ആ​ർ​എ​യെ​ക്കു​റി​ച്ചു മി​ണ്ടി​പ്പോ​ക​രു​തെ​ന്ന ഭീ​ഷ​ണി​യു​മാ​യി ഏ​ത് രാ​ഷ്‌​ട്രീ​യാ​വ​സ​ര​വാ​ദി മു​ണ്ടു​മ​ട​ക്കി​ക്കു​ത്തി വ​ന്നാ​ലും ഇ​തു​ത​ന്നെ നി​ല​പാ​ട്. ഇ​നി​യും പ​റ​യേ​ണ്ടി​വ​രും. രാ​ഷ്‌​ട്രീ​യം ദു​ഷി​പ്പു​കാ​ർ ത​ട്ടി​പ്പ​റി​ക്ക​രു​ത്.

Tags : Deepika Editorial

Recent News

Corehub Up