Editorial Audio
കേരളത്തിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷ ബിജെപിക്ക് ഇല്ലെന്നു തോന്നിപ്പിക്കുന്ന ബജറ്റാണ് ഇന്നലെ കേന്ദ്രം അവതരിപ്പിച്ചത്. നേരിയ പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നെങ്കിൽ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങളെങ്കിലും ഉണ്ടാകുമായിരുന്നു. കാലങ്ങളായി ആവശ്യപ്പെടുന്നതും ഇപ്പം ശരിയാക്കുമെന്ന് ബിജെപി സംസ്ഥാനനേതാക്കൾ ആവർത്തിച്ചുകൊണ്ടിരുന്നതുമായ എയിംസ്പോലും അനുവദിച്ചില്ല.
കോർപറേഷൻ കൊടുത്ത തിരുവനന്തപുരത്തിനും ഒന്നുമില്ല. കേന്ദ്ര അവഗണന ആരോപണമാണെന്ന് സമർഥിക്കാനുള്ള കോപ്പുകളൊന്നും ഇനി ബിജെപിക്കില്ല. രണ്ടു കാര്യങ്ങൾ നിരീക്ഷിക്കാതെ വയ്യ. ഒന്ന്, തങ്ങൾക്കു ഭരണമില്ലാത്ത സംസ്ഥാനങ്ങളെ അവഗണിക്കുന്ന ബിജെപിയുടെ ഇടുങ്ങിയ രാഷ്ട്രീയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയർത്തുന്നു.
രണ്ട്, കോർപ്പറേറ്റുകളെയും വിദേശനിക്ഷേപകരെയും ശക്തീകരിച്ച് രാജ്യത്തെ നാലാം സാന്പത്തികശക്തിയാക്കുന്ന യത്നം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ആഘോഷത്തിനപ്പുറം ആളോഹരി വരുമാനത്തിന്റെ യാഥാർഥ്യങ്ങളിലേക്കു കടക്കുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ ഉദ്ദേശിച്ച ഗുണമൊന്നും മലയാളികൾക്കും രാജ്യത്തെ പാവങ്ങൾക്കും ബോധ്യപ്പെടുന്നില്ല.
രാജ്യത്തെ മൊത്തത്തിൽ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളുടെ നേട്ടം ലഭിക്കുമെന്നല്ലാതെ സംസ്ഥാനങ്ങളെ കൈപിടിച്ചുയർത്തുന്ന പരിഗണന തെരഞ്ഞെടുപ്പ് സമയമായിട്ടും കേരളത്തിനു ലഭിച്ചിട്ടില്ല. അതിവേഗപാതയും എയിംസുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. അതുപോലെ കഴിഞ്ഞ ദിവസം സംസ്ഥാനം അവതരിപ്പിച്ച ബജറ്റും കേന്ദ്രവിഹിതത്തിന്റെ അഭാവത്തിൽ പ്രതിസന്ധി നേരിടും.
പലതും നടപ്പാക്കാനാകില്ല. 16-ാം ധനകാര്യ കമ്മീഷന്റെ ശിപാർശപ്രകാരം 41 ശതമാനം വിഹിതമാണ് സംസ്ഥാനങ്ങൾക്കു നൽകാനിരിക്കുന്നത്. കേരളം ആവശ്യപ്പെട്ട 50 ശതമാനമെന്ന ആവശ്യം തള്ളിക്കളഞ്ഞു. ഇതനുസരിച്ചുള്ള 1.4 ലക്ഷം കോടി രൂപയിൽ കേരളത്തിന് എത്രയുണ്ടാകുമെന്നതിൽ അമിത പ്രതീക്ഷ വേണ്ട.
കേവലം ഒന്നോ രണ്ടോ പ്രഖ്യാപനങ്ങളല്ല സംസ്ഥാനത്തിന്റെ ദീർഘകാല പുരോഗതിയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നത് പൊള്ളയായ ന്യായമാണ്. കഴിഞ്ഞ ബജറ്റിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വാരിക്കോരി കൊടുത്തപ്പോൾ ഇതായിരുന്നില്ല ന്യായം. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ നേതൃത്വത്തിന് അമിത പ്രതീക്ഷയില്ലെന്നു വായിച്ചെടുക്കാവുന്നതാണ്.
രാസവളം നിർമാണത്തിന് ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവയുടെ താരിഫുമായി ബന്ധപ്പെട്ട ഇളവ് ഒഴിവാക്കിയതോടെ വളങ്ങളുടെ വില വർധിക്കുമെന്നത് കേരളത്തിലെ കർഷകർക്കും തിരിച്ചടിയാകും. വളം സബ്സിഡിക്കുള്ള വിഹിതത്തിലും കുറവുണ്ട്.
ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സൗരോർജ പാനൽ എന്നിവയുടെ നികുതി കുറച്ചത് നേട്ടമാകും. പ്രമേഹത്തിനും അർബുദത്തിനും ഉൾപ്പെടെ 17 രോഗങ്ങൾക്കുള്ള മരുന്നുകൾക്കു വില കുറച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്ലറ്റുകൾ എന്നിവയ്ക്കും വില കുറയുന്പോൾ ഇറക്കുമതി ചെയ്യുന്നവയ്ക്ക് വില കൂടുന്നത് ഈ മേഖലയിലെ സംരംഭകർക്കു ഗുണകരമാകുന്നതാണ്.
വിദേശ നിക്ഷേപ പരിധി 10 ശതമാനത്തിൽനിന്ന് 24 ശതമാനമായി ഉയർത്തി. അതേസമയം, ഓഹരി അവധി വ്യാപാര ഇടപാടുകൾക്കുള്ള നികുതി നിലവിലുള്ള 0.02 ശതമാനത്തിൽനിന്ന് 0.05 ശതമാനം (50 ശതമാനത്തിലേറെ) ആക്കി ഉയർത്തിയപ്പോൾ ഓഹരിവിപണി ഇടിയുകയും ചെയ്തു. ഊഹക്കച്ചവടസാധ്യത കുറയ്ക്കാനാണെന്നാണ് സർക്കാർ വിശദീകരണം.
എയിംസിന്റെ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കാര്യം എടുത്തുപറയേണ്ടതാണ്. അതു വരുമോ ഇല്ലയോ എന്നതല്ല എവിടെ സ്ഥാപിക്കും എന്നതിനേക്കുറിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കുറച്ചുകാലമായി പറഞ്ഞുകൊണ്ടിരുന്നത്. എയിംസ് വന്നാൽ കേരളത്തിന് എല്ലാം ആകുമെന്നല്ല, പക്ഷേ അതുപോലും തടയുന്നു എന്നത് കേന്ദ്രത്തിന്റെ ശത്രുതാപരമായ നിലപാടായി വിലയിരുത്തപ്പെടും.
ആസൂത്രണത്തിൽ കേരളം സ്വന്തം വഴി തെളിച്ച് വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. ധാതു ഇടനാഴി മുതൽ ഹൈടെക് അഗ്രിക്കൾച്ചറും ടൂറിസവും വരെ ബജറ്റിൽ പരാമർശിച്ചിരിക്കുന്നത് കേരളത്തിനും ഗുണകരമാക്കാനുള്ള കഠിനപരിശ്രമം ഉണ്ടാകണം. അതുപോലെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്തോ-യൂറോപ്യൻ വ്യാപാര ഉടന്പടിയുടെ നേട്ടങ്ങൾ എങ്ങനെ സ്വന്തമാക്കാമെന്നതിൽ ഗൃഹപാഠം വൈകരുത്.
സംസ്ഥാന വികസന ആസൂത്രണങ്ങൾ യാഥാർഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആകേണ്ടതുണ്ട്. കേന്ദ്രവിഹിതത്തെയും പരിഗണനയെയും അമിതമായി ആശ്രയിക്കാനാകില്ല. തനതുവരുമാനം വർധിപ്പിക്കാനുള്ള പുതുവഴികൾ തേടുന്നതിനൊപ്പം കേന്ദ്ര പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലും റിപ്പോർട്ട് സമർപ്പിക്കുന്നതിലും സംസ്ഥാനം വരുത്തിയ വീഴ്ചകൾ ആവർത്തിക്കരുത്.
അമേരിക്ക അധികതീരുവയിലൂടെ ഇന്ത്യയെ വെട്ടിലാക്കിയപ്പോൾ, യൂറോപ്പുമായുള്ള ചർച്ചകൾ ദ്രുതഗതിയിലാക്കി പുതിയ കരാറിലെത്തിയ കേന്ദ്രസർക്കാരിന്റെ കൂർമബുദ്ധി കേരളത്തിനും മാതൃകയാക്കാവുന്നതാണ്. കേന്ദ്രം അവഗണിക്കുന്നു എന്നു പറയാൻ തുടങ്ങിയിട്ടു വർഷങ്ങളായി. പക്ഷേ, ആ യാഥാർഥ്യം ഉൾക്കൊണ്ടുള്ള ആസൂത്രണം ഫലപ്രദമായി നടക്കുന്നു എന്നതിന്റെ സൂചനയൊന്നുമില്ല.
ബജറ്റ്, പാർട്ടിവക ആസ്തി-വരുമാന വിതരണമല്ലെന്നും രാജ്യത്തിന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ജനാധിപത്യധർമം പാലിക്കണമെന്നും ബിജെപി തിരിച്ചറിയേണ്ടതുണ്ട്. സന്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ബ്രിട്ടീഷ് ഭരണകാലത്തേക്കാളും വർധിച്ചെന്ന യാഥാർഥ്യം ആഗോള സാന്പത്തിക ശക്തിപ്രകടനത്തിലെ നാലാം സ്ഥാനത്തിന്റെ സർട്ടിഫിക്കറ്റുകൊണ്ട് മറയ്ക്കാനാകില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്തിന്റെ വാർഷിക വരുമാനത്തിന്റെ 21 ശതമാനം മുകൾതട്ടിലെ ഒരു ശതമാനത്തിന്റെ കൈയിലായിരുന്നു. ഇന്ന് ആ ഒരു ശതമാനത്തിന്റെ കൈയിൽ 22.6 ശതമാനം വരുമാനമെത്തി. ആകെ ധനത്തിന്റെ 58 ശതമാനവും ആ ഒരു ശതമാനത്തിന്റെ കൈയിലായി. ആഭ്യന്തര വരുമാനത്തിൽ (ജിഡിപി) ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്ത് നാലാം സ്ഥാനത്തെത്താൻ ശ്രമിക്കുന്പോഴും ആളോഹരി വരുമാനത്തിൽ വീണുകിടക്കുന്ന ദയനീയ കാഴ്ചയുണ്ട്.
ഐഎംഎഫ് കഴിഞ്ഞ മേയിൽ പുറത്തുവിട്ട കണക്കനുസരിച്ച്, 197 രാജ്യങ്ങളിൽ 141-ാം സ്ഥാനത്താണ് ഇന്ത്യ. ജിഡിപിയിൽ നാം പിന്നിലാക്കിയ ജപ്പാന്റെ ആളോഹരി വരുമാനം 28.8 ലക്ഷം രൂപ. ഇന്ത്യയുടേത് 2.45 ലക്ഷം. കൗശലംകൊണ്ടും പ്രസംഗം കൊണ്ടും വോട്ടു നേടാം. പക്ഷേ, പുരോഗതി തെളിയിക്കാൻ കണക്കുകളെ മാത്രമേ ആശ്രയിക്കാനാകൂ.
ബജറ്റിൽ കേരളത്തോടു കാണിച്ചത് വിലകുറഞ്ഞ രാഷ്ട്രീയമല്ലെന്ന് കേന്ദ്രം കണക്കുനിരത്തി പറയേണ്ടതാണ്. അല്ലെങ്കിൽ ഈ കറുത്ത ഞായർ കേരളത്തിലെ ബിജെപി നേതാക്കളെയും വിഷമവൃത്തത്തിലാക്കും.
Tags : EDITORIAL