പരിപാടിയിൽ നിന്ന്
റിയാദ്: സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
റിയാദിലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. താൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വിദ്യാർഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വിദ്യാർഥി സമൂഹത്തിന് നൽകിയ പിന്തുണയും ആത്മവിശ്വാസവും ഇന്നും വലിയ പ്രചോദനമാണെന്ന് പി.കെ. ബിജു പറഞ്ഞു.
അത്തരം അടിച്ചമർത്തൽ സമീപനമാണ് ഇന്ന് കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരേ സ്വീകരിക്കുന്നതെന്നും ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവിരുദ്ധ നയങ്ങൾക്കെതിരേ ശക്തമായ ജനകീയ പോരാട്ടം നയിക്കാൻ വി.എസ് കാണിച്ചുതന്ന വഴിയിലൂടെ മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോസഫ് ഷാജി അനുസ്മരണ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീനാ സെബിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
രക്ഷാധികാരി സമിതി അംഗം സുനിൽ കുമാർ സ്വാഗതവും ഗഫൂർ ആനമാങ്ങാട് നന്ദിയും പറഞ്ഞു.
Tags : V.S.Achuthanandan KELI CPM