പ്രതീകാത്മക ചിത്രം
കോഴിക്കോട്: നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രമായ പാളയത്ത് റോഡ് മുറിച്ചു കടക്കാന്‍ സീബ്രാലൈനുകളില്ലാത്തത് കാല്‍നടയാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാളയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് മുറിച്ചു കടക്കുന്നത് ജീവന് പണയം വച്ചുള്ള പോരാട്ടമാണെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു.
രാവിലെയും വൈകീട്ടും തിരക്കേറിയ സമയത്ത് ഇവിടെയെത്തുന്ന സ്ത്രീകളും വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ളവര്‍ വളരെയധികം ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചു കടക്കുന്നത്. സീബ്രാലൈനുകള്‍ മാഞ്ഞുപോയിട്ട് കാലങ്ങളായെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പാളയം പച്ചക്കറി മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ഇതിന് പുറമെ വലുതും ചെറുതമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നു പോകുന്നത്. സീബ്രാലൈനുകള്‍ ഇല്ലാത്തത് വലിയ അപകടത്തിനുള്ള സാധ്യതയാണ് ഉയര്‍ത്തുന്നത്.
പലപ്പോഴും യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വാഹനങ്ങള്‍ നിറുത്തിക്കൊടുക്കാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. തൊട്ടടുത്തുള്ള കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് വരുന്നവരും പാളയം ബസ് സ്റ്റാന്‍ഡ് വഴിയാണ് എത്തുന്നത്. കൈക്കുഞ്ഞുങ്ങളുമായി ഇവിടെ എത്തുന്നവരും റോഡിന് മറുകര എത്താന്‍ ബുദ്ധിമുട്ടുന്നുണ്ട്. പലരും ഏറെ നേരം കാത്തുനിന്ന ശേഷമാണ് റോഡ് മുറിച്ചു കടക്കുന്നത്.
പാളയത്ത് ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കണമെന്നും ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് കോര്‍പറേഷനും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെടണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.