ചക്രവാതച്ചുഴികൾ
തിരുവനന്തപുരം: തോരാമഴയിലും തീവ്രദുരിതത്തിലും വലയുന്ന കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി വീണ്ടും പെരുമഴക്കാല മുന്നറിയിപ്പ്. തെക്കൻ കർണാടകയ്ക്കും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികൾ അടുത്ത നാലുദിവസംകൂടി കേരളത്തിൽ മഴ ശക്തമാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഒൻപത് ജില്ലകളിൽ ഇന്നും നാലു ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇതോടെ ദിവസങ്ങളായി ദുരിതമഴയിൽ പകച്ചു നിൽക്കുന്ന കേരളം പ്രളയഭീതിയുടെ നിഴലിലായിരിക്കുകയുമാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് തുടരും. മറ്റെല്ലാ ജില്ലകളിലും വെള്ളിയാഴ്ച വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ആന്ധ്രപ്രദേശ് തീരപ്രദേശത്തിനും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിലുമാണ് രണ്ടു ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നത്. ചക്രവാതച്ചുഴിക്കൊപ്പം സജീവമായ പടിഞ്ഞാറൻ കാറ്റും അന്തരീക്ഷ വായുവിലെ ഈർപ്പത്തിന്റെ വർധിച്ച തോതുമാണ് മഴ ശക്തിപ്പെടാനുള്ള പ്രധാന കാരണമെന്നുമാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതും അതിശക്തമായതുമായ മഴ ലഭിക്കാനിടയുള്ളതിനാൽ മലയോര മേഖലകൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദീതീരങ്ങൾ, വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പ്രളയദുരിതം തുടരുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും മണ്ണ് പൂർണമായി കുതിർന്നു കിടക്കുന്നതിനാൽ ചെറിയ തോതിലുള്ള മഴപോലും മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകുന്നതിനും കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അറബിക്കടലിലും കേരള-ലക്ഷദ്വീപ് തീരത്തും ശക്തമായ കാറ്റിനും മോശം കടൽസ്ഥിതിക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പരീക്ഷകൾ മാറ്റിവച്ചു
കേരള സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പടെ) മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർവകലാശാല അറിയിച്ചു.
മഴക്കെടുതി: മരണം 25 ; ദുരിതാശ്വാസ ക്യാന്പുകളിൽ 18,434 പേർ
തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നു മുതൽ സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിലും തുടർന്നുണ്ടായ പ്രളയദുരന്തങ്ങളിലും ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. പത്തു പേർക്ക് വിവിധ അപകടങ്ങളിൽ പരിക്കേറ്റു. നാലു പേരെ കാണാതായി.
മഴക്കെടുതിയുടെ ദുരിതം വ്യാപകമായതോടെ സംസ്ഥാനത്താകെ 418 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 18,434 പേരാണ് വിവിധ ക്യാന്പുകളി ലായി കഴിയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ മധ്യകേരളത്തിലടക്കമുള്ള ക്യാന്പുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളിലും വെള്ളം കയറിയതോടെയാണ് ക്യാന്പിൽ കഴിയുന്നവരുടെ ദുരിതം ഇരട്ടിയായത്.
സംസ്ഥാനത്ത് ഇതുവരെ 52 വീടുകൾ പൂർണമായും 565 വീടുകൾ ഭാഗികമായും തകർന്നതായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം വ്യക്തമാക്കി. ദുരിത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കോട്ടയം ജില്ലയിലാണ്. ജില്ലയിലുണ്ടായ മഴക്കെടുതിയിൽ അഞ്ചു പേർക്കാണ് ജീവൻ നഷ്ടമായത്. മലപ്പുറത്ത് നാല് പേരും തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്നുപേർ വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിൽ രണ്ടുപേർ വീതവും പത്തനംതിട്ടയിൽ ഒരാളും പാലക്കാട് ജില്ലയിൽ ഒരാളും മരിച്ചു.
തിരുവനന്തപുരം ജില്ലയിൽ രണ്ടുപേരെയും കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തരെയും കാണാതായിട്ടുണ്ട്.ദുരിതാശ്വാസ ക്യാന്പുകളിൽ അഭയം തേടിയവരിൽ 7,583 പുരുഷന്മാരും 7,966 സ്ത്രീകളും 2,885 കുട്ടികളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ക്യാന്പുകൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ്. പത്തനംതിട്ട ജില്ലയിൽ ഇന്നലെ വരെ 143 ഉം കോട്ടയം ജില്ലയിൽ 135 ക്യാന്പുകളുമാണ് തുറന്നത്.
മഴക്കെടുതിയിൽ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത്, 14 എണ്ണം. പത്തനംതിട്ടയിൽ 103 വീടുകളും കോട്ടയത്ത് 88 വീടുകളും ഇടുക്കിയിൽ 86 വീടുകളും ഭാഗികമായി തകർന്നു. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണെന്നും ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
10 ജില്ലകളിൽ അവധി
തിരുവനന്തപുരം:മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്തു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ പ്രഫഷണൽ കോളജുൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കണ്ണൂരിൽ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
Tags : Twin cyclonic circulations