ന്യൂഡൽഹി: പോലീസുകാരൻ വെടിയുതിർത്തതിനെത്തുടർന്ന് ദ്വാരകയിൽ രണ്ട് തൊഴിലാളികൾക്ക് വെടിയേറ്റു. ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ രണ്ടോടെ ജാഫർപൂർ കലാൻ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പ്രദേശത്തെ ലേബർ കോളനിയിൽ താമസിക്കുന്ന തൊഴിലാളികൾ പാർട്ടിക്കിടെ ബഹളമുണ്ടാക്കിയതാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്. സമീപത്ത് താമസിക്കുന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ബഹളത്തെക്കുറിച്ച് പരാതിപ്പെടുകയും തൊഴിലാളികളുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെ ഉദ്യോഗസ്ഥൻ തന്റെ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയായ പോലീസുകാരൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥനെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.