വെഞ്ഞാറമൂട്: വെമ്പായത്ത് ബാറിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ശ്രീവത്സവം ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് നാല് പേർക്ക് പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
തർക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന നന്നാട്ടുകാവ് സ്വദേശി അനീഷ് (32) പുറത്തുപോയി പെട്രോൾ വാങ്ങിവന്നശേഷം മറ്റ് രണ്ടുപേരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെട്രോൾ ഒഴിക്കുന്നതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു.
ശരീരത്തിൽ തീ പിടിച്ചതോടെ ഇവർ പ്രാണരക്ഷാർഥം ചിതറിയോടി. ബാറിലെ മുറിയിലുണ്ടായിരുന്ന സോഫയിലും മറ്റും തീ പടർന്നതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ പൊള്ളലേറ്റ നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ (30), റിയാസ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ അനീഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിൽ പങ്കാളികളായ പ്രതികൾക്കായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
Tags : Bar Fight Petrol Fire Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash Crime Police Investigation