പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിൽ വിദ്യാർഥിപ്രക്ഷോഭകരെ മയക്കുമരുന്നു കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസുകാരനു സസ്പെൻഷൻ. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് ഡ്രൈവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണു നടപടി.
പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായത് തീർത്തും തെറ്റായ നടപടിയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പോലീസുകാരനെതിരേ ഉടനടി നടപടിയുണ്ടായ തായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
വിവാദമായ 25 സെക്കൻഡ് വീഡിയോയിൽ പോലീസുകാരൻ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതു കാണാം. "നിങ്ങളെ വീണ്ടും ഇവിടെക്കാണാൻ ഇടയായാൽ 50 ഗ്രാം പൗഡർ നിങ്ങളുടെ പോക്കറ്റിൽ തിരുകും. നിങ്ങൾക്ക് ജാമ്യംപോലും കിട്ടില്ല. ജീവിതം ഇല്ലാതാകും. നിങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്''- വീഡിയോയിൽ പോലീസുകാരൻ പറയുന്നു.
ജനാധിപത്യപരമായ എതിർപ്പുകളെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ "കാക്കി ഗുണ്ടായിസം’നടത്തുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. വീഡിയോ ദൃശ്യങ്ങൾ ശരിയാണെങ്കിൽ, ഇത് വിദ്യാർഥികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമം മാത്രമല്ല, ജനാധിപത്യ അവകാശങ്ങൾക്കു നേരേയുള്ള നേരിട്ടുള്ള ആക്രമണമാണ്.
വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഭീഷണികളിലൂടെയല്ല, ഉത്തരവാദിത്വത്തോടെയാണു മറുപടി നൽകേണ്ടതെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് പ്രതികരിച്ചു.
ജനാധിപത്യത്തിലെ കറുത്ത പാടാണിതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ പറഞ്ഞു. വിദ്യാർഥികൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും മുംബൈ പോലീസ് കമ്മീഷണർക്കും കോൺഗ്രസ് നിവേദനം നൽകി.
കോക്രോച്ച് ജനതാ പാർട്ടിയുടെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെയാണു പോലീസ് ഭീഷണിപ്പെടുത്തിയത്.
Tags : Policeman suspended Mumbai threatening Student Protesters DrugCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash