ടെക്നോളജി വിഭാഗം ഓഹരികളിൽ അലയടിച്ച വില്പന സമ്മർദം അമേരിക്കൻ മാർക്കറ്റായ നാസ്ദാക്കിനെ പിടിച്ചുലച്ചത് യൂറോ- ഏഷ്യൻ ഓഹരി ഇൻഡക്സുകളെ പ്രകമ്പനം കൊള്ളിച്ചു.
അധിക താരീഫ് ഭീഷണി മുഴക്കിയ ശേഷം ആദ്യമായാണ് ഏറ്റവും കനത്ത തകർച്ചയെ പിന്നിട്ടവാരം അമേരിക്കൻ മാർക്കറ്റ് അഭിമുഖീകരിച്ചത്. പതിമൂന്ന് മാസത്തിനിടയിലെ ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. സെമി കണ്ടക്ടർ ഓഹരികൾക്കു വൻ തകർച്ച സംഭവിച്ചു.
ബോണ്ട് യീൽഡുകൾ കുത്തനെ ഉയർന്നതോടെ ബോണ്ട് വിലകൾ താഴ്ന്നു, ഇതിനിടയിൽ നിക്ഷേപകർ കൈവിട്ടത് സ്വർണത്തിന്റെയും വെള്ളിയുടെയും തിളക്കത്തിനു മങ്ങലേല്പിച്ചു. ക്രിപ്റ്റോ കറൻസികളിൽ ശക്തമായ വില്പന സമ്മർദം ദൃശ്യമായി. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിനും കാലിടറി.
നിക്ഷേപകർക്ക് അപായ സൂചന നൽകുന്ന സിബിഒഇ വോളാറ്റിലിറ്റി ഇൻഡക്സ് ഏകദേശം 40 ശതമാനം ഉയർന്നു, വിപണിയിൽ അനിശ്ചിതത്വം ശക്തമായതാണ് ഇത്തരം ഒരു കുതിപ്പിലേക്ക് സൂചിക തിരിയാൻ മുഖ്യ കാരണം.
വിദേശത്തു നിന്നുള്ള പ്രതികൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിച്ചു. ബോംബെ സെൻസെക്സ് 562 പോയിന്റും നിഫ്റ്റി സൂചിക 181 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ബ്ലൂചിപ്പ് ഓഹരികളിലെ വില്പന തരംഗം നിഫ്റ്റി സൂചികയെ പിടിച്ചുലച്ചു. 23,547ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച വിപണി ഒരവസരത്തിൽ 23,329 ലെ ആദ്യ സപ്പോർട്ട് തകർത്ത് 23,151ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം അല്പം കരുത്ത് തിരിച്ചുപിടിച്ച് 23,366ൽ ക്ലോസിംഗ് നടന്നു.
സൂചികയ്ക്ക് അതിന്റെ 50, 100 ആഴ്ചകളിലെ ശരാശരിക്ക് മുകളിൽ പിടിച്ചുനിൽക്കാനാകാഞ്ഞത് ദുർബലാവസ്ഥയെ വ്യക്തമാക്കുന്നു, മുൻ വാരം സൂചിപ്പിച്ചതാണ് ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് ഒരുങ്ങുന്നവർ രണ്ട് തവണ ഇരുത്തിച്ചിന്തിക്കുന്നത് അഭികാമ്യമെന്ന്. അതേസമയം, ദീർഘകാല നിഷേപകർക്കു നിലവിലെ സാങ്കേതിക തിരുത്തൽ മികച്ച നിഷേപങ്ങൾക്കുള്ള അവസരമാക്കി മാറ്റാനാവും.
ഈവാരം നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട് 23,100 പോയിന്റിലാണ്, വില്പന സമ്മർദത്തിൽ വിപണി ആടിയുലയുന്ന സാഹചര്യമുണ്ടായാൽ തിരുത്തൽ 22,834 - 22,252 റേഞ്ചിലേക്ക് നീളാം. അതേസമയം, തിരിച്ചുവരവിനു മുതിർന്നാൽ 23,682 – 23,998 പോയിന്റിൽ പ്രതിരോധമുണ്ട്.
സെൻസെക്സ് 75,000 പോയിന്റിനു മുകളിൽ സ്ഥിരതയ്ക്ക് നടത്തിയ ശ്രമം വീണ്ടും പരാജയപ്പെട്ടു. 74,775 പോയിന്റിൽ നിന്നും തുടക്കത്തിൽ 75,190 വരെ കയറിയ വേളയിൽ മുൻ നിര ഓഹരികളിൽ അലടയിച്ച വില്പന സമ്മർദത്തിൽ സൂചിക 73,549ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം അല്പം മെച്ചപ്പെട്ട് 73,243ലാണ്. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ സെൻസെക്സ് 73,464 – 72,686 റേഞ്ചിലേക്ക് പരീക്ഷണങ്ങൾ നടത്താം. താഴ്ചയിൽനിന്നും തിരിച്ചുവരവിനു മുതിർന്നാൽ 75,105ൽ ആദ്യ പ്രതിരോധം തലയുയർത്തും.
വിദേശ ഫണ്ടുകളുടെ വില്പന തുടർന്നു. പിന്നിട്ടവാരം 31,114.47 കോടി രൂപയുടെ ഓഹരികൾ വിറ്റു. മേയ് മാസം ഏകദേശം 55,000 കോടി രൂപയുടെയും ഏപ്രിലിൽ 60,847 കോടി രൂപയുടെയും ഓഹരികളാണ് അവർ വിറ്റത്. നടപ്പ് വർഷം ഫെബ്രുവരി ഒഴിക്കെ എല്ലാ മാസങ്ങളിലും വിദേശ ഇടപാടുകാർ വില്പനയ്ക്ക് മുൻതൂക്കം നൽകി. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞവാരം 33,933.05 കോടി രൂപ നിക്ഷേപിച്ചു.
വിദേശ നിക്ഷേപകർക്ക് സർക്കാർ ബോണ്ടുകളിലേക്കുള്ള പ്രവേശനം ധനമന്ത്രാലയം സുതാര്യമാക്കി. വർഷങ്ങളായുള്ള നികുതി സംബന്ധമായ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാവും. പൊതുമേഖല കമ്പനികൾക്ക് വിദേശ വായ്പാ പ്രോത്സാഹനവും ലഭ്യമായി. പലിശയെ മാത്രം ആശ്രയിക്കാതെ, ആർബിഐ മൂലധന അക്കൗണ്ട് വഴി സാമ്പത്തിക സ്ഥിരത സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.
വായ്പാ അവലോകനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി, ഒപ്പം വിദേശ നാണയ ഒഴുക്ക് വർധിപ്പിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചതും രൂപയ്ക്ക് ശക്തി പകർന്നു. 94.73ൽനിന്നും 95.80ലേക്ക് ദുർബലമായ രൂപ വാരാവസാനം 94.88ലേക്ക് ശക്തിപ്രാപിച്ച ശേഷം ക്ലോസിംഗിൽ 94.93ലാണ്.
ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ക്രൂഡ് ഓയിൽ വിതരണ ആശങ്കയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ അവധി വില ബാരലിന് 98.99 ഡോളർ വരെ ഉയർന്നു. വിലക്കയറ്റത്തിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു നീക്കം നടത്തിയ അവസരത്തിൽ എണ്ണ ഉത്പാദനം ഉയർത്തുമെന്ന സൂചനകൾ ഒപെക്കിൽനിന്നും വന്നത് വില്പന സമ്മർദത്തിന് ഇടയാക്കി. വാരാന്ത്യം നിരക്ക് 93.10 ഡോളറിലേക്ക് താഴ്ന്നു.
സ്വർണ വില താഴാൻ സാധ്യത
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് അഞ്ച് ശതമാനം ഇടിഞ്ഞു. 4540 ഡോളറിൽ നിന്നു മഞ്ഞലോഹം 4311ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 4328 ഡോളറിലാണ്. മുൻ വാരം സൂചന നൽകിയതാണ് സാങ്കേതികമായി വീക്ഷിച്ചാൽ വില 3800 -3600 ഡോളറിലേക്ക് വരും മാസങ്ങളിൽ താഴാനുള്ള സാധ്യത.
എംസിഎക്സ് ഓഗസ്റ്റ് അവധി വില മൂന്ന് ശതമാനം ഇടിഞ്ഞ് പത്ത് ഗ്രാമിനു 1,55,594 രൂപയായി. വിപണി സാങ്കേതികമായി ദുർബലമാണ്. 21, 50 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്നാണു സ്വർണത്തിന്റെ അവധി വ്യാപാരം അവസാനിച്ചത്. നിരക്ക് 1,52,000 രൂപയിലേക്ക് താഴാം. ഈ അവസരത്തിൽ പുതിയ ബയർമാർ കടന്നുവന്നാൽ 1,57,000ലേക്ക് തിരിച്ചുവരവ് നടത്താം.