അര്‍ജുന്‍ ആയങ്കി
കൊച്ചി: ഒളിവിലിരുന്ന് ഊന്നുകല്‍ സിഐയെ ഭീഷണിപ്പെടുത്തിയ അര്‍ജുന്‍ ആയങ്കിക്കെതിരെ ഊന്നുകല്‍ പോലീസ് കേസ് എടുത്തു. പിടിക്കാമെങ്കില്‍ പിടിച്ചോളൂ എന്ന ഭീഷണിക്ക് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ പുതിയ കേസ് എടുത്തിരിക്കുന്നത്.
കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ താന്‍ കീഴടങ്ങാമെന്ന് പറഞ്ഞ് അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഊന്നുകല്‍ സിഐയ്ക്ക് സന്ദേശം അയക്കുകയും എന്നാല്‍ തന്നെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് വെല്ലുവിളിക്കുകയാണ് എന്നുമാണ് അര്‍ജുന്‍ ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്.
ഇനി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. നിനക്ക് പിടിക്കാന്‍ പറ്റുമെങ്കില്‍ നീ വന്ന് പിടിച്ചോളൂ. ഞാന്‍ എവിടെയുണ്ടെങ്കിലും നീ വന്ന് പിടിച്ചോളൂ എന്നാണ് അര്‍ജുന്‍ പറയുന്നത്. അതേസമയം, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്‍ജുന്‍ ആയങ്കിയെ അടക്കം ആറു പേരെ മേയിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്‍റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.
ഈ കേസില്‍ 21 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ കോതമംഗലം സിഐ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയത്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പോസ്റ്റ്. കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.
ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടി. പോലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. തങ്ങളിത്ര പേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്‌മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
Tags : ArjunAyanki Threatening Case