Kerala
കൊച്ചി : കോതമംഗലം സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ഫേയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയ അർജുൻ ആയങ്കിക്കെതിരെ പോലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമാധാനമായി പെന്ഷന് വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ പോസ്റ്റ്.
കോതമംഗലത്ത് സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ അര്ജുന് ആയങ്കിയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലായിരുന്നു അര്ജുന് ആയങ്കിയുടെ ഭീഷണി പോസ്റ്റ്. കോതമംഗലം സര്‍ക്കിള്‍ ഏമാന് തുറന്ന കത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്ജുന് ആയങ്കിയുടെ പോസ്റ്റ്.
ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടിയെന്നാണ് അര്ജുന് ആയങ്കി പോസ്റ്റില്‍ പറഞ്ഞത്. പോലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും തങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും അര്ജുന് ആയങ്കി പോസ്റ്റില്‍ പറഞ്ഞിരുന്നു.
Kerala
പത്തനംതിട്ട: പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യൂട്യൂബർമാർ അറസ്റ്റിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്ക് എതിരെ അടൂർ പോലീസ് കേസ് എടുത്തു.
ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും, പുനലൂർ, അഞ്ചൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം, കണ്ടാലറിയാവുന്ന ഒരാൾ എന്നീ ആറുപേർക്കെതിരെയാണ് കേസ്.
അഗ്നി (33) , അനീഷ് (35) എന്നിവരാണ് പിടിയിലായത്. പോലീസ് വഴി വീഡിയോ കിട്ടിയെന്നും 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.
പോക്സോ കേസിലെ പ്രതിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Kerala
ആലപ്പുഴ: ചെങ്ങന്നൂർ വെൺമണി സ്വദേശിയിൽ നിന്ന് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് തമിഴ്നാട് സ്വദേശികൾ പിടിയിലായി. സെന്തിൽ, മണികണ്ഠൻ, തമിഴരശൻ, സെൽവൻ എന്നിവരെയാണ് വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.
വെൺമണി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റിട്ടയേർഡ് ഉദ്യോഗസ്ഥയെ 2024 ഏപ്രിലിൽ മുംബൈയിലെ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.
സൈബർ തട്ടിപ്പുകേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
പ്രതികൾ പണം തട്ടാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Movies
നടൻ കൂട്ടിക്കൽ ജയചന്ദ്രനെ വിമർശിച്ച യുവതിക്ക് എതിരെ നടന്റെ ഭാര്യ അയച്ച ശബ്ദ സന്ദേശം പുറത്ത്.
സരിത സരിൻ എന്ന യുവതിയാണ് നടന്റെ ഭാര്യ ബസന്തി അയച്ച ശബ്ദ സന്ദേശം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വെറുതെ പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കരുതെന്നും തന്റെ ഭർത്താവിന്റെ കാര്യം താൻ നോക്കിക്കോളാം എന്നാണ് ബസന്തി യുവതിക്ക് അയച്ച വോയിസ് ക്ലിപ്പിൽ പറയുന്നത്.
"ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ ഞങ്ങൾ തീർത്തോളാം മോളേ, ഞാൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയാണ്. നീ ഇപ്പോൾ പൊക്കിക്കൊണ്ട് നിൽക്കുന്നുണ്ടല്ലോ, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്, ഒരാൾ ഒരു പോസ്റ്റ് ഇട്ടാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുക. അത് മനസിലായില്ലെങ്കിൽ മിണ്ടാതിരിക്കുക, എന്തിനാ വെറുതെ ഓരോന്നു പറഞ്ഞ് പ്രാക്ക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കുന്നത്. എന്റെ ഭർത്താവിന്റെ കാര്യം ഞാൻ നോക്കിക്കോളാം, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്'- എന്നാണ് ബസന്തി ശബ്ദസന്ദേശത്തിൽ പറയുന്നത്.
ഒരു കുറിപ്പിനൊപ്പമാണ് സരിത സരിൻ ശബ്ദസന്ദേശം പുറത്തുവിട്ടത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പത്രിക തള്ളാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ടെന്നും സതീശൻ കുറ്റപ്പെടുത്തി. ഇതിനെ നിയമ പരമായി നേരിടും എന്നും വിഡി സതീശൻ പറഞ്ഞു.
"സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുകയാണ് സിപിഎം.
കണ്ണൂരിലേത് എതിര് സ്ഥാനാര്‍ഥികളെയോ എതിര് രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎം കാടത്തമാണ്.'-സതീശൻ പറഞ്ഞു.
സ്വന്തം ജില്ലയിലും വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി. ഗോവിന്ദനുമാണോ ഫാസിസ്റ്റ് വിരുദ്ധ ക്ലാസെടുക്കുന്നത്? യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളാന്‍ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു എന്നും സതീശൻ ഒരിക്കൽ കൂടി പറഞ്ഞു.
Kerala
പാലക്കാട്: സിപിഎം മുൻ ഏരിയാസെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ലാ സെകെട്ടറി ഇ.എൻ. സുരേഷ് ബാബു.
സിപിഎം നേതാവിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഭീഷണി വരാൻ പാടില്ലാത്തതാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോട് എങ്ങനെയൊക്കെയാണ് സംസാരിക്കേണ്ടതെന്നും ജാഗ്രതയോടെയും പെരുമാറേണ്ടതെന്നെതിനെ കുറിച്ചും വ്യക്തത വേണം. അത് മനസിലാക്കി പെരുമാറിയില്ലെങ്കിൽ പരിശോധിക്കും.
ഇതെല്ലാം ഞങ്ങൾ പരിശോധിക്കുന്നുണ്ട്. ഇല്ലാത്ത കഥകളാണ് മെനഞ്ഞുണ്ടാക്കുന്നതെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറിയെ ആണ് സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്. തുടര്‍ന്ന് ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്നാണ് ജംഷീര്‍ പറയുന്നത്.
അതേസമയം, പത്രിക പിൻവലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും വി.ആർ. രാമകൃഷ്ണൻ പറഞ്ഞു.
Kerala
കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവിൽ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്കെതിരെ നടപടി.
പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജുവിനെ സസ്പെൻഡ് ചെയ്തു. തട്ടിയെടുത്ത പണത്തില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കേസിൽ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം ശക്തമാക്കി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബൈജുവും സംഘവും ചേർന്ന് നാലുലക്ഷം രൂപ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു.
ബൈജുവിന്റെ കൂട്ടാളിയെ പോലീസ് പിടികൂടിയിട്ടുണ്ട്. സ്പാ നടത്തുന്ന യുവതിയും ഒളിവിലാണ്. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന യുവതി മാല നഷ്ടമായ കാര്യം പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും, പോലീസുകാരൻ എടുത്തു കൊണ്ടുപോയതാണെന്ന് ആരോപിക്കുകയും ചെയ്തു.
പിന്നാലെ എസ്ഐയും സംഘവും പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
Kerala
കൊച്ചി: സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിവിൽ പോലീസ് ഓഫീസറിൽ നിന്നും പണം കവർന്ന എസ്ഐക്കെതിരെ കേസ്.
പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജുവാണ് സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത്. സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതായിരുന്നു. ഇവർ ഇക്കാര്യം സിപിഒയെ വിളിച്ച് അറിയിച്ചു.
തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്ഐ ബിജു ഇടപെടുന്നത്.
പണം നൽകണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്ഐ ബിജു സിപിഒയോട് പറഞ്ഞു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു.
കബളിക്കപ്പെട്ടു എന്ന് സംശയം തോന്നിയതിനെ തുടർന്ന് സിപിഒ പാലരിവട്ടം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
പിന്നാലെ എസ്ഐയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ പ്രതികളാണ്. ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.