Editorial Audio
ശത്രുമിത്ര ഭേദമില്ലാതെ നിങ്ങളെല്ലാം ഇനി എന്റെ
ജനമാണെന്ന വിജയ്യുടെ വാക്കുകളിൽ എംജിആറിന്റെ
ജനകീയ രാഷ്ട്രീയമുണ്ട്; വിലക്കുകളെ മറികടന്ന്
‘ജനനായകൻ’ പ്രദർശനമാരംഭിച്ചെന്നു പറയാം.
സി. ജോസഫ് വിജയ് എന്ന ഞാൻ.... ഇത്രയും പറഞ്ഞപ്പോഴേക്കും ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലെ ജനാവലി ആർപ്പുവിളിച്ചു. ഇളകിമറിഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി ടിവികെ (തമിഴക വെട്രി കഴകം) സ്ഥാപകനും തലവനുമായ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിനിമയിലെ നായകൻ രാഷ്ട്രീയത്തിലും നായകനാകുമോയെന്നത് കാലം തെളിയിക്കട്ടെ.പക്ഷേ, നെഹ്റു സ്റ്റേഡിയത്തിലെ വേദിയിൽ വിജയ് എന്ന പേരിനൊപ്പം സി. ജോസഫ് എന്നുകൂടി എഴുതിച്ച തമിഴ്മക്കൾ, ആ പേരുകൊണ്ട് വർഗീയവികാരം കുത്തിപ്പൊക്കാൻ ശ്രമിച്ചവരുടെ കരണത്തടിച്ചിരിക്കുന്നു. അതിനെയും വെല്ലുന്ന ജനാധിപത്യ-മതേതര ഡയലോഗ് ജനനായകന് ക്ലൈമാക്സിനായി കരുതിവച്ചിരുന്നു. നിങ്ങൾ എന്റെ സുഹൃത്തുക്കളോ ശത്രുക്കളോ ആകട്ടെ, എട്ടു കോടി ആളുകളും എന്റെ ജനങ്ങളാണ്. വിദ്വേഷരാഷ്ട്രീയത്തിനുമേൽ സി. ജോസഫ് വിജയ്യുടെ സാഹോദര്യ ഒപ്പ്!
ആറുനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വിജയ് തമിഴ്നാടിന്റെ ഒന്പതാമതു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഏറ്റവും കൂടുതൽ സീറ്റു നേടിയ കക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്നു കരുതിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാതെ സമ്മതിക്കില്ലെന്ന പിടിവാശിയിലായിരുന്നു ഗവർണർ രാജേന്ദ്ര അര്ലേക്കര്. ശനിയാഴ്ച ഭൂരിപക്ഷം തെളിയിച്ചു. ഞായറാഴ്ച സത്യപ്രതിജ്ഞയും ചെയ്തു. മേയ് 13നകം വിശ്വാസവോട്ട് നേടുകയാണ് ഇനിയുള്ള നടപടിക്രമം.
ടിവികെ 108, കോൺഗ്രസ് അഞ്ച്, വിസികെ രണ്ട്, സിപിഎം രണ്ട്, സിപിഐ രണ്ട്, മുസ്ലിംലീഗ് രണ്ട് എന്നിങ്ങനെ 120 സീറ്റ് ഉറപ്പാക്കി. വിജയ് വിജയിച്ച രണ്ടു സീറ്റിൽ ഒന്ന് രാജി വയ്ക്കേണ്ടതിനാലാണ് 120 എന്നു കണക്കാക്കിയത്. ആവശ്യമായ 118 സീറ്റിൽ രണ്ടു മാത്രമാണ് അധികമുള്ളത്. വിശാസവോട്ട് നേടുവോളം എല്ലാവരെയും ഒന്നിച്ചു നിർത്തുക എന്നത് പുതിയ രാഷ്ട്രീയസംസ്കാരത്തിൽ അനിവാര്യമായ മുൻകരുതലാണ്.
200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഉത്തരവാണ് മുഖ്യമന്ത്രി വിജയ് ആദ്യം ഒപ്പിട്ടത്. ലഹരിമരുന്ന് തടയാനും സ്ത്രീ സുരക്ഷയ്ക്കും പ്രത്യേക സേനയും ഹെൽപ്പ് ലൈൻ നന്പറും സജ്ജമാക്കാനും വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്കു പ്രാധാന്യം കൊടുക്കാനും തീരുമാനിച്ചതോടെ ജനകീയമാകാനുള്ള ശ്രമം തുടങ്ങിവച്ചു. സിനിമയിലെ ജനനായകനെപ്പോലെയായിരുന്നു പ്രസംഗം.
“നമ്മുടെ സംസ്ഥാനത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ കാൻസർ അഴിമതിയാണ്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കർശന നടപടിയുണ്ടാകും. സുതാര്യത ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ, സർക്കാർ ഫണ്ടുകളുടെ വിനിയോഗം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഓപ്പൺ ഗവേണൻസ് എന്നിവ നടപ്പിലാക്കും. നമ്മുടേത് സുതാര്യ സർക്കാരായിരിക്കും. എന്നെ ഏല്പിച്ച വലിയ ഉത്തരവാദിത്വം നിറവേറ്റാൻ കുറച്ചു സമയം തരണം. നിങ്ങൾ എന്റെ സുഹൃത്തുക്കളോ ശത്രുക്കളോ ആകട്ടെ, എട്ടു കോടി ആളുകളും എന്റെ ജനങ്ങളാണ്.’’
യാതൊരു രാഷ്ട്രീയ മുൻപരിചയവുമില്ലാത്ത വിജയ് അധികാരമേൽക്കുന്പോൾ രാഷ്ട്രീയ നിരീക്ഷകർക്ക് കൗതുകമുണ്ട്. ആറു പതിറ്റാണ്ടോളം നീണ്ട ഡിഎംകെ, എഐഎഡിഎംകെ ഭരണത്തിനൊടുവിൽ ദ്രാവിഡ മേൽവിലാസമില്ലാതെ ഒരു പാർട്ടി അധികാരത്തിലേറിയിരിക്കുന്നു. അതുപോലെ, അടുത്തയിടെ രൂപീകരിച്ച പാർട്ടിയുടെ എംഎൽഎമാരിലേറെയും രാഷ്ട്രീയ പരിചയമില്ലാത്ത സാധാരണക്കാരാണ്. ഉദ്യോഗസ്ഥർ അവരുടെ അധികാരത്തിൽ കൈകടത്താതിരിക്കണമെങ്കിൽ അതിനുതക്ക ക്രമീകരണവും രാഷ്ട്രീയ-ഭരണ പരിശീലനവും ഉണ്ടാകണം.
വെള്ളിത്തിരയിലെ നായകനിൽനിന്നു ജനനായകനിലേക്കുള്ള പരിണാമം എളുപ്പമല്ല. 624 കോടിയുടെ ആസ്തിയുള്ള, 180 കോടിയിലേറെ രൂപ സിനിമയിൽനിന്നു വരുമാനമുണ്ടായിരുന്ന വിജയ് ആദ്യ പ്രസംഗത്തിൽ സൂചിപ്പിച്ചതുപോലെ, കാലിയായ ഖജനാവും 10 ലക്ഷം കോടിയുടെ കടവുമാണ് കാത്തിരിക്കുന്നതെങ്കിൽ കാര്യം നിസാരമല്ല. ആം ആദ്മി പാർട്ടിയെപ്പോലെ മറ്റൊരു ആൾക്കൂട്ടമല്ല ടിവികെ എന്നു തെളിയിക്കേണ്ടത് വിജയ്യുടെ ആവശ്യമാണ്.
മുന്പൊന്നും ഒരു മുഖ്യമന്ത്രി അധികാരത്തിലേറുന്പോൾ പറയേണ്ടതില്ലാതിരുന്ന മതവും ഇപ്പോൾ സാധാരണ വിഷയമായിരിക്കുന്നു. വിജയ് ഹിന്ദുവല്ല, യഥാർഥ പേര് ജോസഫ് വിജയ് ആണ്, മതപരിവർത്തനലോബിയെറിയുന്ന പണമാണ് ആൾക്കൂട്ടത്തിനു പിന്നിൽ തുടങ്ങിയ ഹിന്ദുത്വയുടെ വർഗീയ വിഷപ്രയോഗം തമിഴ്നാട്ടിൽ ഏറ്റില്ലെന്നത് ആശ്വാസകരമാണ്. പക്ഷേ, വർഗീയത പരാജയത്തിലും പരിശ്രമങ്ങൾ ഉപേക്ഷിക്കില്ല. അവരിന്നലെയും ചർച്ച തുടർന്നു. ജനക്ഷേമത്തേക്കാൾ വർഗീയക്ഷേമം മുഖ്യഇനമാകുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ വിജയ്ക്ക് വികസനത്തിനൊപ്പം ‘ജോസഫി’നെയും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
എംജിആറിന്റേതായി പറയപ്പെടുന്ന വാക്യമുണ്ട്: “നായകൻ മുതൽ ലൈറ്റ്ബോയിക്കുവരെ ഒരേ ഭക്ഷണം കൊടുക്കുമെന്ന് ഞാൻ ഉറപ്പാക്കും.’’ ശത്രുമിത്ര ഭേദമില്ലാതെ നിങ്ങളെല്ലാം ഇനി എന്റെ ജനമാണെന്ന വിജയ്യുടെ വാക്കുകളിൽ എംജിആറിന്റെ ജനകീയ രാഷ്ട്രീയമുണ്ട്; രാഷ്ട്രീയ പാണ്ഡിത്യത്തേക്കാൾ തമിഴകത്തിന് ആവശ്യമായത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിശപ്പിന്റെയും വികസനത്തിന്റെയും ആ രാഷ്ട്രീയമാകാം വിജയ് ഇന്നലെ പുറത്തെടുത്തത്. വിലക്കുകളെ മറികടന്ന് ‘ജനനായകൻ’ പ്രദർശനമാരംഭിച്ചെന്നും പറയാം.