സ്പേസ് എക്സ്
വാഷിംഗ്ടൺ ഡിസി: ശൂന്യാകാശത്ത് അനാഥമായി ഒഴുകിനടന്നിരുന്ന അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ റോക്കറ്റ് ഭാഗം നിയന്ത്രണം വിട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങാനൊരുങ്ങുന്നു. ഫാൽക്കൺ 9 പേടകത്തിന്റെ മുകൾഭാഗമാണിത്. സെക്കൻഡിൽ ഏകദേശം 2.43 കിലോമീറ്റർ (മണിക്കൂറിൽ 8,000 കിലോമീറ്ററിലധികം ) എന്ന അതിവേഗതയിൽ സഞ്ചരിക്കുന്ന റോക്കറ്റിന് ഏകദേശം അഞ്ചു നില കെട്ടിടത്തിന്റെ വലിപ്പവും കുറഞ്ഞത് നാലു ടൺ ഭാരവുമുണ്ട്.
അതേസമയം, ഈ കൂട്ടിയിടി മൂലം ഭൂമിക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയുമില്ലെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും ശാസ്ത്രജ്ഞരും വ്യക്തമാക്കി.
സംഭവിച്ചത് എന്ത്?2025 ജനുവരി 15നാണ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് സ്പേസ് എക്സ് രണ്ട് ലൂണാർ ലാൻഡറുകൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം റോക്കറ്റിന്റെ ആദ്യഘടകമായ ബൂസ്റ്റർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയെങ്കിലും ലാൻഡറുകളെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിച്ച രണ്ടാം ഘടകമായ അപ്പർ സ്റ്റേജ് ദൗത്യത്തിനുശേഷം ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുന്ന റോക്കറ്റ് ഭാഗങ്ങൾ സാധാരണയായി ഭൂമിയുടെ അന്തരീക്ഷത്തിൽ കടക്കുമ്പോൾ കത്തിച്ചാമ്പലാകാറാണു പതിവ്. എന്നാൽ ചന്ദ്രനിലേക്കുള്ള അതിതീവ്ര ദൗത്യങ്ങളിൽ ഇവ സുരക്ഷിതമായി ഒഴിവാക്കാൻ പ്രത്യേക രീതികളാണ് ഉപയോഗിക്കുന്നത്. റോക്കറ്റ് ഉപേക്ഷിച്ചശേഷം സൂര്യന്റെ ഗുരുത്വാകർഷണ ബലവും സൗരപ്രവർത്തനങ്ങളും കാരണമാണ് ഇതു നിയന്ത്രണം വിട്ട് ചന്ദ്രന്റെ ദിശയിലേക്കു മാറിയതെന്ന് സ്പേസ് എക്സ് വക്താവ് വ്യക്തമാക്കി.
ചന്ദ്രനിൽ എന്തുസംഭവിക്കും?
റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങുന്നതോടെ ചന്ദ്രന്റെ ഉപരിതലത്തിൽ 65 മുതൽ 90 അടിയോളം (20 മുതൽ 30 മീറ്റർ വരെ) വ്യാസമുള്ള വലിയൊരു ഗർത്തം രൂപപ്പെടും. റോക്കറ്റ് ഇടിച്ചിറങ്ങുന്നത് 'ഐൻസ്റ്റൈൻ ഗർത്തത്തിന്' സമീപമായിരിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.

നേരിട്ട് കാണാനാകില്ല: ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ ടെലിസ്കോപ്പുകൾ കൊണ്ടോ ഈ ഇടിച്ചിറക്കൽ നേരിട്ടു കാണാൻ കഴിയില്ല. സംഭവസമയത്ത് ചന്ദ്രന്റെ ആ ഭാഗത്ത് വെളിച്ചമുള്ളതിനാൽ ഉണ്ടാകുന്ന പ്രകാശജ്വാല വ്യക്തമാകില്ല. എന്നാൽ കൂട്ടിയിടിയെ തുടർന്നുയരുന്ന പൊടിപടലങ്ങൾ സൂര്യപ്രകാശത്തിൽ തിളങ്ങാൻ സാധ്യതയുണ്ട്.
ബഹിരാകാശ ഗവേഷണത്തിന് സുവർണാവസരം
ചന്ദ്രനിൽ കൃത്രിമ വസ്തുക്കൾ ഇടിച്ചിറങ്ങുന്നത് വളരെ അപൂർവമായ സംഭവമാണ്. അതിനാൽ ഈ കൂട്ടിയിടിയെ ശാസ്ത്രലോകം വലിയ പ്രാധാന്യത്തോടെയാണു വീക്ഷിക്കുന്നത്. നാസയുടെ 'ലൂണാർ റക്കനൈസൻസ് ഓർബിറ്ററും' ദക്ഷിണ കൊറിയയുടെ 'കൊറിയൻ പാത്ത്ഫൈൻഡർ ലൂണാർ ഓർബിറ്ററും' ഇടിയുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കാൻ സജ്ജമായിട്ടുണ്ട്.
റോക്കറ്റ് ചന്ദ്രനിൽ പതിക്കുമ്പോൾ പാറക്കഷണങ്ങളും മണ്ണും ഏകദേശം 800 കിലോമീറ്റർ ദൂരേക്കു വരെ തെറിച്ചു വീഴാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഭാവിയിൽ ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കുന്ന 'ആർട്ടിമിസ്' ദൗത്യങ്ങൾ സംഘടിപ്പിക്കുമ്പോൾ ഇത്തരത്തിലുള്ള ആഘാതങ്ങളിൽനിന്നും ബഹിരാകാശ പേടകങ്ങളെയും ബഹിരാകാശ യാത്രികരെയും എങ്ങനെ സംരക്ഷിക്കാമെന്ന് പഠിക്കാൻ ഈ സംഭവം സഹായിക്കും.
നിലവിൽ ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളും അവശിഷ്ടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ബഹിരാകാശ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുന്നതിനുള്ള പുതിയ വഴികൾ തേടുകയാണ് ശാസ്ത്രജ്ഞർ.
Tags : SpaceX Moon rocket Deepika DeepikaNewspaper NewsUpdate Headlines