x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

02
MAR
2026

ക്രോ​​​ധ​​​മു​​​ന്തി​​​രി​​​യു​​​ടെ ഇ​​​റാ​​​ൻ വി​​​ള​​​വെ​​​ടു​​​പ്പ്

Editorial Audio


Published: March 2, 2026 12:00 AM IST | Updated: March 1, 2026 09:57 PM IST

വി​​​ലാ​​​പ​​​ങ്ങ​​​ൾ​​​ക്കും ആ​​​ഹ്ലാ​​​ദ​​​ങ്ങ​​​ൾ​​​ക്കും മ​​​ധ്യേ ആ​​​യ​​​ത്തു​​​ള്ള ഖ​​​മ​​​നെ​​​യ് ക​​​ബ​​​റി​​​ലാ​​​യി. ഇ​​​സ്‌​​​ലാ​​​മി​​​ക തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളാ​​​യ ഇ​​​റാ​​​നി​​​ലെ മ​​​നു​​​ഷ്യ​​​രും തീ​​​വ്ര​​​വാ​​​ദം മ​​​നു​​​ഷ്യ​​​വം​​​ശ​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​രും അ​​​ന​​​ല്പ​​​മാ​​​യ സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​ണ്. എ​​​ന്നാ​​​ലോ, തീ​​​വ്ര​​​വാ​​​ദ​​​ത്തെ ദൈ​​​വ​​​നി​​​യോ​​​ഗ​​​മാ​​​യെ​​​ടു​​​ത്ത മ​​​ത​​​മൗ​​​ലി​​​ക​​​വാ​​​ദി​​​ക​​​ളും അ​​​മേ​​​രി​​​ക്ക-​​​ഇ​​​സ്ര​​​യേ​​​ൽ അ​​​ച്ചു​​​ത​​​ണ്ട് വി​​​രോ​​​ധ​​​ത്താ​​​ൽ തീ​​​വ്ര​​​വാ​​​ദ​​​ത്തെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​രും മാ​​​ത്ര​​​മ​​​ല്ല, ട്രം​​​പി​​​ന്‍റെ​​​യും നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​ത​​​ക​​​ളോ​​​ടും അ​​​ധി​​​നി​​​വേ​​​ശ​​​ങ്ങ​​​ളോ​​​ടും ​​​വി​​​യോ​​​ജി​​​ക്കു​​​ന്ന​​​വ​​​രും ദുഃ​​​ഖി​​​ത​​​രി​​​ലു​​​ണ്ട്.

സാ​​​ർ​​​വ​​​ത്രി​​​ക ഇ​​​സ്‌​​​ലാ​​​മി​​​ക റി​​​പ്പ​​​ബ്ലി​​​ക്കി​​​നു​​​വേ​​​ണ്ടി പൊ​​​രു​​​തു​​​ന്ന ഹ​​​മാ​​​സ്, ഹി​​​സ്ബു​​​ള്ള, ഹൂ​​​തി​​​ക​​​ൾ തുടങ്ങിയവരുടെ മു​​​ഖ്യ ഊ​​​ർ​​​ജ​​​സ്രോ​​​ത​​​സി​​​ലാ​​​ണ് ബോം​​​ബ് വീ​​​ണി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ക്ഷേ, തീ​​​വ്ര​​​വാ​​​ദ​​​മെ​​​ന്ന വി​​​നാ​​​ശം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ശ​​​രീ​​​ര​​​ങ്ങ​​​ളി​​​ലു​​​മ​​​ല്ല, മ​​​ന​​​സു​​​ക​​​ളി​​​ലാ​​​ണ് വി​​​ത​​​യ്ക്ക​​​പ്പ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യം ഇ​​​റാ​​​ക്കും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു​​​മൊ​​​ക്കെ പ​​​റ​​​ഞ്ഞ് അ​​​മേ​​​രി​​​ക്ക കേ​​​ട്ടി​​​ട്ടു​​​മു​​​ണ്ട്.

ആ​​​ണ​​​വോ​​​ർ​​​ജ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ​​​യും തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​ത​​​യു​​​ടെ​​​യും പേ​​​രി​​​ൽ തു​​​ട​​​ങ്ങി​​​യ യു​​​ദ്ധ​​​ത്തി​​​ന്‍റെ കാ​​​ഴ്ച​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​ത് പെ​​​ൺ​​​കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ ഛിന്ന​​​ഭി​​​ന്ന​​​മാ​​​യ ശ​​​രീ​​​ര​​​ങ്ങ​​​ളു​​​ടെ ക​​​ര​​​ള​​​ലി​​​യി​​​ക്കു​​​ന്ന കാ​​​ഴ്ച​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ്. തെ​​​ക്ക​​​ൻ ഇ​​​റാ​​​നി​​​ലെ മി​​​നാ​​​ബി​​​ലു​​​ള്ള ഷാ​​​ജ​​​റെ ത​​​യ്യ​​​ബെ ഗേ​​​ൾ​​​സ് സ്കൂ​​​ളി​​​ൽ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു അ​​​വ​​​ർ. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ ഒ​​​ന്പ​​​ത​​​ര​​​യ്ക്ക് തു​​​ട​​​ങ്ങി​​​യ യു​​​ദ്ധം 24 മ​​​ണി​​​ക്കൂ​​​ർ പി​​​ന്നി​​​ടു​​​ന്ന​​​തി​​​നു മു​​​ന്പ് ഇ​​​റാ​​​ൻ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തു​​​ള്ള ഖ​​​മ​​​നെ​​​യ്‌​​​യു​​​ടെ​​​യും ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ​​​യും സൈ​​​ന്യ​​​ത്തി​​​ലെ​​​യും പ്ര​​​മു​​​ഖ​​​രു​​​ടെ​​​യും മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​ഴ്ച​​​ക​​​ളാ​​​യി ത​​​യാ​​​റാ​​​യി​​​രു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ബി2 ​​​ബോം​​​ബ​​​റു​​​ക​​​ളും യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്ത​​​തോ​​​ടെ പ​​​ര​​​ക്കെ ബോം​​​ബ് വ​​​ർ​​​ഷ​​​മാ​​​യി.

ഖ​​​മ​​​നെ​​​യ്‌​​​യു​​​ടെ കൊ​​​ട്ടാ​​​രം ഉ​​​ൾ​​​പ്പെ​​​ടെ ചാ​​​ന്പ​​​ലാ​​​യി. ഐ​​​തി​​​ഹാ​​​സി​​​ക ക്രോ​​​ധം എ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യും സിം​​​ഹ​​​ഗ​​​ർ​​​ജ​​​നം എ​​​ന്ന് ഇ​​​സ്രാ​​​യേ​​​ലും വി​​​ശേ​​​ഷി​​​പ്പി​​​ച്ച യു​​​ദ്ധ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ട്രൂ ​​​പ്രോ​​​മി​​​സ് 4 എ​​​ന്ന പേ​​​രി​​​ൽ ഇ​​​റാ​​​നും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ചു. ഖ​​​ത്ത​​​ർ, അ​​​ബു​​​ദാ​​​ബി, കു​​​വൈ​​​റ്റ്, ഇ​​​റാ​​​ക്ക്, ജോ​​​ർ​​​ദാ​​​ൻ എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ച്ചി​​​രു​​​ന്ന ഒ​​​മാ​​​നി​​​ലും ഇ​​​റാ​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ വ​​​ർ​​​ഷി​​​ച്ചു. ബ​​​ഹ​​​റി​​​നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ അ​​​ഞ്ചാം ക​​​പ്പ​​​ൽ​​​പ്പ​​​ട ആ​​​സ്ഥാ​​​ന​​​ത്തും മി​​​സൈ​​​ൽ പ​​​തി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ, ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നാ​​​ൽ തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്ന സൗ​​​ദി അ​​​റേ​​​ബ്യ, ഖ​​​ത്ത​​​ര്‍, കു​​​വൈ​​റ്റ്, ബ​​​ഹ്റി​​​ന്‍, യു​​​എ​​​ഇ, ഒ​​​മാ​​​ന്‍ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ള്‍ ചേ​​​ര്‍ന്ന ജി​​​സി​​​സി (ഗ​​​ൾ​​​ഫ് സ​​​ഹ​​​ക​​​ര​​​ണ സ​​​മി​​​തി)​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ് ഇ​​​റാ​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

98 ശ​​​ത​​​മാ​​​ന​​​വും മു​​​സ്‌​​​ലിം​​​ക​​​ൾ ഉ​​​ള്ള രാ​​​ജ്യ​​​മാ​​​ണ് 1935 വ​​​രെ പേ​​​ർ​​​ഷ്യ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന ഇ​​​സ്​​​ലാ​​​മി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് ഇ​​​റാ​​​ൻ. ഒ​​​രി​​​ക്ക​​​ൽ റ​​​ഷ്യ​​​യു​​​ടെ​​​യും ബ്രി​​​ട്ട​​​ന്‍റെ​​​യും നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ഇ​​​റാ​​​നി​​​ൽ പി​​​ന്നീ​​​ട് ഷാ​​​മാ​​​രു​​​ടെ രാ​​​ജ​​​ഭ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. 1941ൽ ​​​അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ഒ​​​ടു​​​വി​​​ല​​​ത്തെ ഷാ ​​​മു​​​ഹ​​​മ്മ​​​ദ് റേ​​​സ പ​​​ഹ്‌​​​ല​​​വി​​​യെ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​ക്കി​​​യാ​​​ണ് 1979ലെ ​​​ഇ​​​സ്‌​​​ലാ​​​മി​​​ക വി​​​പ്ല​​​വ​​​ത്തി​​​ലൂ​​​ടെ ആ​​​യ​​​ത്തു​​​ള്ള​​​മാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. പ​​​ർ​​​ദ നി​​​രോ​​​ധി​​​ക്കു​​​ക​​​യും മ​​​തേ​​​ത​​​ര വി​​​ദ്യാ​​​ഭ്യാ​​​സം നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്ന കാ​​​ല​​​ത്തു​​​നി​​​ന്ന് ഇ​​​സ്‌​​​ലാ​​​മി​​​ക ഭ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ഇ​​​റാ​​​ൻ എ​​​ടു​​​ത്തെ​​​റി​​​യ​​​പ്പെ​​​ട്ടു. വി​​​പ്ല​​​വ​​​ത്തി​​​നു മു​​​ന്പ് ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ഇ​​​റാ​​​ൻ പി​​​ന്നീ​​​ടു​​​ള്ള 47 വ​​​ർ​​​ഷ​​​വും ശ​​​ത്രു​​​വാ​​​യി​​​രു​​​ന്നു.

ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സി​​​നെ​​​യും ലെ​​​ബ​​​നോ​​​നി​​​ലെ ഹി​​​സ്ബു​​​ള്ള​​​യെ​​​യും യെ​​​മ​​​നി​​​ലെ ഹൂ​​​തി​​​ക​​​ളെ​​​യും ഇ​​​സ്ര​​​യേ​​​ലി​​​നു ചു​​​റ്റും നി​​​ര​​​ത്തി. ഇ​​​സ്‌​​​ലാ​​​മി​​​ക തീ​​​വ്ര​​​വാ​​​ദ​​​ത്തെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്താ​​​ല​​​ല്ലാ​​​തെ ത​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​ധാ​​​ന​​​മാ​​​യി ജീ​​​വി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചു പ​​​റ​​​യു​​​ന്ന ഇ​​​സ്ര​​​യേ​​​ൽ 2023 ഒ​​ക്‌ടോ​​​ബ​​​ർ ഏ​​​ഴി​​​ന് ഹ​​​മാ​​​സ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​വ​​​സ​​​ര​​​മാ​​​ക്കി ഹ​​​മാ​​​സി​​​നെ​​​യും ഹി​​​സ്ബു​​​ള്ള​​​യെ​​​യും ഏ​​​താ​​​ണ്ടു നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി. അ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​ള്ള ഇ​​​പ്പോ​​​ഴ​​​ത്തെ ഇ​​​റാ​​​ൻ ആ​​​ക്ര​​​മ​​​ണം.

ഇ​​​ത് ഒ​​​രൊ​​​റ്റ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. ഇ​​​സ്‌​​​ലാ​​​മി​​​ക തീ​​​വ്ര​​​വാ​​​ദ ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​യ ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ സ​​​ന്പു​​​ഷ്‌​​​ടീ​​​ക​​​ര​​​ണം പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ളി​​​ലൂ​​​ടെ മേ​​​ഖ​​​ല​​​യെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യെ​​​യും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ വ​​​ക​​​തി​​​രി​​​വി​​​ല്ലാ​​​ത്ത ഏ​​​കാ​​​ധി​​​പ​​​തി​​​യാ​​​യി ലോ​​​കം കാ​​​ണു​​​ന്ന ട്രം​​​പി​​​ന്‍റെ ര​​​ണ്ടാം ഭ​​​ര​​​ണം ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ പു​​ക​​​മ​​​റ​​​യി​​​ൽ യു​​​ദ്ധം അ​​​ഴി​​​ച്ചു​​​വി​​​ട്ടു. ത​​​ങ്ങ​​​ളാ​​​ണ് മേ​​​ന്മ​​​യേ​​​റി​​​യ​​​വ​​​ർ എ​​​ന്നു ക​​​രു​​​തി എ​​​പ്പോ​​​ഴും മ​​​റ്റു​​​ള്ള​​​വ​​​രോ​​​ടു ക്രോ​​​ധ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന ട്രം​​​പ് ഇ​​​തി​​​ന് ഐ​​​തി​​​ഹാ​​​സി​​​ക ക്രോ​​​ധ​​​മെ​​​ന്നു പേ​​​രു​​​മി​​​ട്ടു.

ഇ​​​റാ​​​നി​​​ലേ​​​ക്കു വ​​​ന്ന​​​ൽ, 2022ൽ ​​​ശി​​​രോ​​​വ​​​സ്ത്ര​​​ത്തി​​​നി​​​ട​​​യി​​​ലൂ​​​ടെ കാ​​​ണ​​​പ്പെ​​​ട്ട മു​​​ടി​​​നാ​​​രി​​​ന്‍റെ പേ​​​രി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടേ​​​ണ്ടി​​​വ​​​ന്ന മ​​​ഹ്സ അ​​​മീ​​​നി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ മു​​​ത​​​ൽ 2024ൽ ​​​പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ പ​​​ർ​​​ദ​​​ക​​​ളി​​​ലും ഹി​​​ജാ​​​ബു​​​ക​​​ളി​​​ലും ക​​​ത്തി​​​ച്ച സി​​​ഗ​​​ര​​​റ്റി​​​ലും​​​വ​​​രെ ഖ​​​മ​​​നെ​​​യ്‌​​​യു​​​ടെ ശി​​​ക്ഷാ​​​വി​​​ധി എ​​​ഴു​​​ത​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട ക​​​ഴു​​​മ​​​ര​​​ങ്ങ​​​ളു​​​ടെ ക​​​രി​​​നി​​​ഴ​​​ലു​​​ക​​​ളി​​​ൽ അ​​​യാ​​​ൾ സ്വ​​​ന്തം ക​​​ബ​​​റും തോ​​​ണ്ടി. ഒ​​​പ്പം പ​​​ണ​​​പ്പെ​​​രു​​​പ്പ​​​വും വി​​​ല​​​ക്ക​​​യ​​​റ്റ​​​വും അ​​​ഴി​​​മ​​​തി​​​യും കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യും സ​​​ന്പ​​​ന്ന-​​​ദ​​​രി​​​ദ്ര അ​​​ന്ത​​​ര​​​വും എ​​​ല്ലാ​​​ത്തി​​​ലു​​​മു​​​പ​​​രി പു​​​രോ​​​ഹി​​​ത​​​ഭ​​​ര​​​ണ​​​വും അ​​​സ​​​ഹ്യ​​​മാ​​​യ​​​തോ​​​ടെ ജ​​​നം തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി.

അ​​​വ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ ഇ​​​സ്ര​​​യേ​​​ലും അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി​​​രു​​​ന്നു എ​​​ന്ന​​​ത് ര​​​ഹ​​​സ്യ​​​മ​​​ല്ല. ഒ​​​ടു​​​വി​​​ൽ ആ ​​​സ​​​ഹാ​​​യ​​​മെ​​​ത്തി. ഖ​​​മ​​​നെ​​​യ്‌​​​യു​​​ടെ മ​​​ക​​​ൻ മൊ​​​ജ്ത​​​ബ ഖ​​​മേ​​​നി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ പി​​​ൻ​​​ഗാ​​​മി​​​യാ​​​കാ​​​നി​​​ട​​​യു​​​ണ്ടെ​​​ങ്കി​​​ലും യു​​​ദ്ധ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​വ​​​രു​​​ടെ ജീ​​​വ​​​ൻ വ​​​ച്ചു ക​​​ളി​​​ച്ചേ​​​ക്കി​​​ല്ല. ക​​​മാ​​​ൻ​​​ഡ​​​റെ ന​​​ഷ്ട​​​പ്പെ​​​ട്ട മ​​​ത​​​പ​​​ട്ടാ​​​ള​​​മാ​​​യ റ​​​വ​​​ല്യൂ​​​ഷ​​​ണ​​​റി ഗാ​​​ർ​​​ഡ്സ് കോ​​​ർ​​​പ്സി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. ഭ​​​ര​​​ണ​​​മാ​​​റ്റം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന അ​​​മേ​​​രി​​​ക്ക സൈ​​​ന്യ​​​ത്തോ​​​ട് ആ​​​യു​​​ധം വ​​​ച്ചു കീ​​​ഴ​​​ട​​​ങ്ങാ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും യു​​​ദ്ധം ജ​​​യി​​​ച്ചാ​​​ൽ അ​​​വ​​​രു​​​ടെ പാ​​​വ സ​​​ർ​​​ക്കാ​​​ർ ഉ​​​ണ്ടാ​​​കും. ഇ​​​സ്‌​​​ലാ​​​മി​​​ക വി​​​പ്ല​​​വ​​​ത്തി​​​ൽ പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട ഷാ, ​​​മു​​​ഹ​​​മ്മ​​​ദ് റെ​​​സ പ​​​ഹ്‌​​​ല​​​വി​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന മൂ​​​ത്ത പു​​​ത്ര​​​ൻ റെ​​​സ പ​​​ഹ്‌​​​ല​​​വി​​​യെ​​​യോ ത​​​ങ്ങ​​​ളു​​​ടെ ആ​​​ജ്ഞാ​​​നു​​​വ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ള്ള​​​യാ​​​ളെ​​​യോ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക ശ്ര​​​മി​​​ക്കു​​​ക. ഇ​​​റാ​​​ക്കി​​​ലും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലു​​​മൊ​​​ക്കെ പ​​​ണ​​​വും പ്രാ​​​ണ​​​നും ക​​​ള​​​ഞ്ഞു പി​​​ൻ​​​വാ​​​ങ്ങി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ച​​​രി​​​ത്രം ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മോ​​​യെ​​​ന്നും കാ​​​ത്തി​​​രു​​​ന്നു കാ​​​ണ​​​ണം.

രാ​​​ഷ്‌​​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക​​​പ്പു​​​റം ഖ​​​മ​​​നെ​​​യ് വ​​​ധ​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ലെ സ്വാ​​​ത​​​ന്ത്ര്യ​​​മോ​​​ഹി​​​ക​​​ളു​​​ടെ വാ​​​ക്കു​​​ക​​​ളും പ്ര​​​സ​​​ക്ത​​​മാ​​​ണ്. “ഇ​​​തൊ​​​രു സ്വ​​​പ്ന​​​മാ​​​ണോ? ജ​​​ന​​​ങ്ങ​​​ൾ ഖ​​​മ​​​നെ​​​യ്‌​​​യാ​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ വാ​​​യി​​​ച്ചാ​​​ണ് ഞ​​​ങ്ങ​​​ളു​​​ടെ ദി​​​വ​​​സ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു സ​​​ന്തോ​​​ഷ​​​വാ​​​ർ​​​ത്ത​​​യോ​​​ടെ എ​​​ന്‍റെ പ്ര​​​ഭാ​​​തം തു​​​ട​​​ങ്ങി​​​യ​​​ത്. എ​​​നി​​​ക്കി​​​ത് ഓ​​​ടി​​​ന​​​ട​​​ന്ന് എ​​​ല്ലാ​​​വ​​​രോ​​​ടും വി​​​ളി​​​ച്ചു പ​​​റ​​​യ​​​ണം’’- ഇ​​​റാ​​​നി​​​യ​​​ൻ മ​​​നു​​​ഷ്യ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​യ മാ​​​സി​​​ഹ് അ​​​ലി​​​നെ​​​ജാ​​​ദ്.

ശി​​​രോ​​​വ​​​സ്ത്ര​​​ത്തി​​​ലൂ​​​ടെ മു​​​ടി പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​ഹ്സ അ​​​മീ​​​നി ക​​​ബ​​​റി​​​ലൊ​​​ന്നു നി​​​വ​​​ർ​​​ന്നു കി​​​ട​​​ന്നി​​​ട്ടു​​​ണ്ടാ​​​കും.

Tags : DEEPIKA EDITORIAL EDITORIAL

Recent News

Corehub Up