പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചിയുടെ ടൂറിസം ഭൂപടത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ പുതുവൈപ്പ് തീരത്തെ, ലോകോത്തര മറൈന്‍ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാന്‍ കൊച്ചിന് പോര്‍ട്ട് അഥോറിറ്റി ഒരുങ്ങുന്നു. പുതുവൈപ്പ് ബീച്ചിനോട് ചേര്‍ന്ന് പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള 35 ഏക്കര്‍ ഭൂമിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നിനാണ് ആലോചന. നൂറു കോടിക്ക് മേലെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി അടുത്ത മാസം ആദ്യം ടെണ്ടര്‍ ക്ഷണിക്കും.
പുതുവൈപ്പിലെ മനോഹരമായ കടല്‍ത്തീരവും നഗരത്തോട് അടുത്തുള്ള ഭൗമശാസ്ത്രപരമായ പ്രത്യേകതയും വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് പോര്‍ട്ട് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഫോര്‍ട്ടുകൊച്ചിയിലും മറൈന്‍ ഡ്രൈവിലും അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.
പദ്ധതിക്കായി തിരിച്ചറിഞ്ഞിരിക്കുന്ന ഭൂമി ദീര്‍ഘകാല ലീസിന് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയാകും പദ്ധതി നടപ്പാക്കുക. ബീച്ച് റിസോര്‍ട്ടുകള്‍, വാട്ടര്‍ഫ്രണ്ട് ഹോട്ടലുകള്‍, ഇക്കോ റിസോര്‍ട്ടുകള്‍, വാട്ടര്‍ സ്പോര്‍ട്സ് കേന്ദ്രങ്ങള്‍, യാച്ചുകള്‍ക്കും വിനോദബോട്ടുകള്ക്കുമായി മറീന, വെല്‍നസ് ടൂറിസം പദ്ധതികള്‍, സാംസ്കാരിക വേദികള്‍, റസ്റ്ററന്റുകള്‍, കഫേകള്‍ എന്നിങ്ങനെ ടുറിസത്തിന് ഊന്നല്‍ നല്കുന്ന സൗകര്യങ്ങള്‍ക്ക് ഈ സ്ഥലം വിനിയോഗിക്കാം.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ആവശ്യമായ അനുമതികളും നേടുക എന്നത് കമ്പനികളുടെ ഉത്തരവാദിത്തമായിരിക്കും.
തീരദേശ നിയന്ത്രണ മേഖല (സിആര്‍സെഡ്) നിയമങ്ങളുടെ പരിധിയിലായതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും. തീരദേശ ജൈവവൈവിധ്യത്തിനോ മത്സ്യബന്ധന മേഖലയ്ക്കോ ദോഷകരമായ വികസനം അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.
പദ്ധതി യാഥാര്‍ഥ്യമായാല്‍ കൊച്ചിയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണര്‍വ് ലഭിക്കുന്നതോടൊപ്പം നൂറുകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഹോട്ടല്‍, റസ്റ്ററന്റ്, ഗതാഗതം, വാട്ടര്‍ സ്പോര്‍ട്സ്, പ്രാദേശിക വ്യാപാരം തുടങ്ങിയ അനുബന്ധ മേഖലകളില്‍ വളര്‍ച്ചയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
കൊച്ചിന് പോര്‍ട്ട് അഥോറിറ്റിക്കും ദീര്‍ഘകാല ലീസ് വരുമാനം ഉറപ്പാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.