പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്സ്ബുക്കിൽ നിന്ന് താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി മാപ്പ് പറയണമെന്ന് വിവരസാങ്കേതികവിദ്യ സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. മൂന്ന് ദിവസത്തിനകം മാപ്പ് പറയുകയും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തില്ലെങ്കിൽ ഐടി നിയമത്തിലെ 'സേഫ് ഹാർബർ' സംരക്ഷണം റദ്ദാക്കുമെന്നും പാനൽ മുന്നറിയിപ്പ് നൽകി.
ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള സമിതി, 140 കോടി ജനങ്ങളുടെ പ്രതിനിധിയായ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് കുറ്റപ്പെടുത്തി. സാങ്കേതിക തകരാറ് മൂലമാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വിശദീകരണം കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയവും പാർലമെന്ററി സമിതിയും തള്ളി.
സെക്ഷൻ 79 പ്രകാരമുള്ള സുരക്ഷ നഷ്ടമാകുന്നതോടെ പ്ലാറ്റ്ഫോമിലെ ഉള്ളടക്കങ്ങളുടെ പേരിൽ കമ്പനി അധികൃതർക്കെതിരെ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിയമനടപടി സ്വീകരിക്കാനും കേന്ദ്ര സർക്കാരിന് അധികാരം ലഭിക്കും. ചോർച്ചയ്ക്കെതിരെ കർശന നടപടി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് വീഡിയോയാണ് മിനിറ്റുകളോളം ബ്ലോക്ക് ചെയ്യപ്പെട്ടത്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് സമിതി കർശന മുന്നറിയിപ്പ് നൽകി. ഗൂഗിൾ, യൂട്യൂബ്, എക്സ്, ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമുകളും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തിയാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും സമിതി വ്യക്തമാക്കി.
Tags : MarkZukerberg PerimeMinister LatestNews DeepikaNews Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash