ലോക്സഭ
ന്യൂഡൽഹി: തുടർച്ചയായ പതിനൊന്നാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ചു. ഇതോടെ ചർച്ചകളില്ലാതെ കേന്ദ്രസർക്കാർ ബില്ലുകൾ പാസാക്കിത്തുടങ്ങി. ലോക്സഭ ധനവിനിയോഗ ബില്ലും, രാജ്യസഭ ജനന- മരണ രജിസ്ട്രേഷൻ ബില്ലും ഇന്നലെ പാസാക്കി. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം കൂട്ടിയ ഭേദഗതി ബില്ലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന ഭേദഗതി ബില്ലും രാജ്യസഭയിൽ ഇന്നലെ ചർച്ചയില്ലാതെ പാസാക്കി.
രാവിലെ സഭാ നടപടികൾ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിരിഞ്ഞു. ഉച്ചകഴിഞ്ഞു രണ്ടിന് ഇരുസഭകളും വീണ്ടും ചേർന്നെങ്കിലും ബഹളം തുടരുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി പറയാത്തതിനെ കോൺഗ്രസ് ചോദ്യംചെയ്തപ്പോൾ, സമാജ്വാദി പാർട്ടി രാമക്ഷേത്ര സംഭാവന വിവാദത്തിൽ പ്രതിഷേധമുയർത്തി.
തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തതിൽ ഡിഎംകെയും പ്രതിഷേധിച്ചു. ലോക്സഭ പിരിഞ്ഞശേഷവും ഡിഎംകെ എംപിമാർ പാർലമെന്റിനുപുറത്ത് പ്രതിഷേധിച്ചു.
രാജ്യസഭയിൽ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ രാമക്ഷേത്ര കൊള്ള ഉന്നയിച്ചതോടെയാണു പ്രതിപക്ഷബഹളം ആരംഭിച്ചത്. രാജ്യത്തെ ഗൗരവമേറിയ പ്രശ്നങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഖാർഗെ പറഞ്ഞു. ഇഡി, സിബിഐ, ആദായനികുതി മുതലായ അന്വേഷണ ഏജൻസികൾ എവിടെയെന്ന് അദ്ദേഹം ചോദിച്ചു.
ശ്രീരാമന്റെ പേരുപറഞ്ഞ് കൊള്ള നടത്തിയവർ രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണു ഖാർഗെ നടത്തിയതെന്നും മാപ്പ് പറയണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയിൽ ആവശ്യപ്പെട്ടു. തുടർന്ന് ഭരണപക്ഷ എംപിമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ രാജ്യസഭ പിരിച്ചുവിടുകയായിരുന്നു.
Tags : Uproar everywhere