x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തായ്‌വാന് ആയുധം നല്കാതിരുന്നാൽ ഇറാനെക്കൊണ്ട് യുദ്ധം നിർത്തിക്കാമെന്ന് ഷി; ട്രംപ് സമ്മതിക്കുമോ?

വെബ് ഡെസ്ക്
Published: September 22, 2026 05:09 PM IST | Updated: September 22, 2026 05:38 PM IST

ട്രംപു ഷിയും (ഫയൽ ചിത്രം)

വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാൻ ഇറാനുമേൽ സമ്മർദം ചെലുത്താമെന്ന് ചൈന അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ട്. ഇതിനു പകരമായി തായ്‌വാന് ആയുധം നല്കുന്നത് അമേരിക്ക അവസാനിപ്പിക്കണം.

പതിറ്റാണ്ടിനുശേഷം വൈറ്റ്ഹൗസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ഇക്കാര്യം നേരിട്ടറിയിക്കുമെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ആരംഭിക്കുന്ന സന്ദർശനം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. വെള്ളിയാഴ്ച നാഷണൽ ആർക്കൈവ്‌സിൽ ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും തായ്‌വാൻ‌ വിഷയം ഷി പരാമർശിക്കുക.

തായ്‌വാന് ആയുധം നല്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ചൈനയും 1982ൽ ഒപ്പുവച്ച സംയുക്ത പ്രഖ്യാപനത്തിലെ ചില നിബന്ധനകൾ ട്രംപിനെ ഷി ഓർമിപ്പിക്കുമെന്നാണ് ചില ഉന്നത വൃത്തങ്ങൾ പറഞ്ഞത്.

തായ്‌വാന് ആയുധം നല്കുന്നത് ക്രമേണ കുറയ്ക്കുമെന്നും ദീർഘകാലത്തേക്ക് അയുധം നല്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അമേരിക്ക പ്രഖ്യാപനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്‌വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്‌വാനെ പിടിച്ചെടുക്കുമെന്നുള്ളത് ചൈനയുടെ ഔദ്യോഗിക നയമാണ്.

നയതന്ത്രതലത്തിൽ അമേരിച്ച ചൈനയെയാണ് അംഗീകരിക്കുന്നതെങ്കിലും വർഷങ്ങളായി തായ്‌വാന് ആയുധങ്ങൾ വിൽക്കുന്നുണ്ട്. തായ്‌വാന്‍റെ സ്വയം പ്രതിരോധത്തിന് സഹായം നല്കണമെന്ന നിയമവും അമേരിക്ക പാസാക്കിയിട്ടുള്ളതാണ്.

തായ്‌വാനുള്ള ആയുധ വിൽപ്പന ചൈന-യുഎസ് ബന്ധത്തിലെ പ്രധാന കല്ലുകടിയാണ്. യുഎസ്-ചൈന ബന്ധത്തിലെ ഏക പ്രശ്നം തായ്‌വാനാണെന്ന് ഷി ചിൻപിംഗ് ട്രംപിനെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഓർഡർ നല്കിയിട്ടുള്ള ആയുധങ്ങൾ പോലും തായ്‌വാനു നല്കരുതെന്നാണ് ചൈന ആവശ്യപ്പെടുന്നത്.

ഇതിനു പകരമായി പശ്ചിമേഷ്യാ പ്രശ്നം അവസാനിപ്പിക്കാൻ ചൈനയുടെ സഹായം ട്രംപിന് ഷി വാഗ്ദാനം ചെയ്യുന്നു. ഇറാനുമേൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള അപൂർവം രാജ്യങ്ങളിലൊന്നാണ് ചൈന. പാശ്ചാത്യ ഉപരോധത്തിൽ വലയുന്ന ഇറാന്‍റെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈന.

നവംബറിൽ അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഇറാൻ യുദ്ധം പ്രതിഫിലിക്കുമെന്ന പ്രവചനങ്ങളിൽ ആശങ്കപ്പെട്ടിരിക്കുന്ന ട്രംപ് ചൈനീസ് പ്രസിഡന്‍റിന്‍റെ വാഗ്ദാനത്തോട് അനുകൂലമായി പ്രതികരിക്കുമോ എന്നതിൽ വ്യക്തതയില്ല. തായ്‌വാന് ഏറ്റവും കൂടുതൽ ആയുധം വിറ്റ അമേരിക്കൻ പ്രസിഡന്‍റ് എന്ന ഖ്യാതി ട്രംപിനുണ്ട്.

 

Tags : Xi Jinping Trump Taiwan China

Recent News

Corehub Up