Editorial Audio
തൊടുപുഴ മുതലക്കോടത്തെ കുപ്രസിദ്ധമായ കലുങ്കിന്റെ പണി പൊതുമരാമത്തു വകുപ്പ് തുടങ്ങി കേട്ടോ. 10 ദിവസം മുന്പായിരുന്നെങ്കിൽ ജെയിസ് എന്ന ബൈക്ക് യാത്രികൻ ആ കുഴിയിൽ വീണു മരിക്കില്ലായിരുന്നു.15 കൊല്ലം നിരവധി അപകടങ്ങളുണ്ടായിട്ടും സാങ്കേതികത്വത്തിനുമുകളിൽ അടയിരുന്നവരാണ് അപകടം നടന്ന് 24 മണിക്കൂറിനകം പണി തുടങ്ങിയത്.
തിങ്കളാഴ്ച കോഴിക്കോട് വലിയങ്ങാടിയിൽ നാലു പേരെ കൊലയ്ക്കു കൊടുത്തതിന്റെ പിറ്റേന്ന്, ആ കെട്ടിടം അപകടാവസ്ഥയിലാണെന്നും വ്യാപാരികൾ ഒഴിയണമെന്നും കോർപറേഷൻ നോട്ടീസ് പതിച്ചിരിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ കോട്ടയം മെഡിക്കൽ കോളജിൽ ഉപയോഗശൂന്യമായ കെട്ടിടം വീണു സ്ത്രീ മരിച്ച സംഭവത്തിലുൾപ്പെടെ ഇതേ നാടകങ്ങളാണു കേരളം കണ്ടത്.
ഇനിയുമുണ്ട് ബലിയാടുകൾക്കു കാത്തിരിക്കുന്ന നൂറുകണക്കിനു പ്രേതനിലയങ്ങളും മരണക്കെണികളും. പക്ഷേ, സർക്കാർ കാര്യം മുറപോലെയാണ്. ഒരാളെയെങ്കിലും കൊലയ്ക്കു കൊടുക്കുന്ന മുറയ്ക്കേ നടപടിയുണ്ടാകൂ. എന്നാണ് ഈ ഉദ്യോഗസ്ഥരെക്കൊണ്ടു പണിയെടുപ്പിക്കാൻ ശേഷിയുള്ള ഭരണകർത്താക്കളുണ്ടാകുന്നത്? കോഴിക്കോട്ട് മരിച്ച മനുഷ്യർ സർക്കാരിന് നാലു മൃതദേഹങ്ങളാണ്. പക്ഷേ, നട്ടെല്ലൊടിഞ്ഞ നാലു കുടുംബങ്ങളുടെ കാര്യം അങ്ങനെയല്ല.
ആ വീടുകൾ ഇനിയൊരിക്കലും പഴയതുപോലെയാകില്ല. അഷ്റഫ്, ബഷീര്‍, അബ്ദുള്‍ ജബ്ബാര്‍, വിനോദന്‍ എന്നിവരാണു മരിച്ചത്. കടയിലേക്കുള്ള ചരക്ക് ഇറക്കിയശേഷം ഷട്ടറിനോടു ചേര്‍ന്നുള്ള തറയിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർക്കു മുകളിലേക്കാണ് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണത്. ശബ്ദം കേട്ട് ഓടിമാറിയ രണ്ടു തൊഴിലാളികള്‍ രക്ഷപ്പെട്ടു.
ഒരാൾക്കു പരിക്കേറ്റു. ആരാണ് ഉത്തരവാദികൾ? അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്നും കച്ചവടം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കോര്പറേഷന് എന്‍ജിനിയറിംഗ് വിഭാഗം 2024ൽ നല്കിയ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലെറിഞ്ഞ് നാലു മനുഷ്യരെ കൊലയ്ക്കു കൊടുത്തവർ മറുപടി പറയണം. എൻജിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും കൗണ്‍സില്‍ യോഗവും അംഗീകരിച്ചില്ലെന്ന വാർത്തകൾ ശരിയാണെങ്കിൽ കേസെടുക്കണം.
പക്ഷേ, അതു സംഭവിക്കാറില്ല. കോട്ടയം മെഡിക്കൽ കോളജ്, തൊടുപുഴ, വലിയങ്ങാടി... ആംബുലൻസുകൾ ഇനിയും ഓടേണ്ടിവരും; മോർച്ചറികളിലേക്ക്. പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധ വഴിപാടിലാണ്. കോർപറേഷൻ അംഗങ്ങളാണെങ്കിലും തങ്ങൾക്ക് ഇതിലൊന്നും പങ്കില്ലെന്നു നാട്ടുകാരെ ബോധിപ്പിക്കാനുള്ള വേഷംകെട്ടൽ! വലിയങ്ങാടിയിലെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്നും കോർപറേഷൻ നടപടിയെടുത്തില്ലെന്നതും നാലു മനുഷ്യജീവനുകളെ വെള്ള പുതപ്പിക്കുവോളം അറിഞ്ഞില്ലെങ്കിൽ ജനപ്രതിനിധികളെന്ന നിലയിൽ നിങ്ങൾ അയോഗ്യരാണ്.
വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെ 16 കെട്ടിടങ്ങൾ അപകടഭീഷണിയിലാണെന്ന എൻജിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് നിലവിലുണ്ട്. പ്രതിഷേധപ്രഹസനം കഴിഞ്ഞെങ്കിൽ പോയി ആ 16 കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ തങ്ങളുടെ സ്ഥാനമാനങ്ങൾ ഉപയോഗിക്കൂ. തൊടുപുഴയിൽ യുഡിഎഫാണു ഭരിക്കുന്നത്. ജെയിസിന്റെ മരണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നോ? അവിടെയും പ്രതിപക്ഷത്തിന്റെ നാടകമുണ്ടായിരുന്നു.
തൊടുപുഴയിലെ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരായാലും നഗരസഭയായാലും കോഴിക്കോട് കോർപറേഷൻ ഭരണസമിതിയായാലും അവരുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരായാലും കണ്ണിൽ പൊടിയിടുന്ന റിപ്പോർട്ടുകളിൽ ഇവരൊക്കെ നിരപരാധികളാകും. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക വച്ചു മറന്ന ഡോക്ടറെ ‘വിദഗ്ധ സമിതി’ കുറ്റവിമുക്തയാക്കിയത് നൊടിയിടയിലാണ്.
ആരു ഭരിച്ചാലും ഈ സംസ്ഥാനത്തു ചില കീഴ്വഴക്കങ്ങളുണ്ട്. അത് ഉദ്യോഗസ്ഥ-രാഷ്ട്രീയ അന്തർധാരയാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെങ്കിൽ ഭരിക്കുന്നവർ വിചാരിക്കണം. തൊടുപുഴയിൽ അപകടമുണ്ടായതിന്റെ പിറ്റേന്നു മുതൽ ആപത്കരമായ സ്ഥലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് മാധ്യമങ്ങൾ. പലയിടങ്ങളിലേക്കും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
തൊടുപുഴയിലും കോഴിക്കോട്ടും മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം മനുഷ്യജീവനുവേണ്ടി വായപൊളിച്ചിരിക്കുന്ന കുണ്ടും കുഴിയും പഴഞ്ചൻ കെട്ടിടങ്ങളുമൊക്കെയുണ്ട്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിചാരിച്ചാൽ അതു പരിഹരിക്കാനാകും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ആഘോഷകാലം കഴിഞ്ഞെങ്കിൽ, വാർഡുകളിലേക്ക് ഇറങ്ങിയാൽ കണ്ടെത്താനാകാത്ത ഒരു അപകടസാധ്യതയുമില്ല.
പാർട്ടികൾ തങ്ങളുടെ തദ്ദേശ സ്ഥാപന അംഗങ്ങളോടു പറഞ്ഞുകൊടുക്കട്ടെ, എങ്ങനെയാണ് പണിയെടുക്കേണ്ടതെന്ന്; എങ്ങനെയാണ് ഉദ്യോഗസ്ഥരെക്കൊണ്ടു പണിയെടുപ്പിക്കേണ്ടതെന്ന്.
Tags : EDITORIAL