Editorial Audio
നിയമസഭാ തെരഞ്ഞെടുപ്പു വിളിപ്പുറത്താണ്. കേന്ദ്ര-സംസ്ഥാന വാഗ്ദാനങ്ങളുടെ പെരുമഴയിൽ അകപ്പെട്ടിരിക്കുകയാണ് ജനം. പൂമഴയാണോ കല്ലുമഴയാണോ എന്നത് കാത്തിരുന്നു കാണേണ്ടതുതന്നെ. ഭരിക്കുന്നവർക്കും ഭരിക്കാൻ വെമ്പുന്നവർക്കുമൊക്കെ തെരഞ്ഞെടുപ്പുതന്നെ മുഖ്യം; സംശയമില്ല. പക്ഷേ, അതിനിടയിലും മനുഷ്യജീവിതം പതിവുപോലെ മുന്നോട്ടു പോകുന്നുണ്ടെന്ന കാര്യം ചെങ്കോലും ചെങ്കുലയും പിടിച്ചു തുള്ളുന്നവർ മറക്കരുത്.
പറഞ്ഞുവരുന്നത് കർഷകദുരിതത്തെക്കുറിച്ചുതന്നെ. നൂറ്റൊന്നാവർത്തിക്കുന്ന ക്ഷീരബലപോലെ ഓരോ വിളവെടുപ്പിലും പെട്ടുപോകുന്ന നെൽകർഷരെക്കുറിച്ച്. തൊലിക്കട്ടി കൂടുംതോറും ആക്ഷേപ ശരമുനകൾ ഒടിയുമെന്ന യാഥാർഥ്യം കേരളത്തിലെ നെൽകർഷകർ അറിഞ്ഞുകൊണ്ടേയിരിക്കുന്നു.“പൊന്നുഷസിന്റെ കൊയ്ത്തില്‍ നിന്നൂരി-
ച്ചിന്നിയ കതിര് ചുറ്റും കിടക്കെ
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍, ഗ്രാമ
ജീവിതകഥാനാടക ഭൂവില്‍”
മൃത്യുവിന്റെ ധാർഷ്ട്യത്തിനു മുകളിൽ ജീവിതാസക്തിയുടെ വിജയമായി കൊയ്ത്തുത്സവത്തെ ചിത്രീകരിച്ച കവി വൈലോപ്പിള്ളിയുടെ കാവ്യബിംബങ്ങൾക്കിടയിൽ ഇന്നു തെളിയുന്നത് മരിക്കണോ ജീവിക്കണോ എന്ന സന്ദിഗ്ധാവസ്ഥയിൽ ഉഴലുന്ന കർഷകന്റെ ദയനീയ ചിത്രമാണ്. മില്ലുകാരുടെ പിഴിച്ചിലും ഉദ്യോഗസ്ഥരുടെ അവഗണനയും ചേർന്ന് കർഷകനെ ഒരു പരുവമാക്കിയിരിക്കുന്നു. കർഷകർക്കുവേണ്ടി സംസാരിക്കാൻ സർക്കാരോ സംഘടനകളോ, ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരോ ഇല്ല. കർഷകർക്കായി മുഴങ്ങുന്ന മരണമണിയുടെ നാദമാകും ഇനി കവിതകളിൽ മുഴങ്ങുക. പുഞ്ചക്കൃഷി വിളവെടുപ്പ് ആരംഭിച്ചിട്ട് ഒരു മാസത്തോളമായി.
ഇത്തവണ കാലാവസ്ഥ അനുകൂലമായിട്ടും നെൽകർഷകർ നടുക്കടലിൽതന്നെ. നല്ല വിള കിട്ടിയ ആനന്ദം വളരെ പെട്ടെന്നാണ് അനിശ്ചിതത്വത്തിന്റെ ഇരുളിലേക്കു വഴിമാറിയത്. കൊയ്ത്തിനുള്ള ഒരുക്കം തുടങ്ങിയപ്പോഴേ പ്രതീക്ഷ മങ്ങി. കൊയ്ത്തുയന്ത്രങ്ങൾ കിട്ടാനില്ല. വാടകയാണെങ്കിൽ മണിക്കൂറിന് 2,200 മുതൽ 2,600 വരെ. പഴഞ്ചൻ യന്ത്രങ്ങൾ ഏങ്ങിയും വലിഞ്ഞും ഇരട്ടിയിലേറെ സമയമെടുത്താണ് കൊയ്തു തീർക്കുന്നത്. അവിടെത്തുടങ്ങുന്നു കർഷകരുടെ നഷ്ടക്കണക്ക്. കൂട്ടിയിട്ട നെല്ലിനു മുമ്പിൽ പിന്നെ കാത്തിരിപ്പാണ്. സപ്ലൈകോ നിയോഗിച്ച മില്ലുകാരുടെ ഏജന്റ് പരമാധികാരിയാകും. അവരുടെ സൗകര്യത്തിന് വരും, പോകും. കൊയ്ത് ആഴ്ചകളായിട്ടും ഏജന്റുമാർ തിരിഞ്ഞുനോക്കാത്ത പാടങ്ങളുമുണ്ട്.
മില്ലുകാരെ നിയന്ത്രിക്കേണ്ട ജില്ലാ പാഡി ഓഫീസർമാരുടെ കഥ അതിലും കഷ്ടം. മില്ലുകളുടെ താളത്തിനൊത്തു തുള്ളുകയാണ് മിക്ക ഓഫീസർമാരും. കാത്തിരുന്ന് കാത്തിരുന്ന് നെല്ല് മറിച്ചും തിരിച്ചും ഉണക്കിക്കൂട്ടി മടുത്ത കർഷകർ നിസഹായരായി എങ്ങനെയെങ്കിലും കൈമാറാമെന്ന സ്ഥിതിയിലാവും. അതോടെ മില്ലുകാർ യഥാർഥ മുഖം കാണിക്കും. രണ്ടു കിലോ മുതൽ പത്തു കിലോ വരെ കിഴിവാണ് വേനൽക്കാലത്തും ചോദിക്കുന്നതെന്ന് കർഷകർ പറയുന്നു. ഇതു ചോദ്യം ചെയ്യേണ്ട ഭരണാധികാരികൾ അധികാരമുറപ്പിക്കുന്ന ഞാണിന്മേൽ കളികളിലും.
പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പുന്നോൺ പാടശേഖരത്തിലെ കർഷകർ കിഴിവു കൂട്ടിയതിനെ എതിർത്തപ്പോൾ നെല്ലെടുക്കാതെയാണ് മില്ലുകാർ പകരം വീട്ടിയത്. പാഡി ഓഫീസർ ഇടപെട്ട് അരക്കിലോ മാത്രമാണ് കിഴിവിൽ കുറച്ചത്. 100 കിലോ നെല്ലിന് 3.5 കിലോ കിഴിവ് നല്‍കേണ്ടിവന്നു. വൻ നഷ്ടമാണെന്ന് കർഷകർ പറയുന്നു. ഓരോ പാടശേഖരത്തിനും മില്ലുകളെ മുൻകൂറായി നിശ്ചയിച്ചു എന്നാണ് സർക്കാർ ഭാഷ്യം. വിളവെടുപ്പു കഴിഞ്ഞ് രണ്ടു-മൂന്നു ദിവസം കഴിഞ്ഞെത്തുന്ന മില്ലുകാർ പിന്നെയും ഒന്നു-രണ്ടു ദിവസം കഴിഞ്ഞാണ് സംഭരിക്കാൻ പറ്റില്ലെന്നു പറയുന്നത്. കൊയ്ത്തു കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം പുതിയ മില്ലുകാരെ തേടി പോകേണ്ട ഗതികേടിലാണ് കർഷകർ.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കൃഷി ഓഫീസറെ വിളിച്ചാൽ കർഷകർതന്നെ മില്ലുകാരുമായി ധാരണയിലെത്താനാണ് നിർദേശം. എന്നു കൊയ്ത്ത് നടന്നു, എന്നു നെല്ല് സംഭരിച്ചു എന്നതിനെപ്പറ്റി പല ഉദ്യോഗസ്ഥർക്കും യാതൊരു ധാരണയുമില്ല. എന്തിനിങ്ങനെയൊരു വകുപ്പ് എന്ന് കർഷകർ ചിന്തിച്ചുപോകുന്നതിൽ അദ്ഭുതമില്ല. സംഭരണകേന്ദ്രങ്ങളിൽ എത്തിപ്പെടാനാകാത്ത വലിയ വാഹനങ്ങൾ കൊണ്ടുവന്ന് കർഷകർക്ക് വീണ്ടും സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന മില്ലുകാരും കുറവല്ല. ചെറിയ വാഹനങ്ങളുപയോഗിച്ച് വലിയ വാഹനങ്ങളിലേക്ക് നെല്ല് കടത്തുന്ന വകയിലും നഷ്ടം സഹിക്കേണ്ടിവരുന്നു.
ദൂരപരിധി പരിഗണിക്കാതെ അമിതകൂലി വാങ്ങുന്ന ചുമട്ടുകാരും കൂടിയാകുമ്പോൾ കർഷകരുടെ ദുരിതചിത്രം പൂർത്തിയാകുന്നു. മില്ലുകാരും പാടശേഖര സമിതികളും തമ്മിൽ തർക്കം മൂർച്ഛിച്ചാൽ നെല്ല് സംഭരണം പ്രതിസന്ധിയിലാകും. കർഷകർക്ക് നഷ്ടം വന്നാൽ അടുത്ത കൃഷിയെയും അതു ബാധിക്കും. പ്രാദേശിക പ്രതിസന്ധികൾക്കെല്ലാം പാഡി ഓഫീസർമാരെയാണ് കർഷകർ കുറ്റപ്പെടുത്തുന്നത്. മഴയ്ക്കുമുന്പേ കളംപിരിയണമെന്ന വ്യഗ്രതയിലാണ് കർഷകർ. അത് മുതലെടുക്കുകയാണ് മില്ലുകാർ. ഉണക്കുള്ളതിനും കിഴിവ് ആവശ്യപ്പെടുമ്പോൾ കർഷകർ സഹായത്തിനു നോക്കുന്നത് ഉദ്യോഗസ്ഥരെയും സർക്കാരിനെയുമാണ്.
അവരുടെ നിസംഗത കാണുമ്പോൾ സർക്കാർ ആർക്കൊപ്പം എന്ന ചോദ്യമാണ് ഉയരുന്നത്.അതേസമയം, നെല്ല് സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ 1,300 കോടി രൂപ നല്‍കാനുണ്ടെന്ന പല്ലവിയാണ് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നത്. സംഭരണത്തിൽ പ്രതിസന്ധിയുണ്ടെന്ന് സർക്കാർ സമ്മതിക്കുന്നുണ്ട്. കേന്ദ്രസർക്കാർ നല്‍കേണ്ട താങ്ങുവില വൈകുന്നതും ഭീമമായ കുടിശികയുമാണ് കാരണമായി പറയുന്നതെന്നു മാത്രം. സംസ്ഥാന സർക്കാർ ചെയ്യേണ്ടതു ചെയ്തോ എന്ന ചോദ്യത്തിനു മാത്രം മറുപടിയില്ല. കേന്ദ്രം വിലക്കിയാലും സംസ്ഥാന സർക്കാർ നല്കുന്ന അധികബോണസ് തുടരുമെന്ന പ്രസ്താവനയും.
അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നു ഫലിപ്പിക്കാൻ രാഷ്ട്രീയക്കാർക്കുള്ള മിടുക്ക് പാടത്തു വിയർപ്പൊഴുക്കുന്ന കർഷകർ പഠിക്കാൻ മറന്ന പാഠമാണ്. കുട്ടനാട്ടിലടക്കം കർഷകർക്ക് നെൽകൃഷി ചെയ്യാതിരിക്കാനാകില്ല. ഓരോ വിളവെടുപ്പും കർഷകർക്ക് പ്രതീക്ഷയുടെ കാലമാണ്. വട്ടിപ്പലിശയ്ക്കും സ്വർണം പണയംവച്ചും കൃഷി നടത്തുന്നവർ പ്രതീക്ഷയുടെ ആകാശത്തുനിന്ന് അവഗണനയുടെയും നഷ്ടങ്ങളുടെയും നരകക്കുണ്ടിലേക്കാണ് മൂക്കുംകുത്തി വീഴുന്നത്. ഇലക്ഷനും ഭരണവുമെല്ലാം ആർക്കുവേണ്ടിയാണെന്ന പ്രാഥമിക ബോധമെങ്കിലും രാഷ്ട്രീയകക്ഷികൾക്കുണ്ടായില്ലെങ്കിൽ കർഷകരോഷത്തിൽ ചാമ്പലാകുന്നത് അവരുടെ അഹന്തയും അവകാശവാദങ്ങളുമാകും.
Tags : EDITORIAL