എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട്
ന്യൂഡൽഹി: തായ്ലൻഡിലെ ഫുക്കറ്റിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 17 പേർക്കു പരിക്ക്. പരിക്കേറ്റ പത്തു യാത്രക്കാരെയും നാല് ജീവനക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.40 ന് ഫുക്കറ്റിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനം ആകാശച്ചുഴിയിൽപ്പെട്ടതോടെ 300 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിമാനം തലകീഴായി മറിയുന്നതായി തോന്നിയെന്നും വിമാനത്തിലുണ്ടായിരുന്ന നിരവധി പേർക്കു പരിക്കേറ്റതായും യാത്രക്കാർ ആരോപിച്ചു.
പെട്ടെന്നുണ്ടായ പ്രകമ്പനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന ചില യാത്രക്കാരും ജീവനക്കാരും തെന്നിവീഴുകയും തലയ്ക്കും ശരീരഭാഗങ്ങൾക്കും പരിക്കേൽക്കുകയും ചെയ്തു. അതേസമയം, നിസാര അപകടമാണു സംഭവിച്ചതെന്നും പരിക്കേറ്റ യാത്രക്കാർക്ക് അടിയന്തര ചികിത്സ നൽകിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി. രാവിലെ 11ഓടെ വിമാനം സുരക്ഷിതമായി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനം ലാൻഡ് ചെയ്തയുടൻ തയാറായി നിന്ന മെഡിക്കൽ സംഘം പരിക്കേറ്റവരെ എയർപോർട്ടിലെ മെഡിക്കൽ കേന്ദ്രത്തിലേക്കും തുടർന്ന് വിവിധ ആശുപത്രികളിലേക്കും മാറ്റി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Air India flight caught air pocket