പ്രതീകാത്മക ചിത്രം
കണ്ണൂർ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും വ്യാപകമായ വോട്ട് ചോർച്ചയും പുറത്തുവന്നതിന് പിന്നാലെ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടാൻ ധാരണ. വിഭാഗീയ പ്രവർത്തനങ്ങളും ഔദ്യോഗിക സ്ഥാനാർഥിക്കെതിരെയുള്ള രഹസ്യ നീക്കങ്ങളും സംബന്ധിച്ച് അന്വേഷണ കമ്മീഷൻ സമർപ്പിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഈ റിപ്പോർട്ട് നീണ്ട ചർച്ചയ്ക്ക് ശേഷമാണ് അംഗീകരിച്ചത്. അമ്പതിനായിരത്തോളം വോട്ടിന്റെ വൻ ഭൂരിപക്ഷം ഉണ്ടായിരുന്ന പയ്യന്നൂർ മണ്ഡലത്തിൽ സിപിഎമ്മിന്റെ പ്രമുഖ നേതാവ് ടി.ഐ. മധുസൂദനൻ പരാജയപ്പെട്ടത് പാർട്ടിക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപ് പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണനാണ് മണ്ഡലത്തിൽ വിജയിച്ചത്.
വി.കുഞ്ഞികൃഷ്ണന്റെ വിജയം യാദൃശ്ചികമല്ല. പയ്യന്നൂർ ഏരിയാ കമ്മിറ്റിയിലെ ചില പ്രമുഖരുടെ ഒത്തുകളിയും രഹസ്യ പിന്തുണയുമാണ് ഇതിന് കാരെന്നും പാർട്ടി നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഏരിയാ കമ്മിറ്റിയിലെ ചിലർ കുഞ്ഞികൃഷ്ണന് വേണ്ടി രഹസ്യമായി വോട്ട് പിടിക്കുകയും പാർട്ടി വോട്ടുകൾ വ്യാപകമായി മറിച്ചു നൽകുകയും ചെയ്തെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
ഈ ഗുരുതരമായ അച്ചടക്ക ലംഘനവും വിഭാഗീയ പ്രവർത്തനങ്ങളും പാർട്ടിക്ക് സംസ്ഥാനത്ത് തന്നെ വലിയ നാണക്കേടുണ്ടാക്കിയതായി ജില്ലാ കമ്മിറ്റി വിലയിരുത്തി. തുടർന്നാണ് അന്വേഷണ കമ്മീഷൻ ശിപാർശ കർശനമായി നടപ്പിലാക്കാനും ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ സംഘടനാ സംവിധാനം കൊണ്ടുവരാനും തീരുമാനിച്ചത്.
Tags : CPM Payyanur Area Committee Kannur T.I.Madhusoodanan V.K.unjikrishnan