കുടുംബശ്രീ അയൽക്കൂട്ടം ഓഫീസെന്ന പേരിൽ റവന്യുഭൂമിയിൽ നിർമിക്കുന്ന കെട്ടിടം.
പള്ളിക്കര: പാക്കം വെളുത്തോളിയിൽ പാതയോരത്തെ റവന്യു ഭൂമി കൈയേറി കെട്ടിടനിർമാണം. കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് ഒത്തുചേരാനുള്ള കെട്ടിടമെന്ന പേരിലാണ് നിർമാണം നടത്തുന്നതെങ്കിലും സിപിഎമ്മിന്റെ പാർട്ടി ഓഫീസാണ് നിർമിക്കുന്നതെന്നാണ് കോൺഗ്രസ്, ബിജെപി നേതാക്കളുടെ ആരോപണം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് ഹൊസ്ദുർഗ് താലൂക്ക് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം ജെസിബിയുമായി സ്ഥലം ഒഴിപ്പിക്കാനെത്തി. എന്നാൽ അഞ്ചുദിവസത്തിനകം കെട്ടിടം പൊളിച്ചുനീക്കാമെന്ന് സിപിഎമ്മിൽ നിന്നുള്ള വാർഡ് മെംബർ ബാലകൃഷ്ണൻ രേഖാമൂലം എഴുതിനൽകിയതോടെ റവന്യു സംഘം മറ്റു നടപടികൾ സ്വീകരിക്കാതെ മടങ്ങി.
ഹൊസ്ദുർഗ് അഡീഷണൽ തഹസിൽദാർ ഗിരീശൻ, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി.വി. ബിജു, പനയാൽ വില്ലേജ് ഓഫിസർ കെ.ഒ. സജി എന്നിവരാണ് റവന്യൂ സംഘത്തിലുണ്ടായിരുന്നത്.
കുടുംബശ്രീ അയൽക്കൂട്ടത്തിനുവേണ്ടി ഇവിടെ ഓഫീസ് നിർമിക്കാൻ റവന്യുവകുപ്പിൽ നിന്നോ മറ്റു സർക്കാർ സംവിധാനങ്ങളിൽ നിന്നോ അനുമതി തേടിയിട്ടില്ല. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല. പരാതി ലഭിച്ചതിനെ തുടർന്ന് റവന്യു അധികൃതർ പരിശോധനയ്ക്കെത്തുമ്പോഴേക്കും കെട്ടിടത്തിന്റെ തറയുടെയും ജനലുകൾ വരെയുള്ള ഭിത്തിയുടെയും നിർമാണം പൂർത്തിയായിരുന്നു.
ഇതിനു മുകളിലുള്ള നിർമാണത്തിനായി സിമന്റ് കട്ടകളും ഇറക്കിയിരുന്നു.
പള്ളിക്കര പഞ്ചായത്തിലെ സിപിഎം കേന്ദ്രമായ വെളുത്തോളിയിലെ കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം പാർട്ടി നിയന്ത്രണത്തിലാണ്. കല്യോട്ട് ഇരട്ട കൊലപാതകം നടന്ന വേളയിൽ പ്രതികളെ ആദ്യം ഒളിപ്പിച്ചു താമസിപ്പിച്ചതും പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയതും ഇവിടെനിന്നായിരുന്നു.
വെളുത്തോളിയിലും സമീപപ്രദേശങ്ങളായ ചെർക്കപ്പാറ, ചെറൂട്ട, തോക്കാനംകവല എന്നിവിടങ്ങളിലും നേരത്തേ സർക്കാർ സ്ഥലങ്ങൾ കൈയേറി കുടുംബശ്രീയുടെയും മറ്റും പേരിൽ സിപിഎം ഓഫീസുകൾ നിർമിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
നേരത്തേയും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതികൾ നൽകിയിരുന്നെങ്കിലും ഇടതുഭരണകാലത്ത് റവന്യു അധികൃതർ നിശബ്ദരാക്കപ്പെടുകയായിരുന്നുവെന്ന് അവർ പറയുന്നു.
പള്ളിക്കര, പുല്ലൂർ-പെരിയ പഞ്ചായത്തുകളിൽ സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭൂമി കൈയേറ്റങ്ങൾക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് റവന്യുമന്ത്രി എ.പി. അനിൽകുമാറിനെ നേരിൽ കാണുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ പറഞ്ഞു.