ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കത്തിന്‍റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന രീതി മാറിയേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കീഴ്‌വഴക്കങ്ങളും മാറേണ്ടിവന്നാൽ മാറിയേ തീരൂ. കീഴ്‌വഴക്കമല്ല വലുത്, രാഷ്ട്രീയമാണ് വലുത്, എൽഡിഎഫാണ് വലുത്. എല്ലാ സ്ഥാനങ്ങളും ഒറ്റപ്പാർട്ടിക്ക് എന്ന അവസ്ഥയ്ക്ക് മാറ്റംവന്നേ തീരൂ. സ്ഥാനങ്ങൾ എത്ര വലുതാകട്ടെ, ചെറുതാകട്ടെ, എല്ലാം പങ്കുവയ്ക്കപ്പെടണം.
പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് സിപിഐ പറയുന്നത് എൽഡിഎഫിനെ ശക്തമാക്കാനാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Tags : BinoyVishwam DeputyLeader CPM CPI Deepika DeepikaNewspaper BreakingNews NewsUpdate