കോഴിപ്പിള്ളി-തങ്കളം ന്യൂ ബൈപ്പാസ് റോഡ് നിർമാണ പുരോഗതി വിലയിരുത്താനെത്തിയ ഷിബു തെക്കുംപുറം എംഎൽഎ
കോതമംഗലം: കോതമംഗലം നഗരത്തിലെ ദീർഘകാല ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന കോഴിപ്പിള്ളി-തങ്കളം ന്യൂ ബൈപ്പാസ് പദ്ധതിയുടെ നിർമാണം സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. ഇതോടനുബന്ധിച്ച് നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാരനും ഷിബു തെക്കുംപുറം എൽഎൽഎ നിർദേശം നൽകി. നിർമാണ പുരോഗതി വിലയിരുത്താൻ സ്ഥലത്തെത്തിയപ്പോഴായിരുന്നു എൽഎൽഎയുടെ നിർദേശം.
കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ 1.75 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമാണമാണ് നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നേറുന്നില്ലെന്ന് വിലയിരുത്തിയ എംഎൽഎ നിർമാണത്തിന് ആവശ്യത്തിന് തൊഴിലാളികളെ വിന്യസിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. മഴയെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളാണ് തൊഴിലാളികളുടെ കുറവിന് കാരണമെന്ന് കരാറുകാരൻ വിശദീകരിച്ചു. ആവശ്യമായ തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും ഉടൻ വിന്യസിച്ച് ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകാരനും എംഎൽഎ നിർദേശം നൽകി.
നിലവിൽ ഏകദേശം 400 മീറ്റർ ഭാഗത്ത് ടാറിംഗ് ഉൾപ്പെടെയുള്ള റോഡ് നിർമാണ ജോലികളും ഐറിഷ്, ഡ്രെയിനേജ് ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികളുമാണ് പൂർത്തിയാകാനുള്ളത്. ഇവ അതിവേഗം പൂർത്തിയാക്കി സെപ്റ്റംബർ അവസാനവാരത്തോടെ ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എംഎൽഎ പറഞ്ഞു.
കോഴിപ്പിള്ളി-തങ്കളം ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. നഗരത്തിലൂടെയുള്ള വാഹനത്തിരക്ക് കുറയുകയും യാത്രാസമയം ലാഭിക്കുകയും സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയും ചെയ്യും.
മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, കൗൺസിലർ ഷിബു കുര്യാക്കോസ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ. ഷാമോൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജൂലിൻ ജോസ്, അസിസ്റ്റന്റ് എൻജിനീയർ ആൻഡ്രൂ ഫെർണണ്ടാസ്, കരാറുകാരൻ എം. അഹമ്മദ് എന്നിവരും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.