കൊച്ചി: പുതിയ റാഗിംഗ് നിരോധന നിയമം പാസാക്കുന്നതുവരെ കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നടപ്പാക്കിക്കൂടെയെന്നു ഹൈക്കോടതി. റാഗിംഗ് ക്രൂരതകളുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച ചീഫ് ജസ്റ്റീസ് സൌമെന് സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണു സര്‍ക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്.നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം 14ന് പരിഗണിക്കാനായി മാറ്റി.
കോളജുകളിലും സ്കൂളുകളിലും റാഗിംഗ് കര്‍ശനമായി നേരിടാന്‍ സമഗ്ര റാഗിംഗ് നിരോധന നിയമം വേണമെന്നാവശ്യപ്പെട്ടു കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. പുതിയ റാഗിംഗ് ബില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അന്തിമമാക്കാന്‍ സമയം വേണമെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അതുവരെ കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന നിര്‍ദേശം കോടതി മുന്നോട്ടുവച്ചത്.
Tags : Court asks if becomes law