കോട്ടയം: മലയോരത്തും കിഴക്കന്‍ മേഖലയിലും ഇടവിട്ടു പെയ്യുന്ന അതിശക്ത മഴ, പ്രളയത്തില്‍ മുങ്ങിയ പടിഞ്ഞാറന്‍ മേഖല. തോരാ പെയ്ത്തില്‍ കോട്ടയത്ത് തീരാദുരിതം. 2018ലെ വലിയ വെള്ളപ്പൊക്കത്തിനു സമാനമായ രീതിയിലാണ് ജില്ലയെ പ്രളയം മുക്കിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ അതിതീവ്ര മഴയത്ത് കിഴക്കന്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മീനച്ചിലാര്‍ കരകവിഞ്ഞ് ഈരാറ്റുപേട്ടയെയും പാലായെയും വെള്ളത്തില്‍ മുക്കിയ ശേഷമാണ് കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയെയും പ്രളയത്തില്‍ മുക്കിയത്.
കോട്ടയത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇന്നലെ രാവിലെ വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവാര്‍പ്പ്, കുമരകം, അയ്മനം, ആര്‍പ്പൂക്കര, മണര്‍കാട്, അയര്‍ക്കുന്നം, പുതുപ്പള്ളി, പനച്ചിക്കാട്, നീണ്ടൂര്‍, അതിരമ്പുഴ, മറവന്തുരുത്ത്, ഉദയനാപുരം, തലയോലപ്പറമ്പ്, മുളക്കുളം, ഞീഴൂര്‍, കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകളിലും ഏറ്റുമാനൂര്‍, കോട്ടയം മുനിസിപ്പാലിറ്റികളുടെ താഴ്ന്ന പ്രദേശങ്ങളും ചങ്ങനാശേരിയുടെ താഴ്ന്ന പ്രദേശങ്ങളുമാണ് വെള്ളത്തിലായത്. കിഴക്കന്‍ വെള്ളം വന്നുകൊണ്ടിരിക്കുന്നതും മഴ തുടരുന്നതും മൂലം ഇവിടങ്ങളില്‍നിന്നും ഇന്നലെ രാത്രിയിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല.
വെള്ളക്കെട്ട് രൂക്ഷമായതോടെ എംസി റോഡില്‍ കോട്ടയം കോടിമത, നാഗമ്പടം പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടായി. കോടിക്കണക്കിനു രൂപ മുടക്കി പുനര്‍നിര്‍മിച്ച ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ മൂവായിരത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ജില്ലാ ഭരണകൂടത്തിന്റെയും ത്രിതലപഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതും ദുരിതാശ്വാസപ്രവര്‍ത്തനങ്ങൾ നടന്നുവരുന്നതും.
മഴ തുടരുന്നതിനാല്‍ ജില്ലയിലെ പ്രധാന നദികളായ മീനച്ചില്‍, മണിമല, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ടു കാണാതായ മണര്‍കാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ ആറായി.