പ്രതീകാത്മക ചിത്രം
ടെഹ്റാൻ: യുഎസുമായുള്ള യുദ്ധം ആറാം മാസത്തിലേക്ക് കടന്നതോടെ ഇറാൻ ജനത കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സ്വന്തം മുടി മുതൽ പെർഫ്യൂം കുപ്പികൾ വരെ കയ്യിൽ കിട്ടുന്നതെന്തും വിറ്റോ വാടകയ്ക്ക് കൊടുത്തോ ജീവിതച്ചെലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങൾ. യുദ്ധത്തെത്തുടർന്ന് രാജ്യത്ത് ഒരു ‘അതിജീവന സമ്പദ്വ്യവസ്ഥ’ തന്നെ രൂപപ്പെട്ടതായി ഇറാൻ വാർത്താ ഏജൻസിയായ 'ഇൽന' റിപ്പോർട്ട് ചെയ്തു.
സാധാരണ സമയത്ത് യാതൊരു ഉപയോഗവുമില്ലാത്ത വസ്തുക്കൾ പോലും ഇപ്പോൾ കുടുംബങ്ങളുടെ പ്രധാന വരുമാന മാർഗമാണ്. ഇറാനിലെ പുതിയ ട്രെൻഡുകളിലൊന്ന് മുടി വിൽപ്പനയാണ്. മുടിയുടെ നീളം, നിറം, ഗുണം എന്നിവ അടിസ്ഥാനമാക്കി ആയിരക്കണക്കിന് റിയാലാണ് ആളുകൾ ആവശ്യപ്പെടുന്നത്. ഉപയോഗിച്ച വസ്ത്രങ്ങൾ, ചെരിപ്പുകൾ, പെർഫ്യൂം കുപ്പികൾ എന്നിവയെല്ലാം ഓൺലൈൻ വഴി വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.
ലാപ്ടോപ്പുകൾ അധിക വരുമാനത്തിനുള്ള വഴിയായി മാറി. ജോലി ആവശ്യങ്ങൾക്കും ഓൺലൈൻ ക്ലാസുകൾക്കുമായി മണിക്കൂർ അടിസ്ഥാനത്തിലാണ് ലാപ്ടോപ്പുകൾ വാടകയ്ക്ക് നൽകുന്നത്. വിലക്കയറ്റം രൂക്ഷമായതോടെ ഇറേനിയൻ റിയാലിന്റെ മൂല്യം തകർന്നു. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് പണപ്പെരുപ്പം 66 ശതമാനത്തിലെത്തി നിൽക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വില വാനോളമുയരുകയും ജനങ്ങളുടെ വാങ്ങൽ ശേഷി ക്രമാതീതമായി താഴുകയും ചെയ്തതോടെ, നിത്യചിലവുകൾ പോലും നടത്താനാകാതെ ഭക്ഷ്യസാമഗ്രികൾ തവണ വ്യവസ്ഥയിൽ വാങ്ങാൻ നിർബന്ധിതരാവുകയാണ് സാധാരണക്കാർ.
Tags : Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash