ചെന്നൈ: ആൻഡമാൻ ദ്വീപിനോടു ചേർന്നുള്ള സമുദ്രതീരത്ത് വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി.
ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണത്തിലാണ് ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ ആകലെയുള്ള വിജയപുരം 3 എന്ന പര്യവേക്ഷണ കിണറിൽ വാതകശേഖരം കണ്ടെത്തിയത്.
ഈ ഭാഗത്തു സമുദ്രത്തിന് 355 മീറ്ററാണ് ആഴം. സമുദ്രനിരപ്പിനു താഴെ 1900 മീറ്ററിലധികം ആഴത്തിൽ നടത്തിയ ഡ്രില്ലിംഗിലാണ് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
2025 സെപ്റ്റംബറിൽ വിജയപുരം 2 പര്യവേക്ഷണ കിണറിലും വാതകശേഖരം കണ്ടെത്തിയിരുന്നു. ആൻഡമാൻ ബേസിനിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണങ്ങളിൽ നിലവിൽ കുഴിച്ച മൂന്നു കിണറുകളിൽ രണ്ടെണ്ണത്തിലും ഹൈഡ്രോകാർബൺ സാന്നിധ്യം കണ്ടെത്താനായതു വലിയ നേട്ടമാണ്.
വാതകത്തിന്റെ കണ്ടെത്തൽ രാജ്യത്തിന്റെ ഊർജസുരക്ഷയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പെട്രോളിയം- പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സമുദ്രാന്തര പര്യവേക്ഷണ പദ്ധതിയായ സമുദ്ര മന്ഥൻ ദൗത്യത്തിലാണ് നിർണായക നേട്ടം കൈവരിച്ചത്. 2025ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സമുദ്ര മന്ഥൻ മിഷൻ. രാജ്യത്തെ ആഴക്കടൽ എണ്ണ- വാതക നിക്ഷേപങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുകയെന്നതാണ് സമുദ്ര മന്ഥൻ മിഷന്റെ ലക്ഷ്യം.
നിലവിൽ കണ്ടെത്തിയ വാതകത്തിന്റെ ഘടന, ഗുണനിലവാരം, കലോറി മൂല്യം എന്നിവ പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചുവരികയാണ്. രാജ്യാന്തര ആഴക്കടൽ പര്യവേക്ഷണ വിദഗ്ധരുടെ സഹായത്തോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
കൂടുതൽ ആഴക്കടൽ പര്യവേക്ഷണങ്ങൾ നടത്താൻ രാജ്യാന്തര വിദഗ്ധരുടെ സഹകരണം തേടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യവേക്ഷണം നടക്കുന്നുണ്ട്. ഊർജാവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പര്യവേക്ഷണം ഊർജിതമാക്കിയത്. ഇതിന്റെ ഭാഗമായി മുന്‍പ് ശ്രമിച്ച് ഉപേക്ഷിച്ച പര്യവേക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
കല്‍ക്കരി, പെട്രോളിയം എന്നിവയെ അപേക്ഷിച്ച് മലിനീകരണം കുറഞ്ഞ ഇന്ധനമാണ് പ്രകൃതിവാതകം. 2030ഓടെ രാജ്യത്തിന്റെ ആകെ ഊർജ ഉപഭോഗത്തില്‍ പ്രകൃതിവാതകത്തിന്റെ പങ്ക് 6%ല്‍ നിന്നും 15% ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുണ്ട്. ഈ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ ആന്‍ഡമാനിലെ കണ്ടെത്തല്‍ സഹായിക്കും.
Tags : natural gas reserves Andaman coast discovered