വിവരാവകാശ മറുപടിയും അപേക്ഷയും
ആലുവ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് ഡോ. വി.എ. അരുണ്‍ കുമാര്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്ന കാലയളവില്‍ ശമ്പളമായി കൈപ്പറ്റിയ തുകയെ പറ്റിയുള്ള വിവരം വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാന്‍ കഴിയില്ലെന്ന് ഐഎച്ച്ആര്‍ഡി. ഹൈക്കോടതി അഭിഭാഷകന് അഡ്വ. കുളത്തൂര്‍ ജയ്സിംഗിന് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടി കത്തിലാണ് ഐഎച്ച്ആര്‍ഡിയുടെ നിലപാട്.
ഐഎച്ച്ആര്‍ഡി ഡയറക്ടറായി അരുണ്‍ കുമാര്‍ പ്രവര്‍ത്തിച്ച കാലയളവ് ഏതാണെന്നും അദ്ദേഹം ഓരോ മാസവും കൈപ്പറ്റിയ ശമ്പളം എത്രയാണെന്നും ശമ്പളത്തിന് പുറമെ ആനുകൂല്യമായി കൈപ്പറ്റിയ തുക എത്രയാണെന്നുമുള്ള വിവരമാണ് തേടിയിരുന്നത്.
2023 ജൂണ്‍ മൂന്നാം തീയതി മുതല്‍ 2026 ജൂലൈ ഏഴാം തീയതി വരെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ചാര്‍ജ് ആയി അരുണ്‍ കുമാര്‍ പ്രവര്‍ത്തിച്ചിരുന്നതായും ശമ്പളം എന്നത് ഒരാളുടെ സ്വകാര്യത ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്കുവാന് കഴിയുന്നില്ലെന്നുമാണ് വിശദീകരണം. ഐഎച്ച്ആര്‍ഡിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് ശോഭനയുടെ മറുപടിയാണ് ലഭിച്ചത്. ഡയറക്ടറുടെ അധിക ചുമതലയുമായി ബന്ധപ്പെട്ട് ഒരു ആനുകൂല്യവും ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കൈപ്പറ്റിയിരുന്നില്ലെന്നും ഐഎച്ച്ആര്‍ഡി വ്യക്തമാക്കുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ പൊതുഖജനാവില്‍ നിന്നും വിനിയോഗിക്കുന്ന പണം സ്വകാര്യതയാകുന്നില്ലെന്നും വിവരാവകാശ നിയമത്തിലെ സ്വകാര്യതയെന്ന നിര്‍വചനത്തെ വിവരങ്ങള്‍ പുറത്ത് വരാതിരിക്കുവാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണെന്ന് അഡ്വ. കുളത്തൂര്‍ ജയ് സിംഗ് ആരോപിച്ചു.
Tags : Achuthanandan RTI salary Deepika DeepikaNewspaper NewsUpdate Headlines