ഹാട്രിക് നേടിയ ബുക്കായൊ സാക, സഹതാരങ്ങളായ ജൂഡ് ബെല്ലിങ്ഗം (ഇടത്), റീസ് ജയിംസ് എന്നിവർ.
ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ അതിന്റെ ക്ലൈമാക്സിലേക്ക് എത്തിയപ്പോള്‍ ഗോള്‍ മഴ. ഫൈനലിനു മുമ്പായി നടന്ന മൂന്നാം സ്ഥാന പോരാട്ടത്തില്‍ ഇംഗ്ലണ്ട് കരുത്തരായ ഫ്രാന്‍സിനെ ഗോളില്‍ മുക്കി. 10 ഗോള്‍ പിറന്ന റിക്കാര്‍ഡ് പോരാട്ടത്തില്‍ 6-4നായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. സെമിയില്‍ അര്‍ജന്റീനയോട് 2-1നു പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനലിലേക്ക് എത്തിയത്. സ്പെയിനിനോടായിരുന്നു ഫ്രാന്‍സിന്റെ സെമി പരാജയം (2-0).ഇംഗ്ലീഷ് മുഖ്യപരിശീലകന്‍ തോമസ് ടൂഹെലും ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപും സെമിയില്‍ കളിച്ച സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഏഴ് മാറ്റങ്ങൾ വരുത്തി.
വണ്‍സൈഡ് പകുതി
64,478 കാണികള്‍ നിറഞ്ഞ, മയാമി ഗാര്ഡെന്സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ലൂസേഴ്സ് ഫൈനലിന്റെ ആദ്യപകുതി വണ്‍സൈഡ് മാച്ചായിരുന്നു. ആദ്യ പകുതിക്കു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 4-0ന്റെ അദ്ഭുത ലീഡ് സ്വന്തമാക്കി.
മൂന്നാം മിനിറ്റില്‍ ഡെക്ലാന് റൈസ് ഇംഗ്ലണ്ടിന്റെ ഗോളടിക്കു തുടക്കമിട്ടു. പന്തുമായി ഫ്രഞ്ച് ഫൈനല്‍ തേര്‍ഡിലേക്കു കയറിയ റൈസ്, 25 വാര അകലെനിന്നു തൊടുത്ത ഷോട്ട് വളഞ്ഞ് ഫ്രഞ്ച് വലയുടെ വലത് താഴ്ത്തട്ടില്‍ വിശ്രമിച്ചു. 18-ാം മിനിറ്റില്‍ എസ്രി കോന്സയിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി.
ഡെക്ലാന് റൈസ് എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് മികച്ചൊരു ഹെഡറിലൂടെ ആയിരുന്നു കോന്‍സയുടെ ഗോള്‍. 28-ാം മിനിറ്റില്‍ എംബപ്പെ വലകുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നു.
37-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍. മാര്‍ക്കസ് റാഷ്ഫോഡിന്റെ അസിസ്റ്റില്‍ ബുക്കായൊ സാക ഫ്രഞ്ച് വല കുലുക്കി. ഉജ്വലമായൊരു ക്ലിനിക്കല്‍ ഫിനിഷിംഗ് ആയിരുന്നു അത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റില്‍ ബുക്കായൊ സാക (45+1-ാം മിനിറ്റ്) വീണ്ടും ഗോള്‍ നേടി.
എംബപ്പെ 2, സാക 3
ഉസ്മാന് ഡെംബെലെ, ബ്രാഡ്ലി ബെര്ക്കോള, ലൂകാസ് ഡിഗ്നെ, ഉപമെക്കാനോ എന്നിവരെ ഒന്നിച്ച് കളത്തിലിറക്കിയാണ് ഫ്രാന്‍സ് രണ്ടാം പകുതി തുടങ്ങിയത്. 48-ാം മിനിറ്റില്‍ മൈക്കല്‍ ഒലിസിന്റെ അസിസ്റ്റില്‍ കിലിയന്‍ എംബപ്പെ ഫ്രാന്‍സിനായി ഒരു ഗോള്‍ മടക്കി. 54-ാം മിനിറ്റില്‍ എംബപ്പെയുടെ അസിസ്റ്റില്‍ ബര്‍ക്കോളയും വല കുലുക്കി. 12 മിനിറ്റിന്റെ ഇടവേളയില്‍ എംബപ്പെയുടെ (66-ാം മിനിറ്റ്) ഗോള്‍. മൈക്കല്‍ ഒലിസിന്റെ അസിസ്റ്റിലായിരുന്നു എംബപ്പെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
86-ാം മിനിറ്റില്‍ ജെഡ് സ്പെന്‍സിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനു ഫ്രാന്‍സിന് എതിരേ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാനെത്തിയത് ഹാട്രിക്കിന്റെ വക്കിലുള്ള സാക. പന്ത് കൃത്യമായി വലയിലാക്കി സാക്ക ഹാട്രിക് സ്വന്തമാക്കി. ഇംഗ്ലണ്ട് 5-4നു മുന്നില്‍.
സ്റ്റോപ്പേജ് ഡ്രാമ
90 മിനിറ്റിനുശേഷം മിനിമം ഏഴ് മിനിറ്റ് സ്റ്റോപ്പേജ് ടൈം അനുവദിച്ചുള്ള റഫറിയുടെ സൈന്‍ ബോര്‍ഡ്. സ്റ്റോപ്പേജ് ടൈമിന്റെ ആറാം മിനിറ്റില്‍ ഉപമെക്കാനോ നല്കിയ പാസുമായി ഇംഗ്ലീഷ് ബോക്സില്‍ കയറിയ ഉസ്മാന് ഡെംബെലെയുടെ ഉജ്വല കര്‍വിംഗ് ഫിനിഷ്. സ്കോര്‍ 4-5. ജൂഡ് ബെല്ലിങ്ഗമിലൂടെ (90+8) ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി ജയമാഘോഷിച്ചു. ബോക്സിനുള്ളിലേക്കു പന്തുമായി മുന്നേറിയ ബെല്ലിങ്ഗം, ഇംഗ്ലീഷ് ഡിഫെന്‍ഡര്‍മാരെ കബളിപ്പിച്ച് ഗോള്‍ വലയ്ക്കു സമാന്തരമായി പന്തുമായി സോളോ റണ്‍ ചെയ്തശേഷമായിരുന്നു ഫിനിഷ് ചെയ്തത്.
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഹാട്രിക്ക് നേടുന്ന നാലാമത് ഇംഗ്ലീഷ് താരമെന്ന നേട്ടം ബുക്കായൊ സാകയ്ക്ക്. ജെഫ് ഹസ്റ്റ് (1966ല്‍ ജര്‍മനിക്ക് എതിരേ), ഗാരി ലിനേക്കര്‍ (1986ല്‍ പോളണ്ടിന് എതിരേ), ഹാരി കെയ്ന്‍ (2018ല്‍ പാനമയ്ക്ക് എതിരേ) എന്നിവരായിരുന്നു ഇതിനു മുമ്പ് ഹാട്രിക് നേടിയ ഇംഗ്ലീഷ് താരങ്ങള്‍.
Tags : FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights England France