x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20
APR
2026

വാ​ൽ​പ്പാ​റ​യി​ൽ കൊ​ഴി​ഞ്ഞ പ​നി​നീ​ർ​പ്പൂ​ക്ക​ൾ പാ​ടി​യ​ത്

Editorial Audio


Published: April 20, 2026 12:00 AM IST | Updated: April 19, 2026 10:05 PM IST

പൂ​ക്ക​ൾ... പ​നി​നീ​ർ​പ്പൂ​ക്ക​ൾ... ഒ​ന്പ​തു പ്രി​യ​ദേ​ഹ​ങ്ങ​ളി​ൽ കേ​ര​ളം ക​ണ്ണീ​രോ​ടെ അ​ർ​പ്പി​ച്ചി​രി​ക്കു​ന്നു.
വാ​ൽ​പ്പാ​റ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഒ​ന്പ​തു പേ​രു​ടെ​യും സം​സ്കാ​രം ജ​ന്മ​നാ​ടാ​യ മ​ല​പ്പു​റം പാ​ങ്ങി​ൽ ക​ഴി​ഞ്ഞു. പ​ക്ഷേ, ആ​ശ ടീ​ച്ച​റു​ടെ നി​ല​ച്ച പാ​ട്ട്, കേ​ര​ള​ത്തെ പി​ന്തു​ട​രു​ന്നു. ഇ​തു​വ​ഴി പോ​യീ​ടും... ഋ​തു പ​ല​തെ​ന്നാ​ലും/​മാ​ന​സ​മാ​കെ ന​മ്മ​ൾ നെ​യ്യും വ​സ​ന്തം... മാ​യ​രു​തെ​ങ്ങും..! ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​സീ​റ്റി​ലി​രു​ന്ന് മൈ​ക്കി​ലൂ​ടെ ആ​ശ​ടീ​ച്ച​ർ പാ​ട​വേ, മ​ര​ണ​മെ​ന്ന ബ​ധി​ര​ൻ വാ​ൽ​പ്പാ​റ-​പൊ​ള്ളാ​ച്ചി പാ​ത​യി​ലെ 13-ാം ന​ന്പ​ർ വ​ള​വി​ൽ വ​ണ്ടി​കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വൈ​കി​യി​ല്ല. ക​ളി​ചി​രി​ക​ളാ​ലും പ്ര​ണ​യ​ഗീ​ത​ങ്ങ​ളാ​ലും നി​റ​ഞ്ഞ വി​നോ​ദ​യാ​ത്രാ​വാ​ഹ​ന​ത്തി​ൽ​നി​ന്ന് അ​വ​രെ ആം​ബു​ല​ൻ​സി​ലേ​ക്കു മാ​റ്റി. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്... ഒ​ന്പ​ത്. പൊ​ള്ളാ​ച്ചി ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മോ​ർ​ച്ച​റി​വാ​തി​ൽ തു​റ​ന്ന​ട​ഞ്ഞു. ഇ​ത്ര​യേ ഉ​ള്ളൂ ജീ​വി​തം. സം​സ്കാ​ര​വും ക​ഴി​ഞ്ഞു. ഉ​ള്ള​സ​മ​യം കു​റ​ച്ചു​കൂ​ടി സ്നേ​ഹി​ച്ചും സ​ഹാ​യി​ച്ചും ജീ​വി​ക്കാ​ൻ പാ​ങ്ങി​ലെ അ​ധ്യാ​പ​ക​ർ ന​മ്മെ പ​ഠി​പ്പി​ക്കു​ന്നി​ല്ലേ? വി​ദ്വേ​ഷ​ഭ്ര​മ​ങ്ങ​ൾ യു​ദ്ധ-​ക​ലാ​പ​ങ്ങ​ളു​ടെ കൊ​ടും​വ​ള​വു​ക​ളി​ലെ​ത്തി​ക്കും​മു​ന്പ് വീ​ണ്ടു​വി​ചാ​രം സാ​ധ്യ​മ​ല്ലേ? പാ​ങ്ങി​ന്‍റെ പ്രാ​ണ​ന​ഷ്ട​ത്തി​ന് അ​തി​ൽ​പ​ര​മൊ​രു ആ​ദ​രാ​ഞ്ജ​ലി​യെ​ന്ത്!

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ല​പ്പു​റം പാ​ങ്ങ് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, വാ​ൽ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു വി​നോ​ദ​യാ​ത്ര​യ്ക്കി​റ​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച പു​ല​രും​മു​ന്പ് മ​ട​ങ്ങി​യെ​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. വ​ന്നു; പ​ക്ഷേ, അ​വ​ർ ക​യ​റി​യ ടെ​ന്പോ ട്രാ​വ​ല​റി​ല​ല്ല, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഒ​ന്പ​ത് ആം​ബു​ല​ൻ​സു​ക​ളി​ൽ! വെ​ള്ളി​യാ​ഴ്ച പ​ക​ൽ അ​തി​ര​പ്പി​ള്ളി​യും വാ​ഴ​ച്ചാ​ലും വാ​ൽ​പ്പാ​റ​യും ക​ണ്ട് ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി വ​ഴി അ​വ​ർ മ​ട​ക്ക​യാ​ത്ര​യി​ലാ​യി​രു​ന്നു. 42 കൊ​ടും​വ​ള​വു​ക​ളു​ള്ള, രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചി​രി​ക്കു​ന്ന ഈ ​കാ​ട്ടു​വ​ഴി വി​നോ​ദ​യാ​ത്രി​ക​രു​ടെ പ്ര​ലോ​ഭ​ന​മാ​ണ്.

മു​ക​ളി​ൽ​നി​ന്നു നോ​ക്കി​യാ​ൽ താ​ഴെ കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​റു​ത്ത ന​ദി പോ​ലെ​യാ​ണ് വ​ഴി. ഇ​ട​യ്ക്ക് ആ​ളി​യാ​ർ അ​ണ​ക്കെ​ട്ട് പ്ര​ത്യ​ക്ഷ​മാ​കും. പാ​ത​യോ​ര​ത്ത് ഇ​റ​ങ്ങി കാ​ഴ്ച കാ​ണാ​തെ​യും ഫോ​ട്ടോ​യെ​ടു​ക്കാ​തെ​യും യാ​ത്രി​ക​ർ​ക്കു പോ​കാ​നാ​കി​ല്ല. മ​ട​ക്ക​യാ​ത്ര പ​തി​വു​പോ​ലെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു. അ​തി​നി​ടെ ആ​ശ​ടീ​ച്ച​ർ പാ​ടി​യ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് കേ​ര​ള​ത്തെ ക​ണ്ണീ​ര​ണി​യി​ച്ച​ത്. മി​നി​റ്റു​ക​ൾ​ക്ക​കം അ​ഞ്ചു​മ​ണി​യോ​ടെ 13-ാം വ​ള​വി​ൽ​നി​ന്ന് 300 അ​ടി​യോ​ളം താ​ഴെ ഒ​ന്പ​താം വ​ള​വി​ലേ​ക്കു വാ​ഹ​നം വീ​ണു. വ​ല​തു​വ​ശം ചേ​ർ​ന്നു ഭി​ത്തി ത​ക​ർ​ത്തു വീ​ണ​തി​നു കാ​ര​ണം ഡ്രൈ​വ​റു​ടെ പി​ഴ​വോ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തോ ആ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നാ​ണ് പാ​ങ്ങ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ആം​ബു​ല​ൻ​സു​ക​ളെ​ത്തി​യ​ത്. ത​യാ​റാ​ക്കി​യി​രു​ന്ന മൊ​ബൈ​ൽ മോ​ർ​ച്ച​റി​ക​ളി​ലേ​ക്ക് ആ​ദ്യം ഇ​റ​ക്കി​ക്കി​ട​ത്തി​യ​ത് ആ​ശ​ടീ​ച്ച​റു​ടെ മൃ​ത​ദേ​ഹ​മാ​യി​രു​ന്നു. പി​ന്നാ​ലെ അ​ജി​ത, റം​ല, റു​ഖി​യ, ഹി​ഷാം, മ​ജീ​ദ്, സു​ഹ​റ, ഷ​ക്കി​ല, സാ​ജി​ത... അ​വ​ർ ഒ​ന്പ​തു പേ​ർ. ക​ര​ഞ്ഞു​ത​ള​ർ​ന്നി​രു​ന്ന വീ​ട്ടു​കാ​ർ​ക്കും പാ​ങ്ങി​ലെ മ​നു​ഷ്യ​ർ​ക്കു​മൊ​പ്പം കേ​ര​ളം തേ​ങ്ങി. ഒ​ര​പ​ക​ടം, കു​ഴ​പ്പം വ​ഴി​യു​ടേ​താ​യാ​ലും ഡ്രൈ​വ​റു​ടേ​താ​യാ​ലും എ​ത്ര​യോ കു​ടും​ബ​ങ്ങ​ളെ​യാ​ണ് നി​രാ​ലം​ബ​രാ​ക്കു​ന്ന​ത്. അ​വ​രു​ടെ ജീ​വി​ത​ങ്ങ​ളൊ​ന്നും പി​ന്നീ​ടൊ​രി​ക്ക​ലും പ​ഴ​യ​തു​പോ​ലാ​കി​ല്ല.

വാ​ൽ​പ്പാ​റ-​പൊ​ള്ളാ​ച്ചി റോ​ഡി​ലെ ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളി​ൽ ത​മി​ഴ്നാ​ട് കൂ​ടു​ത​ൽ സു​ര​ക്ഷ​യൊ​രു​ക്കി​യേ​ക്കാം. പ​ക്ഷേ, കേ​ര​ള​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് അ​പ​ക​ട​മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് നാം ​തി​രി​യേ​ണ്ട​ത്. ത​ക​ർ​ന്ന വ​ഴി​ക​ളും ന​ല്ല വ​ഴി​ക​ളി​ലെ കെ​ണി​ക്കു​ഴി​ക​ളും ഏ​റെ​യു​ണ്ട്. ത​ക​ർ​ന്ന മു​ന്ന​റി​യി​പ്പു​ബോ​ർ​ഡു​ക​ൾ മ​ര​ണ​ത്തെ മ​റ​ച്ചു​പി​ടി​ക്കു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഏ​തു നി​മി​ഷ​വും സം​ഭ​വി​ക്കാ​വു​ന്ന ‘വാ​ൽ​പ്പാ​റ’​ക​ൾ ഏ​റെ​യു​ണ്ട്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പെ​ട്ടെ​ന്നു ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ (ബ്രേ​ക്ക് ഫേ​ഡിം​ഗ്) ചു​ര​മി​റ​ങ്ങു​ന്പോ​ൾ പ​തി​വാ​ണ്.

വ​ള​വു​ക​ളു​ടെ​യും കു​ത്തി​റ​ക്ക​ത്തി​ന്‍റെ​യും തീ​വ്ര​ത​യും കോ​ട​മ​ഞ്ഞി​ന്‍റെ മൂ​ട​ലും പ്ര​വ​ചി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ വേ​ഗം കു​റ​യ്ക്കു​ക, വ​ള​വു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്ക​രു​ത്. ഇ​ന്ധ​ന​ലാ​ഭ​മോ​ർ​ത്ത് ന്യൂ​ട്ര​ലി​ൽ വാ​ഹ​ന​മോ​ടി​ക്ക​രു​ത്, ബ്രേ​ക്ക് ലൈ​ന​ർ ചൂ​ടാ​കാ​നി​ട​യു​ള്ള​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ൾ തു​ട​ർ​ച്ച​യാ​യി ഓ​ടി​ക്ക​രു​ത്, ക്ഷീ​ണ​മോ ഉ​റ​ക്ക​മോ തോ​ന്നി​യാ​ൽ ഉ​ട​നെ വി​ശ്ര​മി​ക്കു​ക... തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ്ര​ധാ​ന​മാ​ണ്. അ​റി​യാ​ത്ത​വ​ര​ല്ല, അ​വ​ഗ​ണി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളും.

ഏ​തൊ​രു ദു​ര​ന്ത​വു​മെ​ന്ന​പോ​ലെ വാ​ൽ​പ്പാ​റ​യും മ​നു​ഷ്യ​വം​ശ​ത്തോ​ടു പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന മ​റ്റൊ​രു ശാ​ശ്വ​ത സ​ന്ദേ​ശ​മു​ണ്ട്. ഇ​ത്ര​മേ​ൽ സു​ന്ദ​ര​വും എ​ന്നാ​ൽ, നൈ​മി​ഷി​ക​വും അ​നി​ശ്ചി​ത​വു​മാ​യ ജീ​വി​ത​ത്തെ വി​ദ്വേ​ഷ​ത്തി​ലേ​ക്കും ശ​ത്രു​ത​യി​ലേ​ക്കും ക്ര​മേ​ണ ക​ലാ​പ​ത്തി​ലേ​ക്കും യു​ദ്ധ​ത്തി​ലേ​ക്കു​മൊ​ക്കെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​നോ​ളം വി​ഡ്ഢി​ത്തം വേ​റെ​യി​ല്ലെ​ന്ന സ​ന്ദേ​ശം. ഒ​രു വ​ള​വി​ലും വാ​ഹ​നം മ​റി​ഞ്ഞി​ല്ലെ​ങ്കി​ലും, ഇ​പ്പോ​ഴു​ള്ള ന​മ്മ​ളീ ക​റു​ത്ത​വ​രും വെ​ളു​ത്ത​വ​രും ന്യൂ​ന​പ​ക്ഷ​വും ഭൂ​രി​പ​ക്ഷ​വും ഇ​ട​ത​നും വ​ല​ത​നും സ്ത്രീ​യും പു​രു​ഷ​നും അ​മേ​രി​ക്ക​ക്കാ​രും ഇ​റാ​ൻ​കാ​രു​മു​ൾ​പ്പെ​ടെ മ​ഹാ​ഭൂ​രി​പ​ക്ഷ​വും അ​ന്പ​തോ അ​റു​പ​തോ വ​ർ​ഷ​ത്തി​ന​കം അ​സ്ഥി​കൂ​ട​ങ്ങ​ളാ​യി​രി​ക്കും.

കൊ​ണ്ടു​പോ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​യാ​ലും ചി​ല്ലി​ക്കാ​ശു​പോ​ലും, ജീ​വി​ച്ചി​രി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട​വ​രും ത​ന്നു​വി​ടി​ല്ല. അ​തി​ശ​യ​ക​ര​മാ​ണ് ജീ​വി​ത​വും മ​ര​ണ​വും. വ​യ​ലി​ലെ പൂ​ക്ക​ളു​ടേ​തു​പോ​ലെ നാം ​നി​ന്നി​രു​ന്ന സ്ഥ​ല​ത്തെ​പ്പോ​ലും അ​ജ്ഞാ​ത​മാ​ക്കു​ന്ന യാ​ഥാ​ർ​ഥ്യം. ന​ന്നാ​യി ജീ​വി​ക്കു​ക, മ​റ്റു​ള്ള​വ​രെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക.

ഒ​രു നി​ല​ച്ച പാ​ട്ട് ആം​ബു​ല​ൻ​സി​ലെ​ത്തു​ന്നു. “ഇ​തു​വ​ഴി പോ​യീ​ടും.. ഋ​തു പ​ല​തെ​ന്നാ​ലും/​മാ​ന​സ​മാ​കെ ന​മ്മ​ൾ നെ​യ്യും വ​സ​ന്തം... മാ​യ​രു​തെ​ങ്ങും..!” പ​നി​നീ​ർ​പ്പൂ​ക്ക​ൾ, കി​ളി​ക​ളു​ടെ ഈ​ണം, ന​റു​മ​ഴ, ഇ​ള​വെ​യി​ൽ, പു​ഴ​ക​ൾ, മു​കി​ലു​ക​ളാം കി​ളി​ക​ൾ, ഋ​തു​ക്ക​ൾ... 13-ാം വ​ള​വി​നു​മു​ന്പ് കാ​ണാ​ൻ ബാ​ക്കി​യു​ണ്ട്. ഭൂ​മി​യെ​ന്ന ഗ്ര​ഹ​ത്തി​ലെ ഹ്ര​സ്വ​ദൂ​ര​യാ​ത്ര​ക്കാ​രേ, ഒ​രു സ്നേ​ഹ​ത്തി​ന്‍റെ സം​ഘ​ഗാ​നം സാ​ധ്യ​മാ​ണ്.

Tags : DEEPIKA EDITORIAL

Recent News

Corehub Up