കോറോ ഹെല്‍ത്ത്
കൊച്ചി: ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട അമേരിക്കൻ മെഡിക്കൽ കോഡിംഗ് കമ്പനിയായ കോറോ ഹെല്‍ത്ത് അധികൃതരുമായി സർക്കാരിന്റെ ചർച്ച ഇന്ന്. ചർച്ചയിൽ കമ്പനി സ്വീകരിക്കുന്ന നിലപാടും സർക്കാരിന്റെ പ്രതികരണവും ജീവനക്കാരുടെ തൊഴിൽസുരക്ഷയിൽ നിർണായകമാകും.
കന്പനി മാനേജ്മെന്റുമായി തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലുള്ള ചർച്ച തിരുവനന്തപുരത്താണ് നടക്കുന്നത്. സർക്കാർതലത്തിലുള്ള രണ്ടാംഘട്ട ചർച്ചയാണിത്. കമ്പനി അധികൃതര്‍ ഈ ചര്‍ച്ചയില്‍ നേരിട്ടു പങ്കെടുക്കും. ഇന്നത്തെ ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കും. ഇതുസംബന്ധിച്ച പ്രാഥമികചർച്ചകൾ നടന്നിട്ടുണ്ട്.
കമ്പനിയുടെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി 830ഓളം ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. നേരത്തേ കൊച്ചിയിൽ കമ്പനിയുടെ അഭിഭാഷകരെയും ജീവനക്കാരുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചു ലേബർ കമ്മീഷണർ യോഗം വിളിച്ചുചേർത്തിരുന്നെങ്കിലും തീരുമാനമായില്ല.
ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ഉറച്ചാണ് കമ്പനി നിലപാടെടുത്തത്. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളില്‍ത്തന്നെ നിലനിര്‍ത്തി ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫീസുകളിലേക്കു മാറ്റാന്‍ കമ്പനി തയാറാകണമെന്നുമുള്ള നിർദേശം സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.
കമ്പനിയുടെ ഭാഗത്തുനിന്ന് ജീവനക്കാർക്ക് അനുകൂലമായ സമീപനമുണ്ടായില്ലെങ്കില്‍ കര്‍ശന നിയമനടപടികളിലേക്കു നീങ്ങുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ ചർച്ചയിലൂടെ തങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് ജീവനക്കാരുടെ പ്രതിനിധികൾ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് അനുസരിച്ച് ജീവനക്കാരെ പിരിച്ചുവിടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണു കോറോ ഹെൽത്ത് കമ്പനി അധികൃതർ പറയുന്നത്. കമ്പനിയുടെ ആഭ്യന്തര തീരുമാനങ്ങളിലും അടച്ചുപൂട്ടലിലും ഇടപെടുന്നതിന് ലേബർ കോഡ് പ്രകാരം സര്‍ക്കാരിനു പരിമിതിയുണ്ടെന്നതും കമ്പനി കണക്കുകൂട്ടുന്നു.
സാമ്പത്തിക പ്രതിസന്ധി, ഓര്‍ഡറുകള്‍ കുറഞ്ഞതിന്റെ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാണ് കമ്പനി അടച്ചുപൂട്ടലിനു കാരണമായി പറയുന്നത്. എന്നാല്‍, രേഖകളില്‍ കമ്പനി ലാഭത്തിലാണെന്നതു സര്‍ക്കാരും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു.
കൂട്ട പിരിച്ചുവിടലിന് 60 ദിവസം മുമ്പ് ജീവനക്കാർക്കു നോട്ടീസ് നൽകണം, പിരിച്ചുവിടലിൽ സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിക്കണം തുടങ്ങിയ ചട്ടങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് സർക്കാർ പറയുന്നു. പിരിച്ചുവിട്ട ജീവനക്കാർക്ക് നഷ്ടപരിഹാരമായി മൂന്നു മാസത്തെ ശമ്പളം കമ്പനി നല്‍കിയിരുന്നു.
Tags : Government Discussion MedicalCoding American CorroHealth