പ്രതീകാത്മക ചിത്രം
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിക്ക് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ക്ക് കൂടി ജാമ്യം. ഷഹിന്‍, നിതിന്‍ രാജ് എന്നിവര്‍ക്കാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ കേസില്‍ ഇതുവരെ 15 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.
തിങ്കളാഴ്ച ഒൻപത് പ്രതികള്‍ക്കും ചൊവ്വാഴ്ച നാലു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സര്‍ക്കാരും ഇഡിയും പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണ്, തെളിവുകള്‍ പൂര്‍ണമായും കണ്ടെടുത്തിട്ടില്ല എന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം.
ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രണം നടന്നത്, ഉദ്യോഗസ്ഥരെ വധിക്കുക എന്നതായിരുന്നു ലക്ഷ്യം, അതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു ഇഡിയുടെ വാദം. ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.
മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു.