നെതർലൻഡ്സിലെ ഉട്രെക്ട് യൂണിവേഴ്സിറ്റി ലൈബ്രറിയിൽനിന്നു കണ്ടെത്തിയ 'ഒഡീസി'യുടെ ഭാഗം.
ഇതിഹാസകാവ്യം ഹോമറിന്റെ 'ഒഡീസി'യുമായി ബന്ധപ്പെട്ട പുതിയ വാർത്ത ലോകമെന്പാടുമുള്ള വായനാസമൂഹത്തിന് അദ്ഭുതമായി! ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഗ്രീക്ക് ഇതിഹാസത്തിന്റെ ദൃശ്യാവിഷ്കാരം ആഗോള ബോക്സ്ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിച്ചതിനു പിന്നാലെ വന്ന വാർത്ത വലിയ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. 1,700 വർഷത്തോളം പഴക്കമുള്ള 'ഒഡീസി'യുടെ കോപ്പിയുടെ ഭാഗം കണ്ടെത്തിയിരിക്കുന്നു!
നെതർലൻഡ്സിലെ ഉട്രെക്ട് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ പുരാതന രേഖകൾ പരിശോധിക്കുന്നതിനിടെ, ഗ്രീക്ക് ഭാഷാ വിദഗ്ധനായ മാർക്ക് ഡി ക്രെയിനാണ് അപൂർവ നിധി ലഭിച്ചത്. 'ഒഡീസി'യുടെ 1,700 വർഷത്തോളം പഴക്കമുള്ള അപൂർവ കോപ്പിയുടെ ഭാഗം. മൂന്ന് ഇഞ്ച് മാത്രം വലിപ്പമുള്ള തോലിൽ (മൃഗങ്ങളുടെ ചർമം പ്രത്യേക രീതിയിൽ സംസ്കരിച്ചെടുത്താണ് ഹെലെനിസ്റ്റിക്/റോമൻ കാലഘട്ടങ്ങളിൽ എഴുതാനായി ഉപയോഗിച്ചിരുന്നത്) എഴുതിയ ഭാഗമായിരുന്നു അത്. ഈജിപ്റ്റിൽനിന്നുള്ള ക്രൈസ്തവ രേഖകൾക്കിടയിൽ മറഞ്ഞുകിടക്കുകയായിരുന്നു അത്. കേടുപാടുകൾ സംഭവിച്ചതും നിറം മങ്ങിയതുമായ ഈ കഷ്ണത്തിൽ വളരെ ചെറിയ, വ്യക്തമായ ഗ്രീക്ക് അക്ഷരങ്ങളിലാണു വരികൾ എഴുതിയിരിക്കുന്നത്. 'ഒഡീസി'യുടെ പന്ത്രണ്ടാം ഭാഗമാണ് ഇതെന്ന് ക്രെയ് സ്ഥിരീകരിച്ചു.
കണ്ടെത്തിയ വരികളിൽ, സൂര്യദേവനായ ഹീലിയോസിന്റെ വിശുദ്ധ പശുക്കളെ ഒഡീസിയസിന്റെ കൂട്ടാളികൾ കൊല്ലുന്നതും അതറിഞ്ഞ് ഹീലിയോസ് രോഷാകുലനാകുന്നതും തുടർന്നുള്ള സന്ദർഭങ്ങളുടെ ഭാഗവുമാണുള്ളത്. തുടർന്ന്, സ്യൂസ് ദേവൻ കൊടുങ്കാറ്റയച്ച് കപ്പൽ തകർക്കുകയും ഒഡീസിയസ് ഒഴികെ ബാക്കി എല്ലാവരും കൊല്ലപ്പെടുകയും ചെയ്യുന്നു.
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ ഫായൂം ഒയാസിസിൽ ജീവിച്ചിരുന്ന സവിശേഷ വ്യക്തി ഉപയോഗിച്ചിരുന്ന പുസ്തകത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണു നിഗമനം. അക്കാലത്തെ പുസ്തകരൂപത്തിലുള്ള 'ഒഡീസി'യുടെ അപൂർവം ഭാഗങ്ങളിലൊന്നാണിത്. മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ഉള്ള ഇത്തരം മുപ്പതോളം ഭാഗങ്ങൾ മാത്രമേ ലോകത്താകെ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ.
Tags : InternationalNews Homer TheOdyssey UtrechtUniversity DutchArchives