മൂടക്കൊല്ലിയില്‍ കാട്ടാന നശിപ്പിച്ച വാഴത്തോട്ടം.
സുല്‍ത്താന്‍ ബത്തേരി: മൂടക്കൊല്ലി ക്ഷേത്രത്തിനടുത്തുള്ള കൃഷിയിടങ്ങളില്‍ കഴിഞ്ഞരാത്രി ഇറങ്ങിയ കാട്ടുകൊമ്പന് 200 ഓളം വാഴ നശിപ്പിച്ചു.
മാവത്ത് മോഹന്‍, കുന്നേല്‍ ശ്രീനേഷ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. വിളവെടുപ്പിന് പാകമായ വാഴകളാണ് ആന നശിപ്പിച്ചതെന്ന് ശ്രീനേഷ് പറഞ്ഞു. വാഴയ്ക്കുപുറമേ കാപ്പിച്ചെടികളും കമുകുകളും നശിപ്പിച്ചു.
പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്ഷര്ക്കുണ്ടായത്. "ഒന്നരക്കൊമ്പന്‍’ എന്നറിയപ്പെടുന്ന ആനയാണ് കൃഷിയിടങ്ങളില്‍ എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അര്‍ധരാത്രിയോടെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ ആന രാവിലെയാണ് വനത്തിലേക്ക് മടങ്ങിയത്.
സമീപപ്രദേശമായ മണ്ണുണ്ടിയും ആനശല്യമുണ്ട്. മറ്റൊരു കൊമ്പനാണ് ഇവിടെ നിത്യേനയെന്നോണം എത്തുന്നത്. കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷനും വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനും മുമ്പില്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വനാതിര്‍ത്തിയിലെ തകരാറിലായ വേലികള്‍ നന്നാക്കുമെന്നും ആനകള്‍ പതിവായി കടന്നുവരുന്ന മൂന്ന് കടവുകളില്‍ പുതിയ വേലി സ്ഥാപിക്കുമെന്നും ജനകീയ സമിതിക്ക് വനം ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും നടപടി വൈകുകയാണ്.
രാത്രി വനസേന പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ഫലപ്രദമായ കാട്ടാന പ്രതിരോധത്തിന് ഉതകുന്നില്ല. വനംവകുപ്പ് നല്കിയ ഉറപ്പ് എത്രയും വേഗം പാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews elephant