Editorial Audio
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ (പാറതുരക്കൽ) സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതോടെ ജനങ്ങളുടെ ചിരകാലസ്വപ്നമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ വികസനത്തെ മുൻനിർത്തി ഈ തുരങ്കപാതയെ സ്വാഗതം ചെയ്യാം. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താത്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യുവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവ പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിംഗ് ആരംഭിച്ചത്.
2025 ഓഗസ്റ്റ് 31ന് മുഖ്യമന്ത്രിതന്നെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച തുരങ്കപാത നാല് വർഷംകൊണ്ട് പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 8.73 കിലോമീറ്റർ വരുന്ന ഈ പാത വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. പാതയുടെ 8.11 കിലോമീറ്റർ ഇരട്ടത്തുരങ്കമാണ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചു പൂർത്തിയാക്കുന്ന പദ്ധതിക്ക് 2,134.5 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ലിമിറ്റഡിനാണ് നിർമാണച്ചുമതല. പദ്ധതിയിൽ ഇരുവഞ്ഞി പുഴയ്ക്കു കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റു മൂന്നു ചെറുപാലങ്ങളും ഉൾപ്പെടും.
ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ടത്തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും. ഇത്രയും തുരങ്കനിർമാണവുമായി ബന്ധപ്പെട്ട വസ്തുതകൾ. രണ്ടു ജില്ലകളുടെ വികസനസ്വപ്നങ്ങൾക്ക് നിറംപിടിപ്പിച്ചുകൊണ്ടാണ് ഈ തുരങ്കപാതയുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്.
സ്വപ്നത്തിൽപോലും ആരും കാണാതിരുന്ന പദ്ധതിയാണ് ഇവിടെ യാഥാർഥ്യമാകാൻ പോകുന്നതെന്നു പറയുന്ന സംസ്ഥാന സർക്കാർ വലിയ പ്രതീക്ഷകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വയനാട്ടിലേക്കൊരു സമാന്തരപാത ഈ പ്രദേശത്തുകാരുടെ വർഷങ്ങളായുള്ള സ്വപ്നമാണ്. അങ്ങനെയൊന്നില്ലാത്തതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നവരാണവർ.
പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ വയനാട് ജില്ല പലപ്പോഴും ഒറ്റപ്പെട്ടു. താമരശേരി ചുരത്തിൽ നീണ്ടുനീണ്ടുപോകുന്ന ഗതാഗതക്കുരുക്കുകൾ പതിവായി. ടൂറിസം പ്രധാന വരുമാനമാർഗമായ വയനാട് ജില്ലയെ സുഗമമല്ലാത്ത ഗതാഗതസൗകര്യം വട്ടംചുറ്റിച്ചു. ഇന്ധന-ചരക്കു നീക്കത്തിനും തടസമുണ്ടായി.
ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് തുരങ്കപാതയെ കാണുന്നത്.കോഴിക്കോട്ടുനിന്ന് മേപ്പാടിയിലേക്കുള്ള യാത്രാസമയം തുരങ്കപാത വരുന്നതോടെ ഒരു മണിക്കൂർ കുറയുമെന്നാണ് കരുതുന്നത്. കൃഷി, വ്യവസായ, വിനോദസഞ്ചാര മേഖലകളിൽ പുതിയ സാധ്യതകൾ തെളിയും. അതുപോലെ വളരെ പ്രധാനമാണ് കോഴിക്കോട്-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാകാൻ കഴിയുമെന്നത്.
കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാകാൻ ഇതിനു കഴിയുമെന്നതാണ് മറ്റൊരു ഗുണം.തുരങ്കപാതയെന്ന ആശയം ഉയർന്നുവന്നതു മുതൽ തർക്കങ്ങളുമുണ്ടായി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന എതിർപ്പ്. തുരങ്കപാത പദ്ധതിക്കു കേന്ദ്രമന്ത്രാലയം അനുവദിച്ച പാരിസ്ഥിതിക അനുമതി സംബന്ധിച്ച തർക്കം സുപ്രീംകോടതിയിലേക്കു നീങ്ങുകയാണ്.
പാരിസ്ഥിതിക അനുമതി റദ്ദാക്കുന്നതിന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരേ വയനാട് പ്രകൃതിസംരക്ഷണ സമിതി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പറയുന്നത്. വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചുമാണ് സർക്കാർ പരിസ്ഥിതി അനുമതി നേടിയതെന്ന് സമിതി ആരോപിക്കുന്നു.
വലിയ തോതിലുള്ള വിനാശത്തിന് കാരണമാകുന്നതാണ് തുരങ്കപാത പദ്ധതിയെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം. കോട്ടപ്പടി, വെള്ളരിമല, തിരുവമ്പാടി, ജീരകപ്പാറ വില്ലേജുകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. ആകെ 51. 370 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് ആവശ്യം. ഇതില്‍ 34.304 ഹെക്ടര്‍ വനമാണ്.
തുരങ്കപാതയ്ക്ക് ഉപയോഗപ്പെടുത്തേണ്ട സ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളിൽ നിരവധി തവണ ഉരുള്‍പൊട്ടിയിട്ടുണ്ട്. പുഞ്ചിരിമട്ടവും മുണ്ടക്കൈയും കവളപ്പാറയും പുത്തുമലയും പാതാറുമൊക്കെ പദ്ധതി പ്രദേശത്തിന്റെ ദുര്‍ബലതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നു.
വികസനപദ്ധതികൾ ഏറ്റെടുക്കുമ്പോൾ എല്ലാ വസ്തുതകളും ശാസ്ത്രീയമായി പരിഗണിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. എതിർപ്പുകളെ വികസനവിരോധമെന്നും രാഷ്ട്രീയപ്രേരിതമെന്നും തള്ളിക്കളയുന്നതിനുമുമ്പ് കാര്യങ്ങളുടെ നിജസ്ഥിതി ഉറപ്പാക്കേണ്ടതുമുണ്ട്. അതുപോലെ കേവല പരിസ്ഥിതിവാദത്തിന്റെ പേരിൽ എന്തിനെയും ഏതിനെയും എതിർക്കുന്ന രീതിയും തെറ്റാണ്.
അനാവശ്യ വ്യവഹാരങ്ങളിലൂടെ തുരങ്കപദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഇത്തരം വികസനപദ്ധതികളിൽ ഇലക്ഷൻ ഗിമ്മിക്കുകളോ രാഷ്ട്രീയ കോമരംതുള്ളലോ അല്ല വേണ്ടത്. മറിച്ച്, എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടു പോകാനുള്ള ഇച്ഛാശക്തിയാണ്.
വികസനം മനുഷ്യനുവേണ്ടിയാണ്. പ്രകൃതിയോടു ചേർന്നേ മനുഷ്യനു നിലനില്പുമുള്ളൂ. ഈ ബോധ്യത്തോടെയുള്ള കൂട്ടായ പ്രവർത്തനമുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
Tags : EDITORIAL