Editorial Audio
കേരളത്തിലെ ഭരണവും നഷ്ടമായതോടെ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിൽ എൽഡിഎഫ് ഒടുവിലത്തെ കൊടിയുമഴിച്ചു. കർണാടക, തെലുങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കു പുറമേ കോൺഗ്രസിനു കേരളവും കിട്ടി. യുഡിഎഫിന്റേതു വൻവിജയമാണ്.
വഴിതെറ്റിയ ഇടതുകപ്പലിനെ അറബിക്കടലിൽ താഴ്ത്തിയ കേരളം വർഗീയ നൗകകളുടെ പായ്മരങ്ങളുമറത്തു. വിദ്വേഷനാവുകളെ നിയമസഭയിൽ വിലക്കിയവർ ബിജെപി അധ്യക്ഷനുൾപ്പെടെ അർഹരെന്നു തോന്നിയവരെ നിയമസഭയിലെത്തിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ പ്രഹരശേഷി 100നു മുകളിലെന്നു പ്രവചിച്ച വി.ഡി. സതീശന്റെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് താണ്ഡവം.
ജനമനസ് ഇത്ര കൃത്യമായി വായിച്ച ഈ നേതൃപാടവത്തിന് ജനങ്ങളുടെ ആവശ്യങ്ങളും മനസിലായേക്കും. ഇനിയാണു വെല്ലുവിളി. പെരുച്ചാഴി പെറ്റ ഖജനാവ്, വന്യജീവി-തെരുവുനായകൾ, കർഷകരോദനം, ആശയറ്റ തൊഴിലാളികൾ, അഴിമതി, ധൂർത്ത്, സ്വജനപക്ഷപാതം, വർഗീയകലകളുടെ വിദ്വേഷഭജനകൾ... പുതിയൊരു കേരള സ്റ്റോറി എളുപ്പമല്ല, പക്ഷേ സാധ്യമാണ്.
മറ്റാരുണ്ടെന്ന വെല്ലുവിളി ഏറ്റെടുത്ത കേരളം യുഡിഎഫിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. 102 സീറ്റിന്റെ വിജയം. എൽഡിഎഫിന് 35, ബിജെപിക്ക് മൂന്ന്. മറ്റ് നാലിടങ്ങളിലും വോട്ടെണ്ണി. പശ്ചിമബംഗാളിൽ ബിജെപി അട്ടിമറി വിജയമാണു നേടിയത്. വോട്ടർപട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രോത്സാഹം കണ്ടവർക്ക് അതത്ര അപ്രതീക്ഷിതമായിരുന്നില്ല. പക്ഷേ, തമിഴ്നാട്ടിൽ അടുത്തിടെ ടിവികെ (തമിഴ് വെട്രി കഴകം) എന്ന പുതിയ പാർട്ടിയുമായി വെള്ളിത്തിരയിൽനിന്നിറങ്ങിയ വിജയ് ഇന്നലെ പെരിയ ദളപതിയാകുമെന്ന് ആരുമറിഞ്ഞില്ല. ഡിഎംകെ ഇത്രയ്ക്കു മുടിയുമെന്നും പ്രതീക്ഷിച്ചില്ല.
തമിഴ് രാഷ്ട്രീയത്തിലെ സിനിമാ സ്വാധീനം വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ടിവികെ ഏറ്റവുമധികം സീറ്റ് നേടി. വിജയ്യുടെ മുഴുവൻ പേര് ജോസഫ് വിജയ് ആണെന്നു പറഞ്ഞ് ക്രൂരമായ വർഗീയ ആക്രമണം നടത്തിയ ബിജെപിയുടെ ഉത്തരേന്ത്യൻ കളി തമിഴ്നാട്ടിൽ വിജയിച്ചില്ല. ആസാമിലും ബിജെപി സഖ്യം തുടർഭരണം നേടി. പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ എൻ.ആർ. കോൺഗ്രസ് നയിക്കുന്ന എൻഡിഎ സഖ്യം അധികാരം നിലനിർത്തി.
ഇന്ത്യ മുന്നണിക്കാരായ തൃണമൂൽ കോൺഗ്രസും കോൺഗ്രസും സിപിഎമ്മും നടത്തിയ ത്രികോണ തമ്മിലടി പശ്ചിമബംഗാളിൽ ബിജെപിക്കു തുണയായി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ 90 ലക്ഷം വോട്ടർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കുകയും ചെയ്തു. തൃണമൂൽ നേതാവ് മമതയ്ക്കെതിരേ ബിജെപിയെക്കാൾ രൂക്ഷമായ പ്രതികരണമാണ് രാഹുൽ ഗാന്ധി നടത്തിയത്.
ഫലം വന്നപ്പോൾ കണ്ടത്, അവിടെ തലക്കനത്തിനുള്ള ഒരു കോപ്പും കോൺഗ്രസിനില്ലായിരുന്നു എന്നാണ്. 292ൽ ഒരു സീറ്റിനുവേണ്ടി വേണ്ടിയിരുന്നോ മമതയെ ആക്രമിച്ചതെന്നു രാഹുലും സിപിഎം ഭരണത്തെ ഓർമിപ്പിക്കുന്ന ധാർഷ്ട്യങ്ങളിൽനിന്ന് മമതയും പാഠം പഠിക്കുന്നില്ലെങ്കിൽ ഇന്ത്യ മുന്നണിയെ പിരിച്ചുവിടാൻ സമയമായി.
2011ൽ പശ്ചിമബംഗാളും 2018ൽ ത്രിപുരയും നഷ്ടമായ സിപിഎമ്മിന് ഇന്നലെ കേരളവും പോയതോടെ ഇന്ത്യയുടെ ഭരണ ഭൂപടത്തിൽ സ്ഥാനമില്ലാതായി. പാർട്ടിസർവാധിപത്യത്തിന്റെ പ്രാദേശിക കേന്ദ്രങ്ങളായിരുന്ന പാർട്ടി ഓഫീസുകളിൽ ആളില്ല. തൊഴിലാളിവർഗഭരണത്തിന്റെ സുവർണകാലത്തിനൊടുവിൽ അവിടത്തെ മനുഷ്യർ ഇതരസംസ്ഥാന തൊഴിലാളികളായി. ഇന്ത്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് സർക്കാരിനെ തെരഞ്ഞെടുത്ത കേരളം പക്ഷേ, പാർട്ടി ആധിപത്യങ്ങളെ വച്ചുപൊറുപ്പിക്കാറില്ല. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനല്ല, സിപിഎം സമ്മതിച്ച ജനാധിപത്യ സംസ്കാരത്തിനാണ് കേരളം പിന്തുണ നൽകിയത്. ഇത്തവണ പിഴച്ചപ്പോൾ തിരുത്തി.
ഉത്തരേന്ത്യൻ ശൈലിയിൽ മതധ്രുവീകരണത്തിനു ശ്രമിച്ചവരെയും മതേതരകേരളം ഒതുക്കി. മാധ്യമങ്ങളെയും ന്യൂനപക്ഷങ്ങളെയും സഭാപിതാക്കന്മാരെയും അവഹേളിച്ചവർക്ക് ഭൂരിപക്ഷവും ന്യൂനപക്ഷവും ഒന്നിച്ചു മറുപടി കൊടുത്തു. ഭൂരിപക്ഷവും “നന്ദി’’ കാണിച്ചില്ല. ഹിന്ദു എംഎൽഎ എന്ന മുദ്രാവാക്യമുയർത്തിയവരെയും തങ്ങളുടെ ഏരിയയിൽ വോട്ടുചോദിക്കാൻ വഴിനടക്കരുതെന്നു പറഞ്ഞവരെയുമൊക്കെ മതവിശ്വാസികൾ നിർദയം തള്ളി. മതമാണ് മതമാണ് മതമാണ് മുഖ്യമെന്ന ഭ്രാന്തൊന്നും അനുവദിക്കരുത്.
പുതിയ സർക്കാരിനു വലിയ ജോലികളുണ്ട്. സാന്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കണം. വർഗീയത നാടു നശിപ്പിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. മതപ്രീണനംകൊണ്ട് മതേതരത്വത്തിനു പരിക്കേൽപിക്കരുത്. വന്യജീവി-തെരുവുനായ ശല്യം സംസ്ഥാനത്തിന്റെ ശാപമായി മാറിയത് ഇടതുവിരോധത്തിനു കാരണമായെന്നു തിരിച്ചറിയണം.
ജനജീവിതം ദുഃസഹമാക്കിയ നിയമങ്ങൾ തിരുത്താൻ കേന്ദ്രസർക്കാരിനെയും ദേശീയനേതൃത്വത്തെയും പ്രേരിപ്പിക്കണം. കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ മേഖല അഴിച്ചുപണിയണം. ആശമാർക്കു കൊടുക്കാമെന്നു പ്രകടന പത്രികയിൽ പറഞ്ഞത് കൊടുക്കണം. കേരളത്തിന്റെ മനസ് വായിച്ചവർ ആവശ്യങ്ങളും വായിക്കട്ടെ.
ഇടതു സർക്കാർ ചെയ്തെല്ലാം പരാജയമായതുകൊണ്ടല്ല ജനം അധികാരം തിരിച്ചെടുത്തത്. ചെയ്യേണ്ടതു പലതും മറന്നതുകൊണ്ടാണ്. അഴിമതിക്കു താത്വികാവലോകനം നടത്തി ഇരുട്ടാക്കിയതുകൊണ്ടാണ്. ധാർഷ്ട്യത്താൽ അന്ധരായതുകൊണ്ടാണ്. പക്ഷേ, പരാജയപ്പെട്ടവർ വനവാസത്തിനു പോകുന്നതല്ല ജനാധിപത്യം.
ഏകാധിപത്യശൈലിയിലും തുടർഭരണത്തിന്റെ ധാർഷ്ട്യത്തിലും മതിമറന്നതൊക്കെ പഠിക്കാൻ സിപിഎമ്മന് അഞ്ചുവർഷത്തെ സമയമുണ്ട്. 2031ൽ പുനഃപരീക്ഷയെത്തുവോളം ക്രിയാത്മകമായ പ്രതിപക്ഷമായി വികസനരാഷ്ട്രീയത്തിൽ പങ്കെടുക്കുക. വിജയികളും മറക്കരുത്, ഇതു കേരളമാണ്; കൊടികളോടും ബിംബങ്ങളോടും അന്ധമായ കൂറില്ലാത്ത, വർഗീയഭീഷണിക്ക് എളുപ്പം വഴങ്ങാത്ത രാജ്യത്തെ ‘ഏറ്റവും വലിയ ജനാധിപത്യ-മതേതര സംസ്ഥാനം!’