കൊച്ചി: 19 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാൾ മുര്‍ഷിദാബാദ് സ്വദേശികളായ റഫീഖുല്‍ മൊല്ല (22), മുസ്തഫ മണ്ഡല്‍ (30) എന്നിവരെയാണ് പട്ടിമറ്റം ചൂരക്കോട് ഭാഗത്തു നിന്ന് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഒഡീഷയില്‍ നിന്ന് കിലോക്ക് 5000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ഒരു കിലോയുടെയും രണ്ട് കിലോയുടെയും പാക്കറ്റുകളില്‍ ആക്കിയായിരുന്നു കച്ചവടം.
ഒരു മുറിയില്‍ പ്രത്യേക അറ ഉണ്ടാക്കി അതിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം റഫീഖുല്‍ മൊല്ലയെ 24 കിലോ കഞ്ചാവുമായി നെടുമ്പാശേരിയില്‍ പിടികൂടിയിരുന്നു.
എഎസ്പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ ശിവലാല്‍, എസ്‌ഐമാരായ എം. അഭിജിത്ത്, പി.എം. മുഹമ്മദ്, അബൂബക്കര്‍, എഎസ്‌ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒമാരായ ടി.എ. അഫ്‌സല്‍, ബെന്നി ഐസക്ക്, റോബിന്‍ ജോയി, സിപിഒമാരായ ഒ.എസ്. ബിപിന്‍ രാജ്, എബി ഗോപാലന്‍, ടോമി തോമസ്, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.